റണ്‍ കേരള റണ്‍ എന്നായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുഴങ്ങിക്കേട്ട മുദ്രാവാക്യം. ദേശീയ ഗെയിംസിന് പിന്തുണ പ്രഖ്യാപിച്ച് കേരള സമൂഹം തിരുവനന്തപുരം മുതല്‍ എല്ലാ ജില്ലകളിലും കൂട്ടയോട്ടം നടത്തി.
ഇപ്പോള്‍ അഴിമതിയുടെ ആരവം മാത്രം മുഴങ്ങുന്ന കേരളത്തില്‍നിന്നും കൂട്ടയോട്ടം നടത്തി എങ്ങനെ രക്ഷപ്പെടാമെന്ന ചിന്തയിലാണ് ജനങ്ങള്‍. അഴിമതിക്കെതിരെ, സദാചാര വിരുദ്ധതക്കെതിരെ, സമൂഹത്തില്‍ എന്തെല്ലാം അപചയങ്ങളുണ്ടാവാമോ അതെല്ലാം രംഗപ്രവേശം ചെയ്തിരിക്കുന്ന ഇക്കാലത്ത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് നാം കൂട്ടമായി ഓടി മറയേണ്ടിവരുമോ?
ധന-നിയമമന്ത്രി കെ.എം.മാണിക്ക് അഞ്ച് കോടി രൂപ കോഴകൊടുത്തു എന്നും മറ്റു ചില മന്ത്രിമാര്‍ക്ക് കൈക്കൂലി കൊടുത്തു എന്നുമാണ് ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശിന്റെ തുടര്‍ച്ചയായുള്ള ആരോപണം.
ദൃശ്യമാധ്യമങ്ങളിലെ സമയം മുഴുവന്‍ കയ്യടക്കി, കുട്ടികളുടെ കലാസന്ധ്യകളെയും ദേശീയ ഗെയിംസിനെയുമെല്ലാം കാര്മേഘത്തിനടിയിലാക്കുകയുണ്ടായി ഈ ആരോപണം. ദൃശ്യമാധ്യമ പ്രേക്ഷകര്‍ക്ക് ഓടിരക്ഷപ്പെടാന്‍ സാധിക്കാത്ത വിധം, അവരെ ഞെട്ടിക്കുവാനും ചിന്തിക്കുവാനും കേരളത്തെ ഉപേക്ഷിക്കാന്‍ പോലും തോന്നിപ്പിക്കുന്ന ഉദ്വേഗജനകമായ വെളിപ്പെടുത്തലുകളാണ് ബിജു രമേശ് നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏകപക്ഷീയമായി പ്രഖ്യാപിച്ച ആദര്ശധീരന് വി.എം.സുധീരന് ഇങ്ങനെ ഒരു പ്രത്യാഘാതം പ്രതീക്ഷിച്ചിരിക്കുകയില്ല. ഏതു ജനപ്രിയ നടപടിക്കും കോഴവാങ്ങുന്നവരായി അഭ്യസ്ത കേരളം ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ മാറിയെന്നത് ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.
പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാന്‍ വേണ്ടി ധന-നിയമമന്ത്രിയായ കെ.എം.മാണിക്ക് അഞ്ചുകോടി രൂപ വീട്ടിലും വിമാനത്താവളത്തിലുംവച്ച് കൈമാറി എന്നും ഇത് ബാര്‍ അസോസിയേഷനില്‍ പിരിവ് നടത്തിയും പലിശയ്ക്ക് പണം കൊടുക്കുന്ന ആളില്‍നിന്നും കടംവാങ്ങിയുമാണ് സംഭരിച്ചതെന്നും ബിജു രമേശ് വെളിപ്പെടുത്തുന്നു. ഇക്കാര്യം മാധ്യമങ്ങളുടെ മുമ്പില്‍ തുടര്‍ച്ചയായി ശക്തമായി ഒരാള്‍ പറയുമ്പോള്‍ അത് വിശ്വസിക്കാതിരിക്കാന്‍ കേരളത്തിന്റെ ഭരണതലത്തില്‍ അഴിഞ്ഞാടുന്ന അഴിമതിക്കേസുകള്‍ ജനങ്ങളെ അനുവദിക്കുന്നില്ല.
മദ്യം എന്നും അഴിമതിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഷോപ്പുകളുടെ ലേലം മുതല്‍ രാഷ്ട്രീയക്കാര്‍ക്കു നല്കുന്ന കോഴ വരെ പൊതുഅറിവായിരുന്നിട്ടും വലിയ വിവാദമൊന്നും അത് സൃഷ്ടിച്ചിരുന്നില്ല. ഒരുപക്ഷേ മുന്‍കാലങ്ങളില്‍ തുക ചെറുതായിരുന്നതിനാലാണോ?
എന്നാല്‍ ഇപ്പോള്‍ അഞ്ചുകോടി രൂപ കോഴ വാങ്ങി എന്ന ആരോപണത്തിനു പുറകെ മാണി ബജറ്റുപോലും അഴിമതിക്ക് കളമൊരുക്കിയാണ് തയ്യാറാക്കിയിരുന്നത് എന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. അവതരണംവരെ പവിത്രമായ ഒരു രഹസ്യമായി ബജറ്റ് സൂക്ഷിക്കണമെന്നത് അലിഖിതമെങ്കിലും അലംഘനീയമായ ഒരു നിയമമായാണ് കരുതപ്പെടുന്നത്. പക്ഷേ ബജറ്റില്‍ അടികൊള്ളാതിരിക്കണമെങ്കില് കോഴ വേണം എന്ന ആവശ്യം ഉന്നയിച്ച് മാണി കോഴ കൈപ്പറ്റിയിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. ഇതിനായി ബജറ്റില്‍ വരാന്‍ സാധ്യതയുള്ള വ്യവസ്ഥകള്‍ പലരോടും ഭീഷണിയുടെ സ്വരത്തില്‍ വെളിപ്പെടുത്തിയിരുന്നുവത്രെ.
കെ.എം.മാണി കോഴയ്ക്കതീതനല്ലെന്ന് ഒരു മാധ്യമ ചര്‍ച്ചയില്‍ പ്രഗത്ഭനായ വക്കീല്‍ പറയുകയുണ്ടായി. മാണി വിശുദ്ധപദവിക്കര്ഹനാണെന്ന് കേരളത്തിലാരും കരുതുന്നില്ല. തന്റെയും മകന്റെയും അഭ്യുന്നതിക്കായി ഏതറ്റംവരെയും മാണി പോകുമെന്ന് ജോസ് കെ.മാണിയുടെ രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കുന്നുണ്ട്. മാണിയുടെ അന്തിമലക്ഷ്യം മകനെ മന്ത്രിക്കുപ്പായത്തില്‍ കയറ്റലാണ്.
മാണി കോഴ വാങ്ങിച്ചിരിക്കാമെന്ന് കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള പറയുന്നുണ്ട്. ബിജു രമേശിനോടുള്ള സംസാരമധ്യേയാണ് പിള്ളയുടെ ഈ വെളിപ്പെടുത്തല്‍. അത് തന്റെ ശബ്ദം തന്നെയാണെന്ന് ബാലകൃഷ്ണപിള്ള സ്ഥിരീകരിക്കുന്നുമുണ്ട്. കേരള കോണ്‍ഗ്രസില്‍ (ബ്രായ്ക്കറ്റിലെ അക്ഷരത്തില്‍ വ്യത്യാസമുണ്ടെങ്കിലും)അംഗമായ ഒരാള്‍ മറ്റൊരംഗത്തിന്റെ അഴിമതി സാധ്യത തള്ളിക്കളയാതെ സ്ഥിരീകരിക്കുമ്പോള്‍ അതിന് ഒരു വിശ്വാസ്യത കൈവരുന്നു. ദീര്‍ഘകാലം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നവരുടെ സ്വഭാവം പരസ്പരം അറിയാതിരിക്കുകയില്ലല്ലോ. ഇപ്പോള്‍ മാണിയെ രക്ഷിക്കാനായി കോഴ ആരോപണം അന്വേഷിക്കുന്ന ഡോ.ജേക്കബ് തോമസിനെ പ്രൊമോഷന് നല്കി ഒഴിവാക്കി പകരം വിന്‍സണ്‍ പോളിനെ ഏല്പ്പിക്കുകയാണത്രെ.
ജേക്കബ് തോമസിന്റെ സത്യസന്ധത ഉമ്മന്‍ചാണ്ടിക്ക് ഭീഷണിയാണ്. യഥാര്‍ത്ഥത്തില്‍ ഇന്ന് എല്ലാ രാഷ്ട്രീയക്കാരെയും അഴിമതിക്കാരായാണ് ജനങ്ങള്‍ കാണുന്നത്. രാഷ്ട്രീയത്തില്‍ വിശുദ്ധപശുക്കളില്ല-ഇടതായാലും വലതായാലും. കോഴ എന്നാല്‍ പണം മാത്രമല്ല, ആനുകൂല്യങ്ങളുമാണല്ലോ.
ഭാരത രാഷ്ട്രീയം അഴിമതിയുടെ കൊടുമുടിയിലെത്തിയപ്പോഴാണ് ജനങ്ങള്‍ യുപിഎയെ തള്ളി ബിജെപിയെ അധികാരത്തിലേറ്റിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലക്ഷം കോടികളുടെ അഴിമതിയാണല്ലോ, കല്‍ക്കരി ഖനനത്തിനും മറ്റും നല്കിയ അനുമതിയില്‍ അരങ്ങേറിയത്. വിദേശ കള്ളപ്പണ നിക്ഷേപത്തില്‍ സോണിയാഗാന്ധിയാണ് ഏറ്റവും മുന്നില്‍ എന്നും അതിനാലാണ് മന്മോഹന് സര്‍ക്കാര്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതില്‍ നിന്നും പിന്മാറിയതെന്നുമാണ് ജനസംസാരം.
മാണി കോഴ വാങ്ങിയിരിക്കാം എന്നുപറയുന്ന ബാലകൃഷ്ണപിള്ളയെ പുറത്താക്കാനാണ് മാണി യും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. പിള്ളയെ പുറത്താക്കി കേരളത്തിന് ഒരു സ്വന്തം അണ്ണാ ഹസാരെയെ ദാനം ചെയ്യുവാനാണ് എം.എം.ഹസ്സന്റെ തീരുമാനം. പക്ഷേ പുറത്താകുന്ന താന്‍ അകത്തായിരുന്നതിനെക്കാള് അപകടകാരിയാകും എന്നാണ് പിള്ളയുടെ ഭീഷണി.
പരസ്പരം അഴിമതി ആരോപിച്ച് കോഴ വിവാദം കൊഴുക്കുമ്പോള്‍ കരി ഓയില്‍ വീഴുന്നത് രാഷ്ട്രീയനേതാക്കളുടെ മുഖത്താണ്. ആരും അഴിമതിക്കും സദാചാര വിരുദ്ധതയ്ക്കും അതീതരല്ല എന്ന് സരിത കേസ് തെളിയിച്ചു. ഒളിക്യാമറ വ്യഭിചാരം കലയാക്കിയ ബിന്ധ്യാസ് തോമസിനെ ഉപയോഗിച്ച് ബിജു രമേശിനെ പ്രലോഭിപ്പിച്ച് പിന്തിരിക്കാന് ചില നേതാക്കള്‍ (പി.സി.ജോര്‍ജ് ആണെന്ന് ബിജു രമേശ്) ശ്രമിക്കുന്നതുകാണുമ്പോള്‍ രാഷ്ട്രീയ സദാചാരം എന്ന വാക്കുപോലും ഇന്ന് അപ്രസക്തമായി എന്ന സത്യം കൂടുതല്‍ തെളിയുകയാണ്.
കേരളം ബീഹാറല്ല. പക്ഷേ ഏതുതരം മഹാപാപവും അഴിമതിയും സദാചാരവിരുദ്ധതയും വിളയാടുന്ന ബീഹാറിനെ കേരളം തോല്‍പ്പിച്ചിരിക്കുകയാണ്. കാലിത്തീറ്റ കുംഭകോണത്തില്‍പ്പെട്ട ലാലു പ്രസാദ് യാദവിനുപോലും പഠിക്കാന്‍ പാഠങ്ങള്‍ ഒരുക്കി കേരള രാഷ്ട്രീയനേതാക്കള്‍ തിളങ്ങുകയാണ്.
ആദര്ശധീരന് സുധീരന് സമ്പൂര്‍ണ മദ്യനിരോധനം ഏകപക്ഷീയമായി പ്രഖ്യാപിച്ചപ്പോള്‍, അത് ഉമ്മന്‍ചാണ്ടി തന്ത്രപരമായി അട്ടിമറിച്ചപ്പോള്‍ ഇരുവരും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവാണ് കേരള രാഷ്ട്രീയത്തില്‍ വന്നത്. രാഷ്ട്രീയക്കാരില്‍ ഇന്ന് ജനങ്ങള്‍ക്ക് പൂര്‍ണമായി വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. വില്ലേജ് ഓഫീസര്‍ മുതല്‍ കൈക്കൂലി കൊടുത്ത് ശീലിച്ച ജനങ്ങള്‍ പോലും തങ്ങള്‍ വിശ്വസിച്ച് തെരഞ്ഞെടുത്ത രാഷ്ട്രീയ നേതാക്കളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുന്നതുകണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്.
കെ.എം.മാണി ദീര്‍ഘകാലമായി മന്ത്രിപദത്തില്‍ ഇരുന്ന് എത്ര കോടികള്‍ വിദേശത്ത് നിക്ഷേപിച്ചുകാണും എന്നാണ് ജനങ്ങള്‍ ഇന്ന് കണക്കുകൂട്ടുന്നത്. മാണിക്ക് അഴിമതിക്കാരന്റെ പരിവേഷം ചാര്‍ത്തുന്ന ബാലകൃഷ്ണപിള്ളയും അഴിമതി ആരോപണവിധേയനായിരുന്നല്ലോ! സോളാര്‍ കേസില്‍ സരിതയുടെ സാന്നിദ്ധ്യം മുഖ്യമന്ത്രിയുടെ ഓഫീസുവരെ എത്തിയിരുന്നു എന്ന വസ്തുത ഉമ്മന്ചാണ്ടിയുടെമേലും കരിനിഴല്‍ വീഴ്ത്തി. ഇപ്പോള്‍ മാണിക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഡോ.ജേക്കബ് തോമസിനെ മുകളിലേക്ക് ചവിട്ടിത്തള്ളിയ സന്ദര്‍ഭവും മാണിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ത്വരയ്ക്ക് അടിവരയിടുന്നു.
ആരും ഒരു മന്ത്രിസഭയിലും അനിവാര്യരല്ല എന്നിരിക്കെ, എത്രയോ രാഷ്ട്രീയ ധനകാര്യ വിദഗ്ദ്ധര്‍ കേരളത്തിലുണ്ടെന്നിരിക്കെ തന്റെ മന്ത്രിസഭയെ രക്ഷിക്കാനാണ് മാണിയെ താങ്ങി ഉമ്മന്‍ചാണ്ടി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
കേരളം പൂര്‍ണ സാക്ഷരതയുടെ നാടാണ്. രാഷ്ട്രീയ സാക്ഷരതയുടെ നാടുമാണ്. ഇവിടുത്തെ പുരുഷ-സ്ത്രീ സമൂഹം ഒരുപോലെ പുരോഗതി നേടിയവരാണ്. പക്ഷേ കേരളത്തില്‍ നടമാടുന്ന രാഷ്ട്രീയ അപചയത്തിനെതിരെ ഒരാളും ശബ്ദമുയര്ത്തുന്നില്ല. പ്രതിപക്ഷം എതിര്‍ക്കാന്‍ നിര്‍ബന്ധിതരാണ്. പക്ഷേ വോട്ടു നല്കുന്ന ജനങ്ങളുടെ നിസ്സംഗതയാണ് കേരളത്തിലെ എല്ലാ അപചയത്തിനും കാരണമെന്ന് ഇത്തരം ആഭാസനാടകങ്ങളുടെ ആവര്‍ത്തനം സ്ഥിരീകരിക്കുന്നു. ബിജു രമേശ് ഇതിന് ഒരു അപവാദമാണ്. പക്ഷേ ബിജു ആവര്‍ത്തിക്കുന്ന ആരോപണങ്ങളിലേക്ക് രാഷ്ട്രീയശ്രദ്ധ മാത്രമല്ല, ജനശ്രദ്ധയും തിരിയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: