ന്യൂദല്‍ഹി: കിരണ്‍ ബേദി മുഖ്യമന്ത്രിയാകുന്നതില്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ്. ശുദ്ധവും കഴിവുറ്റതുമായ ഭരണം കൊണ്ടു വരാന്‍ കിരണ്‍ ബേദിക്ക് സാധിക്കുമെന്നും ശാന്തി ഭൂഷണ് പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയ ആളാണ് കിരണ്‍ ബേദി.
അഴിമതിക്കെതിരെ അണ്ണാ ഹസാരെയ്ക്കും കേജ്രിവാളിനൊപ്പവും പ്രവര്‍ത്തിച്ച വ്യക്തിയാണ് കിരണ്‍ബേദി. ഇതിനാല്‍ തന്നെ ദല്‍ഹിയില്‍ അഴിമതിരഹിത ഭരണം നടത്താന്‍ കിരണ്ജിക്ക് സാധിക്കുമെന്നും ശാന്തിഭൂഷന് പറഞ്ഞു.
കിരണ്‍ ബേദി മുഖ്യമന്ത്രിയായാല്‍ എഎപി സന്തോഷിക്കും. കാരണം എഎപി രൂപംകൊണ്ടത് അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാനാണ്. അഴിമതിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ കിരണ്‍ജി മുഖ്യമന്ത്രിയാകുന്നത് എന്തുകൊണ്ടും നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഎപിയുടെ ഇപ്പോഴത്തെ പോക്ക് ശരിയായ വഴിക്കല്ല. പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ പ്രതീക്ഷിച്ച കാര്യങ്ങളൊന്നും നടപ്പില്‍ വരുത്താനായിട്ടില്ലെന്നും ശാന്തി ഭൂഷന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശാന്തിഭൂഷന്റെ പരാമര്‍ശം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ നിലപാട് അതല്ലെന്നും എഎപി നേതാവ് അശുതോഷ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം ഉണ്ടെന്നും വ്യക്തിപരമായ അഭിപ്രായം പറയാന്‍ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അശുതോഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: