വടക്കഞ്ചേരി: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റാ ബാങ്കിലുള്‍പ്പെട്ട സ്ഥലംനികത്താന്‍ അനുവാദമില്ലെങ്കിലും വടക്കഞ്ചേരിയില്‍ ഇതൊന്നും ബാധകമല്ല. ഡാറ്റാ ബാങ്കിലുള്പ്പെടുന്ന സ്ഥലം നികത്താം, കെട്ടിടം പണിയാം വേണമെങ്കില്‍ സര്‍ക്കാര്‍ഭൂമി കൈയേറുകയും ചെയ്യാം.
നടപടിയെക്കുറിച്ച് ചിന്തിച്ച് ഭയപ്പെടുകയും വേണ്ട. പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ പഴുതുകളടയ്ക്കാനുളള വഴികള്‍ അധികൃതര്‍തന്നെ പറഞ്ഞുതരും. അനുമതിലഭിച്ച ഏതെങ്കിലും സ്ഥലത്തിന്റെ രേഖയുപയോഗിച്ച് മറ്റുളള സ്ഥലത്തിന് വ്യാജമായി രേഖയുണ്ടാക്കിയാണ് നികത്തല്‍ നടക്കുന്നത്. വീടുവെക്കാന്‍ മറ്റ് സ്ഥലമില്ലെന്ന് ബോധ്യപ്പെട്ടാലാണ് നിലംനികത്താന്‍ കളക്ടര്‍ അനുമതി നല്‍കുക. ഇതിന് പഞ്ചായത്തിലെ പ്രാദേശിക നിരീക്ഷണസമിതിയുടെ ശൂപാര്ശയും വേണം.
27 ഇടങ്ങളില്‍ അനുമതിയില്ലാതെ നിലംനികത്തുന്നതുമായി ബന്ധപ്പെട്ട് നീരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട് ആര്.ഡി. ഒ. യ്ക്ക് നല്‍കിയിരുന്നെങ്കിലും ഒരു സംഭവത്തില്‍പ്പോലും നടപടിയുണ്ടായിട്ടില്ല. പഞ്ചായത്തില്‍നിന്ന് കെട്ടിട നിര്‍മാണത്തിനുളള അനുമതി നല്കുമ്പോഴും നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.
അനുമതി ലഭിക്കുന്നതിനായി പഞ്ചായത്തില്‍ സാമ്പത്തിക അഴിമതി നടക്കുന്നതായും വിജിലന്‍സില്‍ പരാതി പോയിട്ടുണ്ട്. വെപ്പില്‍ വീട് കോളനിയുടെ സമീപം മാനദണ്ഡം പാലിക്കാതെ കെട്ടിടം ഉയര്‍ന്നതോടെ മഴക്കാലത്ത് കോളനിയില്‍ വെളളം കെട്ടിനില്‍ക്കുന്ന സ്ഥിതിയായി. ഇവരുടെ മുറവിളികളും പരാതികളും പഞ്ചായത്ത് ചെവിക്കൊള്ളാറില്ല.
മംഗലംപാലത്തും പഞ്ചായത്തിന്റെ ഒത്താശയോടെ നിരവധി കടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബസ്സ്റ്റാന്‍ഡിന് പിന്നിലായി ജലസേചനവകുപ്പിന്റെ കനാല്‍ പുറമ്പോക്ക് വ്യവസായ ആവശ്യത്തിനായി കൈയേറിയതായി ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. അതേസമയം, പ്രഥാനിഭാഗത്ത് താമസിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത ഒരു സ്ത്രീയുടെ ഷെഡ് ജലസേചനവകുപ്പധികൃതരെത്തി നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: