പാലക്കാട്: കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ക്ഷേത്ര ജീവനക്കാരന് പൊള്ളലേറ്റു. വടക്കന്തറ ആലങ്ങോട് വീട്ടില്‍ മാധവന്റെ മകന് ഗണേശനാ(51)ണ് സാരമായി പൊള്ളലേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ വടക്കന്തറ ശ്രീ തിരുപുരായ്ക്കല്‍ ഭഗവതി ദേവസ്വത്തിലാണ് സംഭവം.
ക്ഷേത്രപറമ്പില്‍ കുളത്തിനോട് ചേര്‍ന്നുള്ള കതിന പുരയില്‍ ഉച്ചപൂജയ്ക്ക് ശേഷം പൊട്ടിക്കാനുള്ള കതിന നിറയ്ക്കുകയായിരുന്നു ഗണേശന്.
പൊട്ടിത്തെറിയില്‍ ഗണേശന് പുറത്തേക്ക് തെറിച്ചുവീണു. ഓട് മേഞ്ഞ പുര കത്തിയമര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഗണേശനെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ തീയണച്ചു. കതിന നിറയ്ക്കുന്നതിന് ഗണേശനെ കൂടാതെ മറ്റൊരു ജീവനക്കാരന് കൂടി ക്ഷേത്രത്തിലുണ്ട്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ക്ഷേത്രത്തിലായതിനാല് അപകടത്തില്‍പ്പെട്ടില്ല.
രാവിലെ നടതുറക്കുന്നതു മുതല്‍ വടക്കന്തറ ക്ഷേത്രത്തില്‍ കതിന പൊട്ടിക്കുന്നത് കാലങ്ങളായുള്ള ആചാരമാണ്. ഇതിനായി വെടിമരുന്ന് സൂക്ഷിക്കാന്‍ ദേവസ്വത്തിന് ലൈസന്‍സുമുണ്ട്. കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാവാം അപകട കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: