പെരുമണ്‍: നാടിന്റെ വികസനത്തിനായി പെരുമണ്‍ റിഫാക്ടറിക്കുവേണ്ടി തലമുറകളായി കൈവശംവച്ച് അനുഭവിച്ച സ്ഥലങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പെരുമണ്‍ സ്ഥലഉടമകളെ കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ വഞ്ചിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍ ആരോപിച്ചു.
പെരുമണ്‍ റിഫാക്ടറിക്കുവേണ്ടി സ്ഥലം പൊന്നിന്‍വിലയ്ക്ക് കൊടുത്തത് എല്ലാ കുടുംബങ്ങള്‍ക്കും ജോലി നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു. ഈ സ്ഥലം കേപ്പ് എഞ്ചിനീയറിങ് കോളേജിനെ വിട്ടുകൊടുക്കുന്നതിനാല്‍ കേപ്പിലും ഹൈടെക് കയര്‍ പാര്‍ക്കിലും ജോലി നല്‍കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ 20 വര്‍ഷക്കാലമായി സ്ഥലം ഉടമ ക്ഷേമസമിതി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിയമനകാര്യത്തില്‍ സ്ഥലം നല്‍കിയവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ ഈ സ്ഥാപനത്തിലെ നിയമന നിയമങ്ങള്‍ക്ക് അനുസൃതമായി മുന്‍ഗണന നല്‍കിക്കൊണ്ട് അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ജോലി നല്‍കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍ ആവശ്യപ്പെട്ടു.
ഉപരോധസമരം മൂലം കോളേജിന്റെ പ്രവര്‍ത്തനം തടസപ്പെട്ട സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളുമായി ബിജെപി നേതൃത്വം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ചയ്ക്കുള്ള അവസരമുണ്ടാക്കാമെന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിലും ഉപരോധസമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടില്ലായെങ്കില്‍ തുടര്‍സമരങ്ങളില്‍ ബിജെപിയുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്ന് ജില്ലാപ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: