പെരുമണ്‍: പെരുമണ്‍ എഞ്ചിനീയറിങ് കോളേജ് നിന്നിരുന്ന സ്ഥലത്ത് നിന്നും ഒഴിക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് കോളേജില്‍ ജോലി നല്‍കാമെന്ന കേപ്പിന്റെ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കോളേജിനു മുന്നില്‍ ഭൂമി ഉടമകള്‍ നടത്തിവന്ന സമരം ബിജെപി ഏറ്റെടുത്തു.
കഴിഞ്ഞദിവസം രാവിലെ സമരക്കാരെ നേരില്‍കണ്ട് ബിജെപി ജില്ലാപ്രസിഡന്റ് എം.സുനിലാണ് സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് റിഫാക്ടറി വ്യവസായം തുടങ്ങുന്നതിനുവേണ്ടിയാണ് കുടുംബാംഗങ്ങള്‍ സര്‍ക്കാരിന് സ്ഥലം നല്‍കിയത്. സ്ഥലം വിട്ടുനല്‍കിയ സമയത്ത് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് ഫാക്ടറിയില്‍ ജോലി നല്‍കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍ ഫാക്ടറിക്കുപകരം കേപ്പ് വക എഞ്ചിനീയറിങ് കോളേജാണ് പെരുമണില്‍ പണിഞ്ഞത്. തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങള്‍ നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തില്‍ കോളേജ് ഇവര്‍ക്ക് ജോലിനല്‍കാമെന്ന വ്യവസ്ഥയുണ്ടായി. ആ ഉടമ്പടി ഇതുവരെയും പാലിക്കാത്ത സാഹചര്യത്തിലാണ് ഭൂമി ഉടമകള്‍ സമരം പുനരാരംഭിക്കുകയും ബിജെപിയുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്തത്.
ബിജെപി നേതാക്കളായ രതീഷ്, സജിത്, രാജശേഖരന്, അനില്‍കുമാര്‍ എന്നിവരും ജില്ലാപ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: