മാവേലിക്കര: ആര്‍എസ്എസ് വള്ളികുന്നം മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന വള്ളികുന്നം ചെങ്കിലാത്ത് വടക്കേതില്‍ വീട്ടില്‍ വിനോദി (23)നെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചുപ്രതികളെ ജീവപര്യന്തം കഠിന തടവിനും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയായ രണ്ടരലക്ഷം രൂപ വിനോദിന്റെ അച്ഛനു നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം.
ജീവപര്യന്തത്തിന് പുറമെ അന്യായമായ സംഘംചേരല്‍, മാരകായുധങ്ങളുമായി സംഘം ചേരല്‍, ലഹള, ആയുധം ഉപയോഗിച്ച് ലഹള എന്നീ വകുപ്പുകള്‍ പ്രകാരം നാലുവര്‍ഷവും ഏഴുമാസം തടവും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി മുഹമ്മദ് വസിമാണ് ശിക്ഷ വിധിച്ച് ഉത്തരവായത്.
എസ്ഡിപിഐക്കാരായ കൊല്ലം പാവുമ്പ തഴവ നൂര്‍മഹല്‍ വീട്ടില്‍ നജീബ് (36), കൊല്ലം പാവുമ്പ തഴവ പുത്തന്‍പുരയില്‍ ഷാമര്‍ (30), പോപ്പുലര്‍ ഫ്രണ്ട് കായംകുളം മണ്ഡലം പ്രസിഡന്റ് വള്ളികുന്നം താളിരാടി പാലത്തിന്റെ കിഴക്കേവീട്ടില്‍ നൗഷാദ് (കൊച്ചുമോന്-36), എസ്ഡിപിഐ വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് വള്ളികുന്നം താളിരാടി ദാറുല്‍ ഇഹ്ത്താല്‍ വീട്ടില്‍ നിസാം (നിസാമുദ്ദീന്‍-34), എസ്ഡിപിഐ മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് വള്ളികുന്നം കടുവിനാല്‍ ഷിഹാബ് മന്‍സില്‍ ഷിഹാബുദ്ദീന് (34) എന്നിവരെയാണ് ശിക്ഷിച്ചത്.
2007 ഡിസംബര്‍ 23ന് രാത്രി 7.30നായിരുന്നു സംഭവം. ഫുട്ബോള്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന വിനോദിനെ അഞ്ച് ബൈക്കുകളിലായെത്തിയ പത്തംഗ സംഘം തടഞ്ഞ് നിര്‍ത്തി വാളിന് വെട്ടുകയായിരുന്നു. കൈമുട്ടിനു വെട്ടേറ്റ വിനോദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപമുള്ള വീടിന്റെ കാര്‍പോര്‍ച്ചിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുപ്പതോളം വെട്ടുകളാണ് വിനോദിന്റെ ശരീരത്തേറ്റത്.
ഡിസംബര്‍ 18നാണ് ഇവര്‍ ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് മുന്‍പ് പല ദിവസങ്ങളിലും വിനോദ് ഫുട്ബോള്‍ കളിക്കുവാനെത്തുമ്പോള് ഈ സംഘം നിരീക്ഷണം നടത്തിയിരുന്നു. മാവേലിക്കര സിഐമാരായിരുന്ന നസീം, ഷാജി സുഗുണന്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി: ബി. രവീന്ദ്രപ്രസാദ് എന്നിവര്‍ക്ക് ശേഷം കേസ് അന്വേഷിച്ച ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി: സി.എം. പത്രോസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം വര്‍ഗീസ്, അഡ്വ. പ്രതാപ് ജി.പടിക്കല്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: