ന്യൂദല്‍ഹി: ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ച കേസില്‍ സിപിഎം നേതാവ് എംവി ജയരാജന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിന്റെ ഒരുഘട്ടത്തില്‍ പോലും പരാമര്‍ശം പിന്‍വലിക്കാനോ മാപ്പു പറയാനോ ജയരാജന് തയ്യാറായിട്ടില്ലെന്നും ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കോടതിയെ അപമാനിക്കുന്നതാണെന്നും ജസ്റ്റിസ് വിക്രംജിത് സിങ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വാദം പൂര്‍ത്തിയായ കേസ് വിധിപറയാന്‍ മാറ്റി.
വഴിയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു എംവി ജയരാജന്റെ വിവാദ പരാമര്‍ശങ്ങള്‍. വിധി പുറപ്പെടുവിച്ചവര്‍ ശുംഭന്മാരാണെന്ന് പറഞ്ഞ ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയലക്ഷ്യ കുറ്റത്തിന് ആറുമാസം തടവും 2,000 രൂപ പിഴയും ഹൈക്കോടതി ശിക്ഷിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ജയരാജന്റെ അപ്പീലിന്മേല് ഇന്നലെ വാദം പൂര്‍ത്തിയായി.
കോടതിയെക്കുറിച്ച് നല്ല പരാമര്‍ശങ്ങളാണ് ജയരാജന് നടത്തിയതെന്നും വിധിന്യായത്തെ മാത്രമാണ് വിമര്‍ശിച്ചതെന്നും ജയരാജന്റെ അഭിഭാഷകന് വാദിച്ചു. ശുംഭന്മാര് എന്ന വാക്കിന് മോശമായ അര്‍ത്ഥമില്ല. എന്നാല്‍ ജയരാജന്റെ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്ന് ഹൈക്കോടതിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി.ഗിരി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: