തിരുവനന്തപുരം: ബാര്‍ കോഴയും ആര്. ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങളും തുടര്‍ വിവാദങ്ങളും യുഡിഎഫിന് കൂനിന്മേല് കുരുവാകുന്നു. പിള്ളയെ മുന്നണിക്കു പുറത്താക്കണമെന്ന ആവശ്യം ശക്തമായെങ്കിലും പിള്ളയെ തള്ളാനാവാതെ കുടുക്കിലായിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിള്ളയെ പുറത്താക്കിയാല്‍ സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ്. നായര്‍ ജയിലില്‍ നിന്നെഴുതിയ 22 പേജുള്ള കത്ത് പുറത്ത് വിടാനാണ് കേരളാ കോണ്‍ഗ്രസ്- ബിയുടെ തീരുമാനം.
മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ ശക്തമായ ബോംബാണ് സരിതയുടെ കത്തെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. എന്നാല്‍ എന്ത് വന്നാലും ഇനി പിള്ളയ്ക്കൊപ്പമില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ (എം) തീരുമാനം. കെ.ബി. ഗണേഷ്കുമാര് മന്ത്രി ഇബ്രാഹം കുഞ്ഞിനെ ലക്ഷ്യം വച്ച ആരോപണങ്ങളുടെ പേരില്‍ പിള്ളയ്ക്കെതിരെ ലീഗിലും അമര്‍ഷം ശക്തമാണ്. പിള്ളയെ പുറത്താക്കിയില്ലെങ്കില്‍ കേരളകോണ്‍ഗ്രസ് മന്ത്രിമാരുടെ കൂട്ടരാജിയടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മാണി യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെ അറിയിച്ചു. ഇക്കാര്യം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും പരസ്യമായി സൂചിപ്പിച്ചു.
പിള്ളയെ പുറത്താക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസ്സന് സൂചന നല്‍കിയെങ്കിലും 28ന് ചേരുന്ന യുഡിഎഫ് അടിയന്തര യോഗത്തിന് ശേഷം മറുപടി നല്‍കാമെന്ന് മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിനിടെ ഇന്നലെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി.
കേരളത്തില്‍ മുമ്പൊരു മന്ത്രിക്കെതിരെയും ഉയരാത്ത ആരോപണമാണ് കെ.എം. മാണിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. മാണി കാലങ്ങളായി കോടികളുടെ കോഴ വാങ്ങുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. നോട്ടെണ്ണുന്ന യന്ത്രം വരെ മാണിയുടെ വീട്ടിലുണ്ടെന്ന വിവരം പുറത്ത് വന്നെങ്കിലും അതിനിയും ആരും നിഷേധിച്ചിട്ടില്ല. എന്നാല്‍ മാണിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഇതുവരെയും ശക്തമായ നിലപാടെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. രാജിയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മാണിക്ക് മുന്നിലില്ലെന്നാണ് ആരോപണങ്ങള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കി ബാര്‍കോഴ വിവാദം കത്തിപ്പടര്‍ന്നെങ്കിലും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല. സര്‍ക്കാര്‍ തകരാതെ നോക്കണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും പാര്‍ട്ടി ഇതുവരെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 28ന് നടക്കുന്ന യുഡിഎഫ് യോഗത്തോടെ സംസ്ഥാനത്ത് സുപ്രധാനമായ രാഷട്രീയ മാറ്റങ്ങള്‍ക്ക് വഴി തുറക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് കാരണമാകുന്നതാണ് സരിതയുടെ കത്തെന്ന് നേരത്തെതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തങ്ങളെ പുറത്താക്കിയാല്‍ 29ന് കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നാണ് പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: