ഇന്ധനവിലയില്‍ വന്‍കുറവ് വന്നിട്ടും ബസ്ചാര്‍ജ് കുറയ്ക്കാതെ ബസുടമകള്‍ യാത്രക്കാരെ കൊള്ളയടിക്കുകയാണ്. ക്രൂഡ്ഓയിലിന്റെ വില കഴിഞ്ഞ അഞ്ചരവര്‍ഷത്തിനുള്ളില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്.
2014 ജൂലൈയില്‍ ക്രൂഡ്ഓയില്‍ വില ബാരലിന് 115 ഡോളറും പെട്രോള്‍ വില ലിറ്ററിന് 77.35 രൂപയും ആയിരുന്നു. ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില 60 ശതമാനം വരെ ഇടിഞ്ഞിട്ടും അതിനനുസൃതമായി പെട്രോള്‍-ഡീസല്‍ വില പലവട്ടം കുറച്ചിട്ടും അതിന്റെ പ്രതിഫലനം നിത്യോപയോഗ സാധനങ്ങളുടെ വിലയിലോ ബസ് യാത്രാക്കൂലിയിലോ കാണുന്നില്ല.
സ്വകാര്യബസ്സുകളുടെ ആവശ്യം നികുതി കുറക്കണമെന്നാണ്. പെട്രോള്‍-ഡീസല്‍ വില കുറഞ്ഞിട്ടും സ്പെയര്‍പാര്‍ട്സിന്റെ വിലയിലോ ജീവനക്കാരുടെ ശമ്പളത്തിലോ കുറവുവരുത്താതെ ബസ് ചാര്‍ജ് കുറയ്ക്കാന്‍ സന്നദ്ധമല്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്. മറ്റൊരു കാര്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന യാത്രാസൗജന്യമാണ്.
ബസ്സുകള്‍ മാത്രമല്ല, ഓട്ടോ ടാക്സി നിരക്കുകളും കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാറല്ല. കര്‍ണാടകയിലും തമിഴ്നാട്ടിലും യാത്രാക്കൂലിയില്‍ കുറവുവരുത്തിയപ്പോള്‍ കര്‍ണാടകയില്‍ മിനിമം ബസ് ചാര്‍ജ്ജ് മൂന്ന് രൂപയാണ്. തമിഴ്നാട്ടിലും മൂന്നുരൂപ തന്നെ. ഇവിടെയും മിനിമം ചാര്‍ജ് മൂന്നുരൂപയാക്കണം എന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുകയാണ്.
എണ്ണവിപണിയില്‍ ചരിത്രത്തില്‍ ഏറ്റവും വലിയ വിലയിടിവ് ഉണ്ടായിട്ടും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി കൈക്കൊള്ളുന്നില്ല എന്നാണ് രോഷാകുലരായ ജനങ്ങള്‍ ചോദിക്കുന്നത്. സൗദിഅറേബ്യ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നില്ലെന്നുള്ള തീരുമാനമെടുത്തതാണ് വിലയിടിവിനു കാരണം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണവില കുറച്ചു നല്‍കാനും സൗദിഅറേബ്യ തയ്യാറായി.
ഭാരതത്തിന് സ്വപ്നം കാണാന്‍ കഴിയാത്തവിധം അന്താരാഷ്ട്രവിപണിയില്‍ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങളിലെത്തിക്കാന്‍ സാധിക്കാത്ത സംസ്ഥാനസര്‍ക്കാര്‍ ജനവിരുദ്ധമല്ലേ?
2014 ആഗസ്റ്റ് 31 ന് ഒരു ലിറ്റര്‍ ഡീസലിന് 63.32 രൂപയായിരുന്നു. ഇതിനുശേഷം പലതവണ ഇന്ധനവില കുറച്ചു. 100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ബസ്സിന് ഇപ്പോള്‍ പ്രതിദിനം ലാഭം 1000 രൂപയിലധികമാണ്. 13.5 കോടിയാണ് കെഎസ്ആര്‍ടിസിയുടെ ലാഭം. പെട്രോളിന്റെ വില 2014 ജൂലൈ ഒന്നിന് ലിറ്ററിന് 77.35 രൂപയായിരുന്നത് ഇപ്പോള്‍ 63.72 രൂപയാണ്.
കഴിഞ്ഞ മേയില്‍ ബസ് ചാര്‍ജ് നിരക്ക് മിനിമം ആറില്‍നിന്നും ഏഴാക്കുകയും സൂപ്പര്‍ക്ലാസ് സര്‍വീസുകളുടെ ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്തു. പക്ഷേ ഭാരതവിപണിയില് എണ്ണവില കുറഞ്ഞില്ലെന്നു മാത്രമല്ല, കാറുകളുടെ വില വര്‍ധിക്കുകയും ചെയ്തു. മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്സ്, ഹ്യുണ്ടായ് എന്നീ കാറുകളുടെ വില വര്‍ധിച്ചിരിക്കുകയാണ്. ഇതിനുമുമ്പ് 2012 ല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു.
ഇന്ധനവില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എപ്പോഴും ചാര്‍ജ് കൂട്ടാനാവില്ലെന്നും ഭാവിയിലുണ്ടാകുന്ന വില വര്‍ധനകൂടി കണക്കിലെടുത്താണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്നുമായിരുന്നു രാമചന്ദ്രന് കമ്മറ്റിയുടെ വാദം. ബസ് നടത്തിപ്പിന്റെ ചെലവില്‍ ഡീസലിന്റെ പങ്ക് 40 ശതമാനം മാത്രമാണെന്നാണ് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ന്യായീകരണം. ഒരു സീറ്റിന് പ്രതിവര്‍ഷം 2760 രൂപ സര്‍ക്കാരിലേക്ക് നികുതി അടയ്ക്കുന്നുണ്ടെന്നും ബസ് ഉടമകള്‍ പറയുന്നു.
പക്ഷേ ഇപ്പോള്‍ അമേരിക്കയിലും റഷ്യയിലും ഇറാക്കിലും എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. വിലയിടിവിന്റെ പ്രധാനകാരണവും അതാണ്. അമേരിക്കയില്‍ എണ്ണശേഖരം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടത്രെ. ഡോളറിന്റെ മൂല്യം വര്‍ധിപ്പിച്ചതും എണ്ണവില്‍പ്പന കുറയാന്‍ കാരണമായി. അതിനാല്‍ എണ്ണവില ഇനി ഉയരാന്‍ സാധ്യത കുറവാണ്. എണ്ണവില കുറഞ്ഞതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നും അതുവഴി ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയും അസ്തമിക്കുകയാണ്.
ആറുമാസത്തിനുള്ളില്‍ പെട്രോള്‍വില 77.35 രൂപയില്‍നിന്നും 64 രൂപയായിട്ടും ഡീസല്‍ വില 63.32 ല്‍നിന്നും 7.7 രൂപ കുറഞ്ഞിട്ടും അത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പ്രതിഫലിച്ചു കാണാത്തത് സര്‍ക്കാരിന്റെ നിഷേധാത്മക നയംകൊണ്ടാണ്. മുമ്പൊരിക്കലും സംഭവിക്കാത്തവിധം എണ്ണവില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാത്തത് സാമ്പത്തിക സംവിധാനത്തിന്റെ പാളിച്ചയാണ്. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചു. ഇന്ന് ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ കാണുന്നത് ബസ് ചാര്‍ജ് കുറയ്ക്കാത്തതില്‍ യാത്രക്കാര്‍ക്കുള്ള പ്രതിഷേധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: