ആലപ്പുഴ: കുട്ടികള്‍ക്ക് പ്രതിരോധ വാക്സിനുകള്‍ നല്കുമ്പോള് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. വാക്സിന് നല്‍കുന്നതിലെ പാളിച്ചകളും വാക്സിനിലെ തകരാറുകള്‍ മൂലവും നിരവധി കുട്ടികള്‍ മരിക്കുകയും പലരും ജീവച്ഛവമാകുകയും ചെയ്യുന്നു. വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം രോഗാവസ്ഥയിലായ കുട്ടിയുടെ അച്ഛന് പെരുമ്പാവൂര്‍ കോമ്പനാട് സ്വദേശി എന്‍.പി. പ്രസാദാണ് പരാതി നല്‍കിയത്.
ഇയാളുടെ ഒന്നര വയസുള്ള കുട്ടിക്ക് വാക്സിന് നല്‍കിയതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ച തകരാറിലാകുകയും കഴുത്തിന് തളര്‍ച്ചയുണ്ടാകുകയും ചെയ്തു. എന്നാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ നഷ്ടപരിഹാരം നല്‍കാനോ തയാറാകാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എറണാകുളം ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1,015 കുട്ടികള്‍ക്ക് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം വിവിധ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് ആര്‍ക്കും തന്നെ നഷ്ടപരിഹാരമോ വിദഗ്ധ ചികിത്സയോ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടില്ലെന്നും പ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്തെ മരുന്നു കുത്തകകളുടെ മരുന്ന് പരീക്ഷണങ്ങള്‍ക്ക് നമ്മുടെ കുട്ടികളെ ബലിയാടാക്കുകയാണെന്നും പ്രസാദ് ആരോപിച്ചു. വാക്സിന് നല്കുമ്പോള് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിടണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രസാദ് മനുഷ്യാവകാശ കമ്മീഷന് ഹര്‍ജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: