തുറവൂര്‍: കെഎസ്ആര്‍ടിസി ബസിന് സൈഡു കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് യാത്രികനെ ഒരു സംഘം ആക്രമിച്ച സംഭവത്തില്‍ കേസെടുക്കാനാകാതെ പോലീസ് വലയുന്നു. അക്രമത്തിനിരയായ ആളെ കണ്ടെത്താന്‍ കഴിയാതിരുന്നതും ആരും പരാതിയുമായി വരാതിരുന്നതുമാണിതിനു കാരണം. എന്നാല്‍ ബസിനു സൈഡു നല്‍കാതിരുന്ന കാറില്‍ വെടിക്കെട്ടു സാമഗ്രികള്‍ കൊണ്ടുപോയതിന് എക്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു. വെടിക്കെട്ടു നിര്‍മ്മാണ തൊഴിലാളിയായ ഹരിപ്പാട് സ്വദേശി വിഷ്ണു (20)വിനെ പോലീസ് പിടികൂടി.
വളമംഗലം സ്വദേശിയായ ജയന്, പ്രേമന് എന്നിവരെ പോലീസ് തിരയുന്നുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാവില്‍-വളമംഗലം റോഡില്‍ പത്മശാലിയ സംഘത്തിനു സമീപം ചൊവാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസിനു കടന്നുപോകാന്‍ കഴിയാത്തവിധമാണ് വെടിക്കെട്ടു സാമഗ്രികള്‍ നിറച്ച കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്നത്. ഇതിനെതിരെ പ്രതികരിച്ചയാളെ കാറിലുണ്ടായിരുന്നവര്‍ ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം അക്രമത്തിനിരയായ ആളെ കാണാതായതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: