ബാര്‍ വിഷയത്തില്‍ തട്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഊര്‍ധ്വന്‍ വലിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ജനങ്ങളുടെ കൈയടി നേടുകയും അതുവഴി അടുത്ത മുഖ്യമന്ത്രിക്കസേരയില്‍ തന്റെ സ്ഥാനം ഉറപ്പാക്കുകയുമെന്ന ലക്ഷ്യമായിരുന്നല്ലോ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് ഉണ്ടായിരുന്നത്. അതിന് ജനകീയ മുഖം നല്‍കാനുള്ള ഒരു മുഖംമൂടിയായിരുന്നു ബാര്‍ വിഷയം; അതായത് മദ്യനിരോധനം. അത് അങ്ങേയറ്റം ശ്ലാഘിക്കപ്പെടേണ്ടതായിരുന്നെങ്കിലും ജനനന്മയായിരുന്നില്ല അതിന്റെ ആത്യന്തിക ലക്ഷ്യമെന്നത് ക്രൂരമായ ഒരു രാഷ്ട്രീയ തമാശയായിത്തീര്ന്നു.
വി.എം. സുധീരന്റെ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ വ്യക്തമായി മനസ്സിലാക്കിയ ആള് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ്. അതുകൊണ്ടാണ് ആര്‍ക്കും പിടികൊടുക്കാതെ അണിയറ രാഷ്ട്രീയത്തിന്റെ അമരക്കാരനായി നിന്ന് അദ്ദേഹം എല്ലാം അട്ടിമറിച്ചത്. ഒടുവില്‍ സകലരേയും കൈയിലെടുത്തുകൊണ്ട് ബാര്‍ മുതലാളിമാരുടെ വഴിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പാലായിലെ മുക്കും മൂലയും പോലെ രാഷ്ട്രീയത്തിന്റെ ചുഴിയും മലരിയും കൃത്യമായി അറിയുന്ന കെ.എം. മാണിയെ കൂടെ കൂട്ടാനായതാണ് ഉമ്മന്‍ചാണ്ടിക്ക് രക്ഷയായത്. വാസ്തവത്തില്‍ കെണിയായതും അതുതന്നെ. ഒടുവില്‍ ഭൂതത്തെ കുടത്തില്‍ നിന്ന് തുറന്നുവിട്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്.
ബാര്‍ വിഷയത്തില്‍ കോഴയിടപാട് നടന്നിട്ടില്ല എന്ന് ഒരാളും വിശ്വസിക്കാത്ത നിലയിലെത്തിക്കഴിഞ്ഞു. ആരാണ് അത് വാങ്ങിയതെന്ന കാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം ബാര്‍ മുതലാളി ബിജു രമേശിന് പൂര്‍ണപിന്തുണ നല്കുന്ന തരത്തില്‍ ആര്. ബാലകൃഷ്ണപിള്ള മുന്നോട്ടു വന്നതോടെ അതും അവസാനിച്ചു.
കോഴക്കാര്യത്തെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രിയോട് താന്‍ വ്യക്തമാക്കിയിരുന്നുവെന്നാണല്ലോ അദ്ദേഹം പത്രക്കാരോട് തുറന്നടിച്ചത്. കോടികള്‍ കോഴ വാങ്ങിയ കാര്യം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി താടിക്ക് കൈയും കൊടുത്ത് കേട്ടിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. കളവാണെങ്കില്‍ പരുമല പള്ളിയില്‍വന്ന് ഉമ്മന്‍ചാണ്ടി സത്യം ചെയ്യട്ടെ എന്നും പറഞ്ഞുവെച്ചു. ഒരു സര്‍ക്കാറിനെതിരെ സ്വന്തം സഖ്യകക്ഷി തന്നെ ഇത്ര ശക്തമായി രംഗത്തുവന്നിട്ടും ഒരു കൂസലുമില്ലാതെ ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരെപ്പറ്റി ഓര്‍ക്കുമ്പോള്‍ പോലും മലയാളികള്‍ക്ക് ലജ്ജകൊണ്ട് തലകുനിക്കേണ്ടി വരുന്നു.
രാഷ്ട്രീയമെന്നാല്‍ കോടികള്‍ മറിയുന്ന കച്ചവടമായി മാറുമ്പോള്‍ ജനങ്ങളെ എങ്ങനെയാണ് ഇത്തരക്കാര്‍ മുന്നോട്ടു നയിക്കുക? അത്തരം സര്‍ക്കാര്‍ ഈ സമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുന്നത്? അടുത്ത തലമുറയ്ക്ക് എന്ത് മാതൃകയാണ് ഇത്തരക്കാര്‍ കാണിച്ചുകൊടുക്കുന്നത്?
ചെറിയൊരു ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നില്ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ദുരിതത്തിനും ദുഃഖത്തിനും പരിഹാരം കാണുകയെന്നതല്ല അജണ്ട. ഭരണത്തില്‍ കഴിയുന്നത്ര കടിച്ചുതൂങ്ങുക; ആ അവസരത്തില്‍ കഴിയാവുന്നത്ര അടിച്ചുമാറ്റുക. ഭൂമിയിടപാട്, സോളാര്‍ ഇടപാട്, ബാര്‍ കോഴ ഇടപാട് എന്നിങ്ങനെ കോഴയുടെ സര്‍ക്കാര്‍ അതിവേഗം ബഹുദൂരം മുന്നോട്ട് എന്ന അവസ്ഥയാണ്. തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ പുറത്താക്കണമെന്നാണ് ഒടുവില്‍ കെ.എം. മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്താക്കിയാല്‍ കൂടുതല്‍ തെളിവുകളുമായി രംഗത്തുവരുമെന്ന് ബാലകൃഷ്ണപിള്ളയും തിരിച്ചടിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ബാലകൃഷ്ണപിള്ളയുടെയും ബിജു രമേശിന്റെയും ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ ഭീഷ്മാചാര്യനോട് ഏറ്റുമുട്ടുമ്പോള്‍ ആയുധം ശക്തമാവാതെ തരമില്ല. ഏതായാലും ഇത്ര കാലമായിട്ടും മാനം മര്യാദയ്ക്കു ഭരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനായിട്ടില്ല. അതേസമയം കഴിയാവുന്നത്ര വാരിക്കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ടുതാനും. സ്വന്തക്കാരും ബന്ധക്കാരും ഇതൊക്കെ തിരിച്ചറിഞ്ഞ് മുന്നോട്ടുവന്ന സ്ഥിതിക്ക് മാന്യമായി രംഗം വിട്ടൊഴിയുന്നതാണ് ഉമ്മന്‍ചാണ്ടിക്കും കൂട്ടുകൃഷിക്കാര്ക്കും നല്ലത്.
ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരായി നില്ക്കുന്നതിനെക്കാള് എത്രയോ നല്ലതാണത്. സര്‍ക്കാറിനെതിരെ ഇത്രയും നല്ല അവസരം വന്നിട്ടും അത് മുതലാക്കാനാവാത്ത പ്രതിപക്ഷവും ഇപ്പോഴത്തെ സര്‍ക്കാറിന് വളംവെച്ചുകൊടുക്കുകയാണെന്ന് പറയാതെ വയ്യ. കുരുക്കില്‍ നിന്ന് കൂടുതല്‍ കുരുക്കിലേക്ക് വീണ് പരിക്കേല്‍ക്കുന്നതിനു മുമ്പെ രാജിവെച്ച് ജനങ്ങളെ രക്ഷിക്കാനെങ്കിലും തയ്യാറാവണമെന്നാണ് ഇത്തരുണത്തില്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്.
ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വല്ല വിലയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കല്പ്പിക്കുന്നുണ്ടെങ്കില് അത് കാണിച്ചുകൊടുക്കാനുള്ള മഹനീയ അവസരമാണിത്. നാണംകെട്ട് പണം നേടിയാല്‍ നാണക്കേടാ പണം ഇല്ലാതാക്കും എന്ന നാട്ടുമൊഴി ഊന്നുവടിയാക്കുകയാണെങ്കില് കാലം മറുപടി നല്‍കുമെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: