സമ്പന്നതയുടെ സൗകര്യങ്ങള്‍ ഒരുക്കിയ വഴിയിലൂടെയായിരുന്നല്ലോ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്റെ അമരക്കാരനായതും തന്റെ കുടുംബത്തെ സര്‍വാധിപതികളായി രാജ്യത്തിന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ചതും.
പ്രഭുകുമാരനായ നെഹ്റുവിന്റെ മോഹങ്ങള്‍, പ്രധാനമന്ത്രിയായതില്‍ പിന്നെ തന്റെ പ്രശസ്തിയിലും എവിടെയും അതിന്റെ മുദ്ര ചാര്‍ത്താനുള്ള ആക്രാന്തമായി മാറിയപ്പോള്‍ കോണ്‍ഗ്രസിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം ഒതുങ്ങിക്കഴിയേണ്ടിവന്നു.
താന്‍ ഹിന്ദുവല്ലെന്നും മതേതരത്വമാണ് കാഴ്ചപ്പാടെന്നും മറ്റും പറഞ്ഞ് അദ്ദേഹം ഭരണനടപടികളിലൂടെ നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. സമീപകാലത്ത് അരങ്ങേറിയ ചുംബനസമരത്തിന്റെ (തികച്ചും നൂതനവും യുവതയെ മോഹിപ്പിക്കാവുന്നതുമായ സമരരീതി) പഴകിയ പതിപ്പായിരുന്നു നെഹ്റൂവിയന്‍ മാതൃകകള്‍ എന്നു ചുരുക്കം.
കമ്മ്യൂണിസ്റ്റാവുക, മതേതരവാദിയാവുക, സോഷ്യലിസ്റ്റാവുക എന്നതൊക്കെയായിരുന്നു അമ്പതുകളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആകര്‍ഷകത്വം. എന്നാല്‍ ‘മെക്കാളെ വിദ്യ’ നമ്മളില്‍ പലരേയും ഭ്രാന്തെടുപ്പിക്കുന്നുണ്ട്. ഇത് സഹിക്കുകയേ നിവൃത്തിയുള്ളൂ. ഇക്കൂട്ടര്‍ നമ്മുടെ കുടുംബസങ്കല്പ്പങ്ങളെയും അത്തരം ജീവിതസാഹചര്യങ്ങളെയും വെറുക്കുമ്പോള്‍ സമൂഹം അരക്ഷിതമാവുക സ്വാഭാവികമാണ്.
നെഹ്റുവിനോടൊപ്പം പ്രവര്‍ത്തിക്കുകയും അദ്ദേഹത്തെ സൂക്ഷ്മമായി പഠിക്കുകയും ചെയ്ത പ്രസിദ്ധരായ മന്ത്രിമാരും വ്യക്തികളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അളന്നുനോക്കിയതിന്റെ രേഖപ്പെടുത്തലുകളിലൂടെ സഞ്ചാരം ചെയ്യുകയാണിവിടെ. അതെ, ഇന്ത്യ കണ്ടെത്തിയ നെഹ്റുവിനെ കണ്ടെത്തേണ്ടതുണ്ട്:
”മരണാനന്തരം ഒരുതരത്തിലുള്ള മതാചാരങ്ങളോ ചടങ്ങുകളോ നടത്തേണ്ടതില്ല എന്ന എന്റെ ആഗ്രഹം തികഞ്ഞ ആത്മാര്‍ത്ഥതയോടെ ഞാന്‍ വ്യക്തമാക്കുന്നു. മരണാനന്തര ചടങ്ങുകളില്‍ എനിക്ക് വിശ്വാസമില്ലെന്നിരിക്കെ, പേരിനുവേണ്ടിയാണെങ്കില്പ്പോലും ഏതെങ്കിലും രൂപത്തിലത് നടത്തുന്നത് കാപട്യമായിരിക്കും എന്നതോടൊപ്പം അവനവനേയും മറ്റുള്ളവരേയും കബളിപ്പിക്കുന്നതിന് തുല്യമായിരിക്കും.”
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1954 ജൂണ്‍ 21 ന് തയ്യാറാക്കിയ തന്റെ ഒസ്യത്തിലെ വാക്കുകളാണിവ. പേരിനൊപ്പം പണ്ഡിറ്റ് എന്ന് ചേര്‍ത്ത് വിളിക്കപ്പെട്ട നെഹ്റുവിനെ പണ്ഡിറ്റ് സമൂഹം (നമ്മുടെ പ്രഥമ പ്രധാനമന്ത്രിയുടെ പാരമ്പര്യക്കാര്‍)അദ്ദേഹത്തിന്റെ ഭരണവൈകല്യത്തിന്റെ ശാപം പേറി സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കപ്പെട്ടിട്ട് കാലമേറെയായി. നെഹ്റുവിന്റെ മാനവികത ഈ മനുഷ്യര്‍ക്ക് എന്തു നല്കി എന്നത് പകല്‍പോലെ വ്യക്തം. മരണാനന്തര ചടങ്ങുകളെ മാത്രമല്ല, ഹിന്ദുക്കളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും നെഹ്റു വിരുദ്ധനിലപാടാണ് സ്വീകരിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഗുജറാത്തിലെ സോമനാഥക്ഷേത്ര പുനര്‍നിര്‍മാണ കാര്യത്തില്‍ സ്വീകരിച്ച നിലപാട്.
ജുനഗഢ് ഭാരതത്തില്‍ ലയിച്ചശേഷം സര്‍ദാര്‍ വല്ലഭഭായ് പട്ടേലും എന്‍.വി.ഗാഡ്ഗിലും പ്രഭാസപട്ടണത്തിലെത്തി സോമനാഥക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടു. അവിടെയാകെ നടന്നുകാണുന്ന അവസരത്തില്‍, ക്ഷേത്രം പുനര്‍നിര്‍മിക്കണം എന്ന ആഗ്രഹം ഗാഡ്ഗില്‍ പ്രകടിപ്പിച്ചു. പട്ടേല്‍ അതംഗീകരിക്കുകയും തുടര്‍ന്നു നടന്ന ഒരു പൊതുയോഗത്തില്‍ വെച്ച് ”നവവത്സരത്തിന്റെ ഈ ശുഭദിനത്തില്‍ സോമനാഥക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഞങ്ങള്‍ നിശ്ചയിച്ചിരിക്കുകയാണ്. സൗരാഷ്ട്രക്കാരായ നിങ്ങള്‍ നിങ്ങളാലാവുന്നതെല്ലാം ചെയ്യണം. എല്ലാവരുടേയും പങ്കാളിത്തം പവിത്രമായ ഈ കാര്യത്തില്‍ ഉണ്ടാവണം” എന്ന് പട്ടേല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
അന്നത്തെ വിദ്യാഭ്യാസമന്ത്രി മൗലാനാ അബ്ദുല്‍ കലാം ആസാദ് ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും ഒരു ചരിത്രസ്മാരകമായി അത് അതേ രീതിയില്‍ നിലനിര്‍ത്താനായി പുരാവസ്തു വകുപ്പിനെ ഏല്‍പ്പിക്കണമെന്നു ആവശ്യപ്പെടുകയുമാണുണ്ടായത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് പട്ടേല്‍ ഇപ്രകാരം പറഞ്ഞു.
”ഈ ക്ഷേത്രത്തെച്ചൊല്ലിയുള്ള ഹൈന്ദവവികാരം ശക്തവും വ്യാപകവുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ച് പൂര്‍വസ്ഥിതി സ്ഥാപിക്കുന്നതുകൊണ്ടോ കെട്ടിടത്തിന്റെ ആയുസ്സ് ദീര്ഘിപ്പിക്കുന്നതുകൊണ്ടോ ആ വികാരത്തെ തൃപ്തിപ്പെടുത്താനാവില്ല. ഹിന്ദു ജനസാമാന്യത്തെ സംബന്ധിച്ച് വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ അവരുടെ വികാരത്തിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്.”
അങ്ങനെ, നെഹ്റു അദ്ധ്യക്ഷത വഹിച്ച മന്ത്രിസഭായോഗം മുസ്ലിം ആരാധനാലയങ്ങളും പുരാതനനിര്‍മിതികളും എന്നപോലെ സോമനാഥ ക്ഷേത്രവും സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കുവാന്‍ തീരുമാനിക്കുകയും നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അപ്പോഴത്തെ സാഹചര്യത്തില്‍ യോജിച്ചുവെങ്കിലും ക്ഷേത്രനിര്‍മാണ ദൗത്യത്തോട് മാനസികമായി പൊരുത്തപ്പെടാന്‍ നെഹ്റുവിന് ഒരിക്കലുമായില്ല.
1950 ഡിസംബര്‍ 15 ന് പട്ടേല്‍ അന്തരിച്ചതോടെ ക്ഷേത്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച നെഹ്റു ഈ സംരംഭത്തോട് യോജിച്ച തന്റെ മന്ത്രിസഭാംഗങ്ങളോട് വിശിഷ്യ കെ.എം.മുന്‍ഷിയോട് ശത്രുതയോടെയാണ് പെരുമാറിയത്. തദവസരത്തില്‍ മന്ത്രിസഭായോഗത്തിനുശേഷം കെ.എം.മുന്‍ഷിയെ വിളിച്ച് ”നിങ്ങള്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നത് എനിക്കൊട്ടും ഇഷ്ടപ്പെടുന്നില്ല.” അത് ഹിന്ദുനവോത്ഥാനമാണ് എന്നുപോലും പറയുകയുണ്ടായി. താന്‍ വീട്ടിലെത്തിയശേഷം എന്തെല്ലാം സംഭവിച്ചുവെന്ന് അറിയിക്കാമെന്ന് പറഞ്ഞ് കെ.എം.മുന്‍ഷി അവിടെനിന്നുപോവുകയായിരുന്നു.
1951 ഏപ്രില്‍ 24 ന് കെ.എം.മുന്‍ഷി അയച്ച കത്ത് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം ആ എഴുത്ത് അയച്ചിരുന്നില്ലെങ്കില്‍ സോമനാഥക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട പല സംഭവവികാസങ്ങളും വെളിച്ചം കാണുമായിരുന്നില്ല എന്നുവേണം പറയാന്‍. കത്തില്‍ മുന്‍ഷി എഴുതി: ”ഇന്നലെ താങ്കള്‍ ഹിന്ദുപുനരുത്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. താന്‍ സോമനാഥനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി താങ്കള്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി.
താങ്കള്‍ അപ്രകാരം ചെയ്തതില്‍ ഞാന്‍ സന്തുഷ്ടനാണ്… കാരണം എന്റെ ചിന്തയുടെയോ പ്രവര്‍ത്തിയുടെയോ എന്തെങ്കിലും അംശം മറച്ചുവെക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല… ഭാരത സര്‍ക്കാരിന്റെ രക്ഷാധികാരിത്വത്തില്‍ നടക്കുന്ന സോമനാഥക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാപന പദ്ധതിയെച്ചൊല്ലി ഭാരതത്തിന്റെ ജനമനസ്സ് നാം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ മറ്റു പല കാര്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സന്തുഷ്ടമാണ്…. സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണമെന്ന എന്റെ നിരന്തര സ്വപ്നം സാക്ഷാത്കരിക്കാനുള്ള വിശേഷാനുകൂല്യം എനിക്ക് കൈവന്നിരിക്കയാണ്. ഈ ആരാധനാലയത്തിന് നമ്മുടെ ജീവിതത്തിലുണ്ടായിരുന്ന സുപ്രധാന സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടാല്‍, നമ്മുടെ ആളുകള്‍ക്ക്, സ്വാതന്ത്ര്യത്തിന്റെയും പരീക്ഷണങ്ങളുടെയും ഈ കാലത്ത്, മതത്തെക്കുറിച്ച് കൂടുതല്‍ സ്വച്ഛമായ സങ്കല്‍പ്പവും നമ്മുടെ കരുത്തിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ബോധവും കൈവരുമെന്ന് തോന്നുന്നു എന്നുമാത്രം. ” (പില്‍ഗ്രിമേജ് ടു ഫ്രീഡം: പേജ് 560)
അപ്പോഴത്തെ കേന്ദ്ര നഗരവികസനത്തിന്റെയും പുനരധിവാസത്തിന്റെയും മന്ത്രി എന്‍.വി.ഗാഡ്ഗില്‍ സര്‍ദാര്‍ പട്ടേലിന്റെ മരണശേഷമുള്ള നെഹ്റുവിന്റെ അഭിപ്രായമാറ്റത്തെക്കുറിച്ച് പറഞ്ഞത് ഇതാണ്:
”ഞാനോര്‍ക്കുന്ന സുപ്രധാനമായ മറ്റൊരു പ്രവര്‍ത്തനം സോമനാഥ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാപനമാണ്. ഞാനൊരു പദ്ധതി തയ്യാറാക്കി അത് കാബിനറ്റിന്റെ നടപടിക്രമങ്ങളില്‍ രേഖപ്പെടുത്തി. ആ സ്ഥലം നിലവിലുള്ള സ്ഥിതിയില്‍ തന്നെ നിലനിര്‍ത്തണമെന്നായിരുന്നു മൗലാന പറഞ്ഞത്. പണ്ടുണ്ടായിരുന്ന മാതിരി അതിനെ പുനഃപ്രതിഷ്ഠിച്ചുകൊണ്ട് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന പരസ്പര അവിശ്വാസം ഇല്ലാതാക്കുക എന്നതാണ് താല്‍പ്പര്യമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു…. കേന്ദ്രസര്‍ക്കാര്‍ ആ കാര്യം ചെയ്യുമെന്നതായിരുന്നു നേരത്തെയെടുത്ത തീരുമാനം.
പക്ഷേ, ഗാന്ധിജിയുടെ ഉപദേശപ്രകാരം, പുനര്‍നിര്‍മാണ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാരിന്റെ ഒരു പ്രതിനിധികൂടി ഉള്‍പ്പെടുന്ന ഒരു ട്രസ്റ്റിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഭാരത സര്‍ക്കാര്‍ രണ്ട് എഞ്ചിനീയര്‍മാരും ഒരു ആര്‍ക്കിടെക്ടും ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയമിച്ചു. 1951 ല്‍ ക്ഷേത്രത്തിന്റെ അടിത്തറയും ശ്രീകോവിലും പൂര്‍ണമായി നിര്‍മിച്ചു കഴിഞ്ഞിരുന്നു. പ്രതിഷ്ഠാ കര്‍മത്തില്‍ പങ്കെടുക്കുവാന്‍ ഞങ്ങള്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനോട് അഭ്യര്‍ത്ഥിച്ചു.”
”മുന്‍ഷി സ്വതസിദ്ധമായ തന്റെ പതിവുശൈലിയില്‍, പീക്കിങ്ങിലെ നമ്മുടെ സ്ഥാനപതിയായിരുന്ന പണിക്കരെ വിളിച്ച് ചൈനയിലെ നദികളിലെ ജലം ചടങ്ങുകള്‍ക്കുവേണ്ടി അയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇത് മൊത്തം സംരംഭത്തിന് ഗാംഭീര്യം പ്രദാനം ചെയ്തു. (അതത് രാജ്യങ്ങളിലെ കുറച്ചു മണ്ണും വെള്ളവും അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ഷി എല്ലാ സ്ഥാനപതി കാര്യാലയങ്ങള്‍ക്കും കത്തയച്ചിരുന്നു) മതേതരവാദിയായ പണിക്കര്‍, ഇതുമായി ബന്ധപ്പെട്ട ചെലവ് ഏത് ഇനത്തിലാണ് ഉള്‍ക്കൊള്ളിക്കേണ്ടതെന്ന് ചോദിച്ചുകൊണ്ട് എഴുതിയ കത്ത് നെഹ്റുവിന്റെ മുമ്പിലെത്തി. രാഷ്ട്രപതി പങ്കെടുക്കാന്‍ പാടില്ലെന്ന തന്റെ അഭിപ്രായം നെഹ്റു വെളിപ്പെടുത്തി.
വിഷയം കാബിനറ്റും ചര്‍ച്ച ചെയ്തു. ഇത് ചെയ്തത് കാബിനറ്റിനെ അറിയിക്കാതെയാണെന്ന നെഹ്റുവിന്റെ ആരോപണം ശരിയല്ലെന്ന് തെളിയിക്കാന്‍ ഞാന്‍ കാബിനറ്റ് കുറിപ്പുകളെ ഉദ്ധരിച്ചു. മൗലാനയും ജഗ്ജീവന്റാമും വിഷയം കാബിനറ്റ് ചര്‍ച്ച ചെയ്തതാണെന്ന് പറഞ്ഞു. ഈ കാര്യത്തിന് ഭാരതസര്‍ക്കാര്‍ ഏകദേശം ഒരുലക്ഷം രൂപ ചെലവാക്കിയിട്ടുണ്ട്.
സബ്സിഡിയായും ഗ്രാന്റായും ഭാരതസര്‍ക്കാര്‍ ആയിരക്കണക്കിന് മുസ്ലിംപള്ളികള്‍ക്കും ഖബറുകള്‍ക്കും നല്കിയ സാഹചര്യത്തില്‍ ഒരു ഹിന്ദുക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാപനത്തിന് സര്‍ക്കാര്‍ കുറച്ചുപണം ചെലവാക്കുന്നതില്‍ ആക്ഷേപാര്‍ഹമായി യാതൊന്നുമില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. മതങ്ങളെല്ലാം തുല്യമാണെന്ന് വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കളുണ്ട്. അവര്‍ നെഹ്റുവിനെപ്പോലെ ബുദ്ധിജീവികളല്ല. ഞങ്ങളില്‍ ചിലര്‍ക്ക് അടിയുറച്ച മതവിശ്വാസം ഒരു ദൗര്‍ബല്യമാണ്.” (ഗവണ്മെന്റ് ഫ്രം ഇന്‍സൈഡ്-പേജ് 185-186)
ഹൈന്ദവകാര്യങ്ങളില്‍ നെഹ്റുവിന് ഉണ്ടായിരുന്ന വിമുഖതയും വിയോജിപ്പും എന്തുകൊണ്ട് എന്ന് വ്യക്തമാക്കുന്നതാണ് വിഖ്യാതമായ അദ്ദേഹത്തിന്റെ ഈ നിരീക്ഷണം.
”വിദ്യാഭ്യാസംകൊണ്ട് ഞാനൊരു ഇംഗ്ലീഷുകാരനാണ്, എന്റെ കാഴ്ചപ്പാടുകള്‍ ഒരന്തര്ദ്ദേശീയന്റേതാണ്. സംസ്കാരംകൊണ്ട് ഞാനൊരു മുസ്ലിമാണ്. ജനനത്തിന്റെ യാദൃശ്ചികതകൊണ്ട് മാത്രമാണ് ഒരു ഹിന്ദു.”
മനുഷ്യന് മരണഭയം ഉള്ളിടത്തോളം മതവിശ്വാസം മരിക്കില്ലെന്ന് കാള്‍മാര്‍ക്സ് പറഞ്ഞതായി പലരും ഉദ്ധരിച്ചുകണ്ടിട്ടുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു പണ്ഡിറ്റ് നെഹ്റു. കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ ജീവിതസായാഹ്നത്തില്‍ എന്നെങ്കിലും പറയേണ്ടിവരും.
നെഹ്റുവിന്റെ 1954 ലെ ഒസ്യത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചതിന് കടകവിരുദ്ധമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ശവസംസ്കാരം നിര്‍വഹിക്കപ്പെട്ടത്. കാശിയില്‍നിന്നും മതപുരോഹിതനെ വിമാനത്തില്‍ കൊണ്ടുവന്ന്, മൃതദേഹത്തില്‍ ഗംഗാജലം തളിച്ചു, ചന്ദനമുട്ടികള്‍കൊണ്ട് ചിതയൊരുക്കി, വേദമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ഹൈന്ദവാചാരങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ശവദാഹം നടത്തിയത്.
നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് മതചടങ്ങുകളോടെ അദ്ദേഹത്തിന്റെ ശവസംസ്കാരം നടത്തുന്നതിന് തികച്ചും എതിരായിരുന്നുവെങ്കിലും അവര്‍ നിസ്സഹായയായിരുന്നെന്നും ഇന്ദിരാഗാന്ധിയും ഗുല്‍സാരിലാല്‍ നന്ദയുമായിരുന്നു മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ ഒരുക്കിയതെന്നും ഏറെക്കാലം സ്വകാര്യ സെക്രട്ടറിയെന്ന നിലയ്ക്ക് നെഹ്റുവിനെ സേവിച്ച എം.ഒ.മത്തായി പറഞ്ഞതായി പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ ‘ഇന്ത്യാ ആഫ്ടര്‍ നെഹ്റു’ എന്ന തന്റെ പുസ്തകത്തില്‍ (പേജ് 1, 2) വ്യക്തമാക്കുന്നുണ്ട്.
1954 ല്‍ ഒസ്യത്തെഴുതുമ്പോഴുണ്ടായിരുന്ന മാനസികാവസ്ഥയില്‍ നിന്നും തന്റെ ജീവിതസായാഹ്നത്തില്‍ നെഹ്റു വളരെയധികം മാറിയിരുന്നുവെന്നും ഒരുപക്ഷേ അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കുപോലും വശംവദനായി തീര്‍ന്നിരുന്നുവെന്നും അനുമാനിക്കാന്‍ പോന്നതരത്തിലുള്ളതാണ് പുസ്തകത്തില്‍ നയ്യാരുടെ പിന്നീടുള്ള വെളിപ്പെടുത്തലുകള്‍.
ദല്‍ഹിയിലെ ഒരു ജ്യോത്സ്യന് നെഹ്റുവിന്റെ ദീര്‍ഘായുസ്സിനുവേണ്ടി മൃത്യുഞ്ജയമന്ത്രജപം (നാലു ലക്ഷത്തി ഇരുപത്തയ്യായിരം ആവര്‍ത്തി) നടത്തിയിരുന്നുവെന്ന് മത്തായി തന്നോട് വെളിപ്പെടുത്തിയതായും അതില്‍ പങ്കെടുക്കാന്‍ നെഹ്റു വൈകുകയോ എത്താതിരിക്കുകയോ ചെയ്താല്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ വിളിക്കുമായിരുന്നെന്ന് പ്രസ്തുത ജ്യോത്സ്യന് തന്നെ അറിയിച്ചിരുന്നതായും നയ്യാര്‍ രേഖപ്പെടുത്തുന്നു. (പേജ് 2)
ഇതുകാരണം നെഹ്റുവിന്റെ ആയുസ്സ് നാലോ അഞ്ചോ വര്‍ഷം നീട്ടിക്കിട്ടിയെന്നും ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍വച്ച് രോഗബാധിതനായശേഷം ഒരു പ്രത്യേക വ്യക്തിയെ മന്ത്രിസഭയില്‍ ഉള്പ്പെടുത്താതിരുന്നുവെങ്കില് (വകുപ്പില്ലാ മന്ത്രിയായി ലാല്‍ബഹദൂര്‍ ശാസ്ത്രിയേയും തൊഴില്‍മന്ത്രിയായി ദാമോദര സഞ്ജീവറെഡ്ഡിയേയുമാണ് നെഹ്റു മന്ത്രിസഭയില്‍ എടുത്തത്) അദ്ദേഹം കുറേക്കാലംകൂടി ജീവിച്ചേനെ എന്നും നന്ദ തന്നോടു പറഞ്ഞതായി നയ്യാര്‍ വെളിപ്പെടുത്തുന്നുണ്ട്. (പേജ് 2) ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത വ്യക്തിയുടെ പേര് പിന്‍വലിക്കാന്‍ നെഹ്റു ശ്രമിച്ചുവെന്നും അപ്പോഴേക്കും ആ പട്ടിക രാഷ്ട്രപതിയുടെ പക്കല്‍ എത്തിക്കഴിഞ്ഞിരുന്നുവെന്നും നന്ദ പറഞ്ഞതായി നയ്യാര്‍ രേഖപ്പെടുത്തുന്നു. (പേജ് 2)
ഈ സാഹചര്യത്തില്‍, നെഹ്റുവിന്റെ ശവദാഹം മതപരമായ ചടങ്ങുകളോടെ നടത്തപ്പെട്ടതിന് പൂര്‍ണമായും ഇന്ദിരാഗാന്ധിയെയും നന്ദയേയും കാരണക്കാരായി കാണുന്നത് ഉചിതമായിരിക്കുമോ?
നെഹ്റുവിന്റെ ചിന്തകളും വിശ്വാസങ്ങളും ഭാരതീയരെ ഒരളവോളം സ്വാധീനിച്ചുവെങ്കിലും അദ്ദേഹത്തിന് തന്നെ അവയൊന്നും ബോധ്യപ്പെട്ടിരുന്നില്ല എന്നതാവുമോ സത്യം? മതനിരാസമെന്ന ആശയത്തെ ജീവിതത്തില്‍ പ്രത്യക്ഷമായി ആചരിക്കാന്‍ നെഹ്റു തന്റെ ജീവിതകാലമത്രയും ശ്രമിച്ചു, എന്നാല്‍ ഒടുവില്‍ പരാജയപ്പെടുകയായിരുന്നു.
പക്ഷേ ഇത്തരം ആശയങ്ങളുടെ മൊത്തക്കച്ചവടക്കാരായ നമ്മുടെ സഖാക്കള്‍-മാര്‍ക്സിസ്റ്റ് ആചാര്യനും അവരുടെ മുഖ്യമന്ത്രിയും നാളെ മുഖ്യമന്ത്രിയാകാന്‍ കുപ്പായമണിഞ്ഞവരും എല്ലാം തന്നെ-ഭാര്യയെ മുന്‍നിര്‍ത്തിയും വീട്ടുകാരെ പറഞ്ഞുവിട്ടും ഗുരുവായൂരില്‍ പൂജയും കാടാമ്പുഴ പൂമൂടലും ശാസ്താദര്ശനവും മറ്റും നടത്തി പാപം കളയാന്‍ പ്രാര്‍ത്ഥിച്ചു കാണുമ്പോള്‍ തങ്ങളുടെ വിശ്വാസപ്രമാണങ്ങളിലെ ആശയപാപ്പരത്വം മറയും മടിയുമില്ലാതെ സമ്മതിക്കുകയായിരുന്നു. ഇക്കൂട്ടരില്‍ ഭേദം നെഹ്റു തന്നെയെന്നും പറയാതെ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: