തിരുവനന്തപുരം: സഹകരണമേഖലയുടെ വളര്‍ച്ചയ്ക്ക് ഭാരതീയ ചിന്താഗതിയോടെ പരസ്പരം സഹായിക്കുന്ന സഹകരണാത്മകമനോഭാവമാണ് വേണ്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍. സംസ്ഥാന സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരോഗതിയുടെ ആധാരം മത്സരമാണ്.
സഹകരണമേഖല ആത്മാര്‍ത്ഥമായി പ്രയോജനപ്പെടുത്തിയാല്‍ വളരെ ഉയര്‍ച്ച ഉണ്ടാകും. സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച് കാര്‍ഷിക മേഖല പോലെയുള്ളവരെ സഹായിക്കാന്‍ ഈ സംഘങ്ങള്‍ക്ക് കഴിയും.
കുര്യന് എന്ന മലയാളിയായ സഹകാരി ഗുജറാത്തില്‍ പോയി ക്ഷീരകര്‍ഷകര്‍ക്കായി അമുല്‍ എന്ന സ്ഥാപനം കെട്ടിപ്പടുത്ത് ലോകത്തിനുതന്നെ മാതൃകയാകാന്‍ സാധിച്ചു. അവിടം സന്ദര്‍ശിച്ച എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് അവിടത്തെ സഹകരണ മേഖലയില്‍ രാഷ്ട്രീയത്തിന് യാതൊരു പ്രസക്തിയുമില്ല എന്നാണ്.
കുര്യനോട് കര്‍ഷകര്‍ക്ക് നേരിട്ട് സംവദിക്കാനാകുമായിരുന്നു. കേരളത്തിലെ സഹകരണമേഖലയ്ക്ക് രാഷ്ട്രീയാതിപ്രസരം പിടികൂടിയിരിക്കുന്നു. സഹകരണസംഘം രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചാല്‍ കര്‍ഷക ആത്മഹത്യ കുറയ്ക്കാനാകും.
ബാലരാമപുരത്ത് 20 ലേറെ സഹകരണസംഘങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് നാലെണ്ണം ആയിക്കുറഞ്ഞു. ഇത്തരക്കാര്‍ക്ക് ഗുണമുണ്ടായില്ലെങ്കില് ഈ പ്രസ്ഥാനം നശിക്കും എന്നതിന് ഉദാഹരണമാണിത്. സഹകരണ മേഖലയിലെ ആദായനികുതിപ്രശ്നങ്ങള് കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: