ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനും മകരമാസ പൂജകള്‍ക്കും ശേഷം ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ തിരുനട ഇന്ന് അടയ്ക്കും. രാവിലെ 6 ന് നിര്‍മ്മാല്യ ദര്‍ശനത്തിനും അഭിഷേകത്തിനും മഹാഗണപതിഹോമത്തിനും ശേഷമായിരിക്കും നട അടയ്ക്കുന്നത്.
7 ന് പന്തളം രാജപ്രതിനിധി മകയിരം തിരുനാള്‍ കേരളവര്‍മ്മ രാജ അയ്യപ്പദര്‍ശനം നടത്തുന്നതോടെയാണ് നട അടയ്ക്കുന്നത്. തുടര്‍ന്ന് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി തീര്‍ത്ഥാടനക്കാലത്തെ വരുമാനമെന്ന സങ്കല്‍പ്പത്തില്‍ പണക്കിഴിയും ശ്രീകോവിലിന്റെ താക്കോലും രാജപ്രതിനിധിയെ ഏല്‍പ്പിക്കും.
പതിനെട്ടാംപടിക്ക്താഴെയെത്തി അടുത്ത ഒരുവര്‍ഷത്തെ പൂജാചെലവുകള്ക്കായി പണക്കിഴിയും താക്കോലും മേല്‍ശാന്തിയെ തിരികെ ഏല്‍പ്പിക്കും. തിരുവാഭരണപേടകങ്ങളും രാജപ്രതിനിധിയും പരിവാരങ്ങളും മലയിറങ്ങുന്നതോടെ തീര്‍ത്ഥാടനകാലത്തിന് പരിസമാപ്തിയാകും.
ശരംകുത്തിയിലേക്കുള്ള മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്ത് ഭക്തിസാന്ദ്രമായിരുന്നു. കന്നി അയ്യപ്പന്മാര് ശബരിമലയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ടോ എന്ന അന്വേഷിക്കാനാണ് ഈ എഴുന്നെള്ളത്തെന്നാണ് വിശ്വാസം. ശരംകുത്തിയില്‍ കന്നിഅയ്യപ്പന്മാര് തറച്ച ലക്ഷക്കണക്കിന് ശരങ്ങള്‍ കണ്ട് വേളി മുടങ്ങിയതിന്റെ ദുഃഖഭാവത്തില്‍ തിരികെമടങ്ങി. വാദ്യഘോഷങ്ങളോടെ കൊടിക്കൂറയും തീവെട്ടിയുമായി ഗജവീരന്റെ പുറത്ത് എഴുന്നെള്ളിയ അമ്മ കൊട്ടും കുരവയും ആര്‍പ്പുവിളികളുമില്ലാതെയാണ് മാളികപ്പുറത്തേക്ക് മടങ്ങിയത്.
മണ്ഡല -മകരവിളക്ക് മഹോത്സവത്തിന്റെയും മകരമാസപൂജകളുടേയും സമാപനം കുറിച്ച്് ഇന്നലെ നടന്ന ഉദയാസ്തമന പൂജ രാജപ്രതിനിധി മകയിരം തിരുനാള്‍ കേരളവര്‍മ്മ രാജയുടെ മേല്‍നോട്ടത്തിലായിരുന്നു. തന്ത്രി കണ്ഠരര് രാജീവരുടെ കാര്മികതത്വത്തിലും മേല്‍ശാന്തി ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ് പൂജ നടത്തിയത്. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ന് തിരു നട തുറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: