ന്യൂദല്‍ഹി: റിപ്പബഌക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എത്തുന്നതു കണക്കിലെടുത്ത് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതിനാലാണിത്. അതിര്‍ത്തിയിലുടനീളം കൂടുതല്‍ ബിഎസ്എഫ് ഭടന്മാരെ നിയോഗിച്ചു.
ഒബാമയുടെ സന്ദര്‍ശന സമയത്ത് ഭാരതത്തില്‍ ഒരിടത്തും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ അമേരിക്ക പാക്കിസ്ഥാനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമേരിക്ക പാക്കിസ്ഥാനെ അറിയിച്ചു.മുന്‍പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി.
ഏഴുതലത്തിലുള്ള സുരക്ഷയാണ് ഒബാമയ്ക്ക് ഒരുക്കുന്നത്. പരേഡ് നടക്കുന്ന രാജ്പഥിലും താമസസ്ഥലത്തും എല്ലാം ഇതുണ്ടാകും. ഈ മേഖലകളിലെല്ലാം റഡാറിന്റെ സഹായത്തോടെ നിരീക്ഷിക്കും.
വിവിധ ഏജന്‍സികളുടെ ഏകോപിപ്പിച്ചുള്ള കണ്ട്രോള് റൂം ഉണ്ടാകും. ഇവിടെ നിന്നാകും നിരീക്ഷണമടക്കമുള്ള കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുക.
രാജ്പഥിലും ചുറ്റുവട്ടത്തുമായി 80,000 ദല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കു പുറമേ പതിനായിരം അര്‍ദ്ധസൈനികരെയും നിയോഗിക്കും.ഈ മാസം 25ന് വൈകിട്ടാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഒബാമയെത്തുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ നേരത്തെ എത്തി. അവര്‍ തലസ്ഥാനവും ആഗ്രയും സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തി. ഒബാമ യുടെ യാത്രാപാതകളും അവര്‍ സന്ദര്‍ശിച്ചു.15000 സിസിടിവികളാണ് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്.
ഒബാമയുടെ കാര്‍ ദ ബീസ്റ്റ്
റിപ്പബഌക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒബാമയെത്തുന്നത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ലിമോസിന് കാറിലായിരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സ്വന്തം കാര്‍ വിട്ട് മറ്റൊരു കാറില്‍ യാത്രചെയ്യുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരിക്കും ഒബാമ.
വെടിയുണ്ടകളും ബോംബുകളും ചെറുക്കാന്‍ കഴിയുന്ന, ഭീകരാക്രമണങ്ങളെ നേരിടാന്‍ കഴിയുന്ന ലിമോസിന് കാറാണ് ഒബാമയുടേത്.
ചക്രത്തിലോടുന്ന കോട്ട. ദ ബീസ്റ്റ് എന്നും അറിയപ്പെടുന്ന കാറില്‍ തോക്കുകളും കണ്ണീര്‍വാതക പീരങ്കികളുമുണ്ട്. 18 അടി നീളമുള്ള കാറിന് എട്ട് ടണ്‍ ഭാരമുണ്ട്. അതായത് ഒരു ബോയിംഗ് 757 ന്റെ ഭാരം. എട്ടിഞ്ച് കനമുള്ള പുറംചട്ടയാണ് കാറിനുള്ളത്. ടയറുകള്‍ പഞ്ചറാകില്ല, വിണ്ടുകീറില്ല. ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കില്ല.
ഓക്സിജന്‍ ടാങ്കും അഗ്നിശമന സംവിധാനങ്ങളുമുണ്ട് ഇതില്‍. രാത്രിക്കാഴ്ചയുള്ള കാമറയുമുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക പരിശീലനം നേടിയ ഡ്രൈവറാണ് വാഹനം ഓടിക്കുന്നത്. അതിവേഗത്തില്‍ വണ്ടിയോടിക്കാനും 180 ഡിഗ്രിയില്‍ വണ്ടി തിരിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഉപഗ്രഹ ഫോണും അമേരിക്കയിലുമുള്ള വൈസ്പ്രസിഡന്റുമായി അപ്പപ്പോള്‍ നേരിട്ട് ബന്ധപ്പെടാനുള്ള ഡയറക്ട് ലൈനുമുണ്ട് ഈ കാറില്‍.
രാജ്പഥിലെ തുറന്ന വേദിയില്രണ്ടു മണിക്കൂര്‍
റിപ്പബഌക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ഒബാമ രണ്ടു മണിക്കൂര്‍ രാജപഥിലെ തുറന്ന വേദയിലുണ്ടാകും. ഒരമേരിക്കന്‍ പ്രസിഡന്റ് ഇതാദ്യമായാണ് ഇത്തരമൊരു പൊതുവേദിയില്‍ ഇത്രയും നേരം ഇരിക്കുന്നത്. സാധാരണ 45 മിനിറ്റാണ് അമേരിക്കന്‍ പ്രസിഡന്റ് തുറന്ന വേദിയില്‍ ഇരിക്കുക. രണ്ടു മണിക്കൂറിലേറെ തുറന്ന വേദിയില്‍ ഇരിക്കേണ്ടിവരുന്നതില്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒബാമയും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇരിക്കുന്നതിനും മുന്പില് ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡ് ഉണ്ടാകും. ദല്‍ഹിയുടെ പ്രവേശന കവാടങ്ങളില്‍ മുഖം തിരിച്ചറിയുന്നതരത്തിലുള്ള കാമറകളും ഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: