കൊല്ലം: കെ.എം.മാണിക്കെതിരേ ബിജു രമേശിനോട് ഫോണിലൂടെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറഞ്ഞ കാര്യം താന്‍ നിഷേധിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബിജു രമേശ് കാണിച്ചത് മാന്യതയല്ല. ഒരാളുമായി ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത ശേഷം പരസ്യമാക്കുന്നത് ബ്ലാക്ക്മെയ്ലിംഗാണ്. ബാര്‍ കോഴക്കേസില്‍ മാണി പണം വാങ്ങിയെന്നത് തന്റെ കേട്ടറിവ് മാത്രമാണ്. ആരോപണത്തില്‍ ബോധ്യമുണ്ടെങ്കില്‍ കേസുമായി മുന്നോട്ട് പോകാനാണ് ബിജുവിനോട് പറഞ്ഞതെന്നും ഇതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നുവെന്നും പിള്ള പറഞ്ഞു.
മാണിയുടെ അഴിമതികളെക്കുറിച്ച് താന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നുവെന്ന കാര്യത്തില്‍ ഉറച്ചു നില്ക്കുന്നു. മകനും എംഎല്‍എയുമായ കെ.ബി.ഗണേഷ്കുമാറിനൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ സമ്മതിക്കാന്‍ കഴിയില്ലെന്നും പരുമല പള്ളിയില്‍ എത്തി ഉമ്മന്‍ ചാണ്ടിക്ക് സത്യം ചെയ്യാമോ എന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: