ലോക്സഭയില്‍ അവതരിപ്പിച്ച വൈദ്യുതിനിയമം ഭാരതത്തിന്റെ വികസനത്തിന് പുതിയ ഉണര്‍വുണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ നിയമത്തിനെതിരെ കാര്യമായ എതിര്‍പ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആകെയുള്ള എതിര്‍പ്പ് നിലവില്‍ പൊതുമേഖലാ വൈദ്യുതി കമ്പനികളിലെ ജീവനക്കാര്‍ക്കാണ്. അതും തൊഴില്‍-വരുമാന സംരക്ഷണം മുന്‍ നിര്‍ത്തിമാത്രമാണ്.
പ്രവൃത്തി സമയത്തുപോലും രാഷ്ട്രീയപ്രവര്‍ത്തനവും മറ്റുമായി സമയം ചെലവഴിക്കുന്ന ഇക്കൂട്ടര്‍ക്ക് ഈ നിയമം ചിലപ്പോള്‍ വിനയായേക്കാം.
വൈദ്യുതി വിതരണരംഗത്ത് ഒന്നിലധികം ലൈസന്‍സുകള്‍ വരുന്നു എന്നുള്ളതാണ് ഈ നിയമത്തിന്റെ ഒരു പ്രത്യേകത. അങ്ങനെ വരുമ്പോള്‍ ഇഷ്ടമുള്ള ലൈസന്‍സിയില്‍നിന്ന് വൈദ്യുതി വാങ്ങുവാനുള്ള അവസരം പൊതുജനത്തിന് ലഭിക്കും. പാരമ്പര്യവും അല്ലാത്തതുമായ എല്ലാവിധ ഊര്‍ജസ്രോതസ്സുകളെയും പ്രോത്സാഹിപ്പിക്കുന്ന ഭേദഗതികളും ഇതിലുണ്ട്. പ്രത്യേകിച്ച് ജല വൈദ്യുതി-സൗരോര്‍ജ്ജ പദ്ധതികള്‍. എല്ലാ പവര്‍ഗ്രിഡുകളുടെയും ശാസ്ത്രീയവും ചിട്ടയുമായ പ്രവര്‍ത്തനം ഈ നിയമം ഉറപ്പാക്കുന്നു.
വൈദ്യുതി വില്‍പ്പന മേഖലയില്‍ മത്സരം വരുകയും നിരക്കുകള്‍ കുറയുകയും ചെയ്യുമെന്നതാണ് ഈ നിയമത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണീയത. ടെലകോം മേഖല ഇതിനുദാഹരണമാണ്. ഈ മേഖലയില്‍ മത്സരം വന്നപ്പോള്‍ പൊതുമേഖലാകുത്തകയായിരുന്ന (ബിഎസ്എന്‍എല്‍) തകര്‍ന്നുപോയൊന്നുമില്ല. മത്സരം വന്നപ്പോള്‍ അതിന്റെ കാര്യക്ഷമത വര്‍ധിച്ചതേയുള്ളൂ.
പുതിയ വൈദ്യുതിനിയമം വന്നാല്‍ ക്രോസ് സബ്സിഡി ഇല്ലാതാകുമെന്നും സാധാരണക്കാരുടെ വൈദ്യുതിനിരക്ക് കുത്തനെ കൂടുമെന്നുമാണ് ഈ നിയമത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ആകെ പറയുവാനുള്ളത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി ചെലവിനേക്കാള്‍ കുറഞ്ഞനിരക്കില്‍ കേരളത്തില്‍ വൈദ്യുതി നല്‍കുന്നത് വന്‍കിട-ചെറുകിട കച്ചവടക്കാരുടെ ചെലവിലാണ് എന്നുള്ളത് നമുക്ക് അറിയാം. ഇതിനെ ക്രോസ് സബ്സിഡി എന്നുപറയുന്നു. പക്ഷേ ഇത് ഒരു സാങ്കല്പ്പികമായ ക്രമീകരണം മാത്രമാണ്. എന്തെന്നാല്‍ കച്ചവടക്കാര്‍ തങ്ങള്‍ നല്കുന്ന വൈദ്യതിചാര്ജ്ജ് ഉല്‍പ്പന്നത്തിന്റെ വിലയില്‍ കയറ്റി ഉപഭോക്താവില്‍നിന്നും വാങ്ങും. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നതോ ഈ സമൂഹത്തിലെ സാധാരണക്കാരും. ഫലത്തില്‍ ക്രോസ് സബ്സിഡി ഒരു സാങ്കല്പ്പികം മാത്രം.
അതേസമയം ക്രോസ് സബ്സിഡി നിര്‍ത്തലാക്കി ചെറുകിട വന്‍കിട കച്ചവടക്കാരുടെ നിരക്ക് അല്‍പ്പം കുറയ്ക്കാമെങ്കില്‍ ഒട്ടനവധി വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഒഴുകിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല. അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും സാധാരണക്കാരുടെ ക്രയശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
പക്ഷേ, ഇന്ന് ക്രോസ് സബ്സിഡിയുടെ പേരില്‍ ചെറുകിട കച്ചവടക്കാരെ കൊള്ളയടിക്കുന്ന പ്രവണതയാണ് കേരളത്തിലെ വൈദ്യുതി സപ്ലൈ ഏജന്‍സിക്കുള്ളത്. ഓരോ നിരക്ക് വര്‍ധന കഴിയുന്തോറും കച്ചവടസ്ഥാപനങ്ങള്‍ പിടിച്ചുനില്ക്കുവാന് കഴിയാതെ പൂട്ടിപോകുന്ന കാഴ്ചയാണുള്ളത്. ഇത് കേരളസമൂഹത്തിനുണ്ടാക്കുന്ന ആഘാതം വളരെ വലുതാണുതാനും.
കേരളത്തിലെ മലബാര്‍ മേഖലയില്‍ വൈദ്യുതിരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്.
തിരുവിതാംകൂര്‍ മേഖലയില്‍ ജീവനക്കാര്‍ ആവശ്യത്തിലധികമുള്ളപ്പോള്‍ മലബാര്‍ മേഖലയില്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. കേരളത്തില്‍ ഇപ്പോഴുള്ള സപ്ലൈ ലൈസന്‍സിക്ക് ജീവനക്കാരെ ശരിയായ രീതിയില്‍ വിന്യസിക്കുവാന്‍ പോലും രാഷ്ട്രീയാതിപ്രസരം മൂലം സാധിക്കുന്നില്ല.
പുതിയ ലൈസന്‍സികള്‍ കടന്നുവരുന്നത് ഇങ്ങനെയുള്ള ദുഷ്പ്രവണതകളെ മറികടക്കുവാനും മലബാര്‍ പോലെയുള്ള പിന്നാക്കമേഖലകളില്‍ വൈദ്യുതിവിതരണരംഗം കൂടുതല്‍ ശക്തിപ്പെടുത്താനും സഹായകമാകും. പുതിയ വൈദ്യുതിനിയമം രാജ്യത്തിന്റെ പിന്നാക്കമേഖലയിലെ ഊര്‍ജ്ജ ദൗര്‍ലഭ്യം ഇല്ലാതാകുകയും ആ മേഖലയുടെ വികസനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഒരു രാജ്യത്തിന്റെ ശരിയായ വികസനത്തിന് അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ കടമയാണ്. ഊര്‍ജ്ജരംഗം അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാകുന്നു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ചെലവുകുറഞ്ഞ ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി കിട്ടുമെന്ന് ഇപ്പോഴുള്ള ദിശാബോധമുള്ള കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. അതിലേക്കായി വൈദ്യുതി നിയമം കാലികമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. ആകെയുള്ള അപകടം മത്സരം മുറുകുമ്പോള്‍ പൊതുമേഖലാ ലൈസന്‍സികളെ ദുര്‍ബലപ്പെടുത്തുവാനുള്ള ബോധപൂര്‍വമായ നീക്കം സ്വകാര്യലൈസന്സികള് രാഷ്ട്രീയക്കാരുമായും പൊതുമേഖലാ ലൈസന്സികളിലെ ഉന്നതഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തുമോ എന്നുള്ളത് മാത്രമാണ്. ബഹുകക്ഷി ജനാധിപത്യത്തില്‍ ഇതിനുള്ള സാധ്യത തീരെ തള്ളിക്കളയുവാന്‍ സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: