കോട്ടയം: സോളാര്‍ സമരത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര സമരമായ കയ്യൂര്‍ പുന്നപ്ര-വയലാര്‍ സമരങ്ങളേയും തുല്യപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വിവാദമാകുന്നു. ഏറ്റുമാനൂരില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന് അബദ്ധം പറഞ്ഞത്.
സോളാര്‍ സമരം അവസാനിപ്പിച്ചതിനെതിരെ പ്രതിനിധികള്‍ നടത്തിയ രൂക്ഷമായ വിമര്‍ശനത്തിന് കോടിയേരി നല്കിയ മറുപടി പാര്‍ട്ടി പ്രതിനിധികളെയും സിപിഐയെയും ഏറെ പ്രകോപിതരാക്കിയിട്ടുണ്ട്.
സോളാര്‍ സമരം മാത്രമല്ല പുന്നപ്ര-വയലാര്‍, കയ്യൂര്‍ സമരങ്ങളും ഒത്തുതീര്‍പ്പാകാതെ അവസാനിപ്പിച്ച സമരങ്ങളാണെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. പുന്നപ്ര-വയലാര്‍, കയ്യൂര്‍ സമരത്തേയും സോളാര്‍ സമരത്തേയും താരതമ്യപ്പെടുത്തുവാന്‍ കോടിയേരി നടത്തിയ ശ്രമം നിര്‍ഭാഗ്യകരമാണെന്നാണ് ഒരു വിഭാഗം പ്രതിനിധികള്‍ പ്രതികരിച്ചത്. പുന്നപ്ര-വയലാര്‍, കയ്യൂര്‍ സമര കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി വിലയിരുത്താതെയാണ് കോടിയേരി സംസാരിച്ചത്. ഇത് രക്തസാക്ഷികളോടുള്ള അവഹേളനമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
കോടിയേരിയുടെ പരാമര്‍ശം ശുദ്ധ വിവരകേടാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.ബി. ബിനു അഭിപ്രായപ്പെട്ടു. പുന്നപ്രയിലേയും കയ്യൂരിലെയും സമരം ധീരന്മാരായ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പോരാട്ടമാണ്. എന്നാല്‍ സെക്രട്ടറിയേറ്റ് ഉപരോധസമരം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ഡോ. തോമസ് ഐസക്ക് ആസൂത്രണം ചെയ്ത സമരമാണ്.
കോടിയേരി ബാലകൃഷ്ണനും അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെ ഉണ്ടാക്കിയ രഹസ്യകരാറിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
സമരത്തില്‍ ഉണ്ടായിരുന്ന സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ പോലും അഭിപ്രായം അറിയാതെയാണ് സമരം അവസാനിപ്പിച്ചത്. മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം അവസാനിപ്പിച്ചു എന്നറിയിക്കേണ്ടിയിരുന്നത് കണ്‍വീനര്‍ വൈക്കം വിശ്വനാണ്. എന്നാല്‍ ആ ധാര്മികതപോലും പാലിക്കാന്‍ പിണറായി വിജയന് തയ്യാറായില്ല.
ടിപി വധക്കേസിലെയും, ലാവ്ലിന് അഴിമതിക്കേസിലേയും തുടരന്വേഷണം സംബന്ധിച്ചുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അനവസരത്തില്‍ പിന്‍വലിച്ച സോളാര്‍ സമരവും ഉജ്ജ്വലമായ കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ചരിത്രം പറയുന്ന പുന്നപ്ര-വയലാര്‍, കയ്യൂര്‍ സമരങ്ങളെയും താരതമ്യപ്പെടുത്തുവാന്‍ ഒരു കമ്മ്യൂണിസ്റ്റിനാവില്ലെന്നും സിപിഐ നേതാവ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: