മനില: സ്ത്രീകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പുരുഷന്മാര് തയ്യാറാകണമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. മനിലയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നടന്ന യുവജന റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
പുരുഷന്മാര് സ്ത്രീകളെ തരംതാണവരായി കാണരുതെന്നും പുരുഷ മേധാവിത്തം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്. നമ്മള് സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നില്ലെന്ന് മാത്രം. പുരുഷന്മാരില് നിന്നും വ്യത്യസ്തമായി കാര്യങ്ങളെ വേറിട്ട വീക്ഷണകോണില്‍ കാണാനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ട്. പുരുഷന്മാര്ക്ക് മനസിലാകാത്ത ചോദ്യങ്ങളുയര്‍ത്താന്‍ സ്ത്രീയ്ക്ക് കഴിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റേജില്‍ തന്നോട് ചോദ്യങ്ങള്‍ ഉന്നയിച്ച അഞ്ചില്‍ നാലുപേരും പുരുഷന്മാരാണെന്ന കാര്യം ശ്രദ്ധിച്ചിട്ടാണ് മാര്‍പാപ്പ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
‘ഇവിടെ സ്ത്രീകളുടെ പ്രാതിനിധ്യം തീരെ കുറവാണ്’ സദസ്സില്‍നിന്നുയര്‍ന്ന ചിരികള്‍ക്കിടയില്‍ മാര്‍പാപ്പ പറഞ്ഞു. ‘പുരുഷന്മാര് കൂടുതല്‍ ആധിപത്യ പ്രവണത കാട്ടുന്ന ഇക്കാലത്ത്, സ്ത്രീകള്‍ക്ക് സമൂഹത്തെക്കുറിച്ച് ഏറെ പറഞ്ഞുതരാന്‍ സാധിക്കും’.
ദൈവമുണ്ടായിട്ടും കുട്ടികള്‍ എന്തുകൊണ്ട് അനാഥരാകുന്നു എന്ന ചോദ്യം ചോദിച്ചത് പുരുഷന്മാരല്ല മറിച്ച് 12 വയസുള്ള പെണ്‍കുട്ടിയാണെന്ന കാര്യം അദ്ദേഹം ചൂണ്ടികാട്ടി. അടുത്ത വര്‍ഷം മനിലയിലെത്തുമ്പോള് കൂടുതല്‍ സ്ത്രീകള്‍ കൂട്ടത്തിലുണ്ടാകട്ടെ എന്ന് തമാശരൂപേണ പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: