നമ്മള് ഒരു യാത്ര തുടങ്ങിയിരിക്കുകയാണ്. സമാധാനവും സൗഹാര്‍ദ്ദവും ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പ്രത്യാശയുടെ പദയാത്രയ്ക്ക് കന്യാകുമാരിയില്‍നിന്ന് സമാരംഭം കുറിച്ചിരിക്കുന്നു. ഏകദേശം 6500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് കശ്മീരില്‍ പര്യവസാനിക്കും.
എന്താണ് പ്രത്യാശയുടെ ഈ പദയാത്ര? ഇത് മനസിലാക്കണമെങ്കില്‍, ആദ്യം നാം നമ്മുടെ മാതൃഭൂമിയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കണ്ടതുണ്ട്. വൈരുധ്യങ്ങളാലും അസമാനതകളാലും സങ്കീര്‍ണമാക്കപ്പെട്ട ഒരു സമസ്യയാണ് നമ്മുടെ ഭാരതം. കാലഘട്ടങ്ങള്‍ മാറിമാറി വരുമ്പോഴും സങ്കീര്‍ണതകള്‍ കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഇത് നല്ലതോ ചീത്തയോ ആയ ചില പ്രവണതകള്‍ക്ക് കളമൊരുക്കുന്നു.
തെറ്റായ പ്രവണതകളുടെ അനന്തരഫലമായി ഇവിടെ ഇടയ്ക്കിടെ സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന ഇത്തരം കലാപങ്ങളില്‍ ഏറെ ഭദ്രമെന്ന് നാം കരുതിപ്പോരുന്ന സമാധാനവും സമൃദ്ധിയും നമുക്ക് കൈമോശം വരുന്നത് ക്ഷണനേരംകൊണ്ടാണ്. എണ്ണമറ്റ ജീവിതങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്. സമൂഹത്തിന്റെ ആത്മാവിനാണ് മുറിവേല്‍ക്കുന്നത്. ഇവിടെ നിലച്ചുപോകുന്നത്, ഒരു രാഷ്ട്രത്തിന്റെ അഭിവൃദ്ധിയാണ്. കലാപത്തിന്റെ കനലുകളെല്ലാം ക്രമേണ കെട്ടടങ്ങി, ജനജീവിതം സാധാരണനിലയിലേക്ക് എത്തുമ്പോഴേക്ക് വികസനത്തിന്റെ നിര്‍ണായകമായ ചില നല്ല അവസരങ്ങളാണ് രാഷ്ട്രത്തിന് എന്നന്നേക്കുമായി നഷ്ടമാകുന്നത്.
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, രാജ്യത്തെമ്പാടും യാത്രചെയ്തു. സാമുദായിക സംഘര്‍ഷത്തിന് അയവുവരുത്താനും പരസ്പരസൗഹാര്ദ്ദം സാധ്യമാക്കുവാനും ജീവിതാന്ത്യംവരെ അദ്ദേഹം യത്നിച്ചു. അഭിപ്രായ വൈവിധ്യങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. അന്നത്തെ പ്രശ്നങ്ങള്‍ അപരിഹാര്യമായി ഇന്നുംതുടരുന്നു. സ്വാഭാവികമായും ഇവിടെ ഒരു ചോദ്യമുയരാം. ഇവയൊക്കെയും പരിഹരിച്ചുകൊണ്ട്, ഈ രാജ്യത്തിന്റെ ഏകത ഉറപ്പുവരുത്താനുള്ള എന്തുമാര്‍ഗ്ഗമാണ് ‘പ്രത്യാശയുടെ പദയാത്ര’ മുന്നോട്ടുവയ്ക്കുന്നത്?
ഋഗ്വേദം ഇങ്ങനെ പറയുന്നു: സത്യം ഒന്നേയുള്ളൂ. പല പേരുകളില്‍ നമ്മളതിനെ വിളിക്കുന്നു എന്നുമാത്രം. എല്ലാ ജീവിതങ്ങളുടെയും ഉറവിടം ഒന്നാണ്. അതുകൊണ്ട്, മനുഷ്യന്റെ ഏകതയെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം നമ്മള്മുന്തിയ പരിഗണന നല്‍കേണ്ടത്. സ്വാഭാവികമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിക്കേണ്ടത് നമ്മുടെ രാജ്യത്തിനുള്ളില്നിന്നുതന്നെയാണ്. വരാനിരിക്കുന്ന തലമുറകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി രാഷ്ട്രത്തെ കെട്ടിപ്പടുക്കേണ്ടത്, അതിന്റെ ആത്മാവിനേറ്റ മുറിവുണക്കിക്കൊണ്ടാകണം.
അതിനായി നമ്മള് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചേ മതിയാവൂ. കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സന്നദ്ധതയുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇവിടെ ഉണ്ടാകേണ്ടത്. അതുകൊണ്ട് മതമൈത്രിയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് നമുക്കൊരുമിക്കാം. പരസ്പരം കൈകോര്‍ത്ത് ഈ പദയാത്രയില്‍ പങ്കുചേരാം.
യാത്ര സമാരംഭിച്ചത് ജനുവരി 12, മതമൈത്രിയുടെ പ്രഘോഷകനായ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിലായിരുന്നു എന്നത് ഈയവസരത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കന്യാകുമാരിയിലെ ഗാന്ധിസ്മൃതി മണ്ഡപത്തില്‍നിന്ന് 2015 ജനുവരി 12ന് തുടക്കംകുറിച്ച യാത്ര 11 സംസ്ഥാനങ്ങളിലൂടെ 15-18 മാസംകൊണ്ട് 6500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 2016 ല്‍ ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പര്യവസാനിക്കും.
ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക ഭൂമികകളിലൂടെ കടന്നുപോകുന്ന യാത്ര ഓരോ ദിവസവും 15-20 കിലോമീറ്റര്‍ ദൂരം പിന്നിടുന്നതും യാത്ര അവസാനിക്കുന്നിടത്ത് മുന്‍നിശ്ചയിച്ച പ്രകാരംപ്രാദേശിക പ്രാര്‍ത്ഥനാമന്ദിരത്തില്‍ ഒത്തുചേര്‍ന്ന് വ്യത്യസ്ത മതവിശ്വാസങ്ങളെ പരസ്പരം മാനിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളില്‍ മുഴുകുന്നതും അര്‍ത്ഥവത്തായ സംവാദങ്ങള്‍ നടത്തുന്നതുമാണ്. തുടര്‍ന്ന്‍എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ലഭ്യമാകുന്ന സൗകര്യങ്ങള്‍ക്കനുസൃതമായി ഏകതാബോധത്തോടെ വിശ്രമിക്കുന്നതുമായിരിക്കും. ഈ യാത്രയില്‍ നാം ഒരുമിക്കുന്നത് ഏതെങ്കിലും ഒരു സംഘത്തിന്റെയോ പാര്‍ട്ടിയുടെയോ പ്രതിനിധിയായിട്ടല്ല. ഒരു മനുഷ്യജീവിയായിട്ടാണ്.
ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ, ലിംഗഭേദങ്ങള്‍ക്കതീതമായി ഏവര്‍ക്കും തുല്യതയും അവസരസമത്വവുമുള്ള ഏകതാബോധത്തിലധിഷ്ഠിതമായ ഒരു സമൂഹനിര്മ്മിതിക്കുവേണ്ടിയാണ് ഈ യാത്ര.
നമുക്ക് ഒരുമിച്ച് ഭാരതപൗരന്മാരിലേക്ക് നേരിട്ട്, ഏകതയുടെ സന്ദേശം കൈമാറാനുള്ള അവസരമാണ് ആത്യന്തികമായി ഈ യാത്ര സമ്മാനിക്കുന്നത്. സമാധാനത്തിനും സൗഹാര്ദ്ദത്തിനുമുള്ള പ്രത്യാശയുടെ ഈ പദയാത്രയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.
ഈ യാത്രയുടെ ഏത് ഘട്ടത്തിലും ഏത് സ്ഥലത്തുവെച്ചും താങ്കളുടെ സൗകര്യാര്‍ത്ഥം പങ്കുചേരാവുന്നതാണ്. വരിക, ആത്മാന്വേഷണത്തിന്റെ ഈ ഭാരതയാത്രയില്‍ ഭാഗഭാക്കാകുക. നമുക്കൊരുമിച്ച് നടക്കാം. പരസ്പരം കൈകോര്‍ത്ത് ഏകതയിലധിഷ്ഠിതമായ ഭാരതത്തിനുവേണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: