തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിന്റെ ഫലമായി ഒരു പുതിയ കോര്‍പ്പറേഷനും 28 മുനിസിപ്പാലിറ്റികളും 66 പഞ്ചായത്തുകളും നിലവില്‍ വരുമെന്ന വാര്‍ത്ത വളരെ സ്വാഗതാര്‍ഹംതന്നെയാണ്. ഈ തീരുമാനം ബന്ധപ്പെട്ട പ്രദേശങ്ങളുടെ അഭിവൃദ്ധിക്ക് വഴിതെളിയിക്കുമെന്നുറപ്പാണ്. ജനങ്ങളുടെ ജീവിതസൗകര്യങ്ങള്‍ കൂട്ടാനും ഇത് സഹായിക്കും.
ഇനി ഉടന്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യം കൊച്ചി നഗരത്തെ വിപുലീകരിച്ച് ഒരു മഹാനഗരമാക്കുകയാണ്.
ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റി എന്നൊരു സ്ഥാപനമുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിപ്പോഴുമുണ്ടോ, അവര്‍ എന്തുചെയ്യുന്നു എന്നീ കാര്യങ്ങള്‍ അധികമാര്‍ക്കും അറിയില്ല. ആലുവ, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, മരട്, അരൂര്‍, ചേര്‍ത്തല, പറവൂര്‍ എന്നീ സ്ഥലങ്ങള്‍ കൊച്ചി കോര്‍പ്പറേഷനോട് ചേര്‍ക്കാവുന്നതാണ്. ഘട്ടംഘട്ടമായി ഉപനഗരങ്ങളിലേക്ക് മെട്രോ വണ്ടി ഓടിക്കുകയാണെങ്കില്‍ യാത്രാക്ലേശത്തിന് അറുതിവരുന്നതോടൊപ്പം സമയലാഭത്തിന് സഹായകമാവുകയും ചെയ്യും. നഗരത്തിന്റെ വികസനം മേല്പറഞ്ഞ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളെ കൊച്ചി കോര്‍പ്പറേഷനോട് ചേര്‍ത്താല്‍ കൂടുതല്‍ സുഗമമാകുമെന്നുറപ്പാണ്.
ബെംഗളൂരു, ചെന്നൈ പോലെ കൊച്ചിക്കും വികസനത്തിനുള്ള സാദ്ധ്യതകളും സൗകര്യങ്ങളും വേണ്ടവിധം വിനിയോഗിക്കുന്നില്ല എന്നതാണ് സത്യം. യാത്രക്കാരുടെ എണ്ണംകൊണ്ടും ഇനിയും വികസിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും ഭാരതത്തിലെ അഞ്ചാമത്തെയോ ആറാമത്തെയോ സ്ഥാനമുള്ള ഒരു വിമാനത്താവളവും നല്ലൊരു തുറമുഖവും കൊച്ചിയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും സഹായമാണെന്നുള്ളതാണ് അനുകൂലസാഹചര്യം. അത് വേണ്ടവിധം പ്രയോജനപ്പെടുത്തുകയാണ് ഊര്‍ജ്ജസ്വലനായ ഭരണകര്‍ത്താവിന്റെ കഴിവ്.
തളി ശങ്കരന് മൂസ്സത്
ഇടപ്പിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: