ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് തിരുപ്പതി ക്ഷേത്രത്തില്‍ ആരാധന നടത്തിയതുകൊണ്ട് അനര്ത്ഥമാണുണ്ടാക്കുകയെന്ന് സി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടതായി വായിച്ച് ഞെട്ടിപ്പോയി.
മറ്റൊരു രാഷ്ട്രത്തിനും ചിന്തിക്കാന്പോലുമാകാത്തത്ര കുറഞ്ഞചെലവില്‍ മംഗള്യാന് ദൗത്യം വിജയിച്ചതാണോ അനര്‍ത്ഥം? ഐഎസ്ആര്‍ഒ ചെയര്‍മാനായതുകൊണ്ട് അദ്ദേഹം ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനയുമൊന്നും നടത്തരുതെന്നാണോ? അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാവിഷയം എന്തെന്നും ആ പ്രാര്‍ത്ഥനയുമായി അദ്ദേഹം തിരുപ്പതിയില്പോണോ, ഗുരുവായൂരില്പോണോ, ശബരിമലയിലേക്കുപോണോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കാണധികാരം?
അഞ്ചുനേരം പ്രാര്‍ത്ഥനയില്‍ മുഴുകുന്നവര്‍ ആരാധനാലയങ്ങള്‍ ബോംബുവച്ചു തകര്‍ത്ത് നിരപരാധികളെ കൊല്ലുന്നതും വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലുന്നതും വിദ്യാലയങ്ങള്‍ക്ക് തീവെയ്ക്കുന്നതും മതംമാറാന്‍ തയ്യാറാകാത്ത ന്യൂനപക്ഷങ്ങളെ വംശഹത്യനടത്തുന്നതുമൊന്നും കാണാനും പ്രതികരിക്കാനും തയ്യാറാകാതെ തിരുപ്പതിയില്പോയി പ്രാര്‍ത്ഥിച്ച ഐഎസ്ആര്‍ഒ ചെയര്മാന് രാധാകൃഷ്ണന്റെ പ്രാര്‍ത്ഥനയില്‍ അനര്‍ത്ഥം കാണുന്നതിലെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ബാലികയെപ്പോലും ഹിറ്റ്ലിസ്റ്റില്പ്പെടുത്തുന്നവരും ഭയങ്കരമായി പ്രാര്‍ത്ഥിക്കുന്നവരാണ്. കുറഞ്ഞപക്ഷം ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കാനെങ്കിലും സെലിബ്രിറ്റികള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്നാശിച്ചുപോകുന്നു.
കെ.വി. സുഗതന്
എരമല്ലൂര്‍, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: