പുതിയ നാടകസങ്കേതങ്ങള്‍, ആവിഷ്കരണത്തിലെ പുതിയ മാതൃകകള്‍, ദൃശ്യ സാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റത്തിലും പുതു തലമുറ നാടകത്തെ ഗൗരവമായി കാണുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാണ് കലോത്സവത്തിലെ നാടക വേദിയില്‍ നിന്നുള്ള വിശേഷം. ഹൈസ്കൂള്‍ വിഭാഗം നാടകത്തില്‍ 21 നാടകങ്ങളാണ് അരങ്ങേറിയത്.
തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്കൂളിലെ അര്‍ച്ചനയും സംഘവും അവതരിപ്പിച്ച തുന്നല്‍, തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിഘ്നേഷും സംഘവും അവതരിപ്പിച്ച കറിവേപ്പില, മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ അരുവി ചിത്ര രാജും സംഘവും അവതരിപ്പിച്ച തുറന്ന വാതില്‍, കൂത്തുപറമ്പ് തൊക്കിലങ്ങാടി ഗവ. എച്ച്.എസ് എസ് അവതരിപ്പിച്ച ഒറ്റ തുടങ്ങിയ നാടകങ്ങള്‍ അവതരണത്തിന്റെ സവിശേഷത കൊണ്ടും പ്രമേയത്തിലെ വൈവിദ്ധ്യം കൊണ്ടും മികച്ചു നിന്നു.
ഭാരിച്ച പ്രമേയങ്ങള്‍ പോലും അനായാസമായി ആവിഷ്കരിക്കാന്‍ കഴിവുള്ള നാടക പ്രതിഭകളാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ രാവേറെ ചെന്നും അവസാനിക്കാത്ത നാടകവേദിയിലെ കുരുന്നുകള്‍. ജിനേഷ് ആമ്പല്ലൂര്‍ അണിയിച്ചൊരുക്കി തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിലെ നാടകം ജീവിതത്തിലെ സ്നേഹബന്ധങ്ങളുടെ തുന്നിച്ചേര്ക്കലുകളുടെ അനിവാര്യതയാണ് പ്രമേയമാക്കിയത്. അമ്മയും കുഞ്ഞും കുടുംബവും മണ്ണും മരവും പ്രകൃതിയുമെല്ലാം പരസ്പരം ഇഴുകിച്ചേരേണ്ടതിന്റെ ദൃശ്യാവിഷ്കാരമായി തുന്നല്‍ മാറി. ആണ്‍കുട്ടിയുടെ വേഷത്തിലെത്തിയ അര്‍ച്ചന അഭിനയത്തിന്റെ തന്മയത്വത്തില് മികച്ചു നിന്നു. കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ചരിത്രവുമായാണ് ഇവര്‍ രംഗവേദിയിലെത്തിയത്.
ഹെലന് കെല്ലറുടെ ജീവിത കഥ പ്രമേയമാക്കിയ തുറന്നവാതില്‍ വിദ്യാഭ്യാസത്തിന്റെ നൈതികതയും മൂല്യവും എന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു. സി. ഹണി, ജോബ്എന്നിവര് അണിയിച്ചൊരുക്കിയ നാടകം സഹിഷ്ണുതയാണ് വിദ്യാഭ്യാസത്തിന്റെ ഏറ്റവും നല്ല ഫലം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സമാപിച്ചത്.
കറിവേപ്പില അവതരിപ്പിച്ച ശിവദാസ് പൊയില്‍ക്കാവും തിരുവങ്ങുര്‍ എച്ച്എസ്എസ് ലെ വിഘ്നേഷും സംഘവും ദൃശ്യവത്ക്കരിച്ച പ്രമേയം ബന്ധങ്ങള്‍ വരണ്ടുപോകുമ്പോള്‍ മനസ്സില്‍ ചെകുത്താന്മാര് പ്രത്യക്ഷപ്പെടുന്നുവെന്നതായിരുന്നു. കളികളിലൂടെയും ക്ലാസുകളിലൂടെയും വീഡിയോ ഗെയിമുകളിലൂടെയും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് കഴുത്തറുപ്പന്‍ മത്സരങ്ങളാണ്. സ്വന്തം അമ്മയെപ്പോലും പൊന്നാക്കി മാറ്റാനാകുമോ എന്ന ജോണിക്കുഞ്ഞന്മാരെ സൃഷ്ടിക്കുന്ന ലോകം. എന്നാല്‍ ഭാവിയില്‍ എവിടെ നിന്നെങ്കിലും മാലാഖമാരായി ആരെങ്കിലും വന്ന് നിഷ്കളങ്ക ബാല്യത്തെ വീണ്ടും അമ്മിഞ്ഞപ്പാലിന് മാധുര്യം പേറും കുഞ്ഞിപ്പൂമ്പാറ്റയായി മാറ്റുമെന്ന പ്രതീക്ഷയിലാണ് നാടകം അവസാനിപ്പിക്കുന്നത്.
കൊല്ലാനുള്ള കത്തി തന്നെ മറ്റൊരുപയോഗത്തിലുടെ കരകൗശല വസ്തുക്കളുണ്ടാക്കാമെന്ന ഭാവാത്മക ചിന്തയാണ് ഒറ്റ ഉണര്‍ത്തുന്നത്. കൊലയാളിയായി മാറാന്‍ തീരുമാനിച്ച കുഞ്ഞിനെ ഇനിയാരെയും കൊല്ലില്ലെന്ന മനോവിശുദ്ധിയിലേക്കാണ് ഒറ്റ ആനയിക്കുന്നത്. 45 ഓളം നാടകങ്ങളും 67 ഓളം ഏകാഭിനയത്തിന്റെ രചനയും നിര്‍വഹിച്ച സവ്യസാചിയാണ് നാടകമൊരുക്കിയത്. നാടകത്തിന്റെ നഗരത്തില്‍ നിറഞ്ഞ വേദിയും അരങ്ങിലെ പുതിയ തലമുറയും നാടകത്തിന്റെ ശോഭനമായ ഭാവിയെ കാണിക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: