ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയേപ്പറ്റിയുള്ള ‘അനധികൃത ജീവചരിത്രം’ ദ റെഡ് സാരി 7 വര്‍ഷത്തെ അപ്രഖ്യാപിത നിരോധനത്തിനു ശേഷം രാജ്യത്ത് പ്രസിദ്ധീകരിച്ചു. സ്പാനിഷ് എഴുത്തുകാരനായ ജാവിയര്‍ മോറോ എഴുതിയ എല്‍ സാരി റോജോ എന്ന സ്പാനിഷ് ബുക്കിന്റെ ഇംഗ്ലീഷ് പ്രതിയാണ് പുറത്തിറങ്ങിയത്. സോണിയാഗാന്ധിക്കെതിരായ പരാമര്‍ശങ്ങളുള്ള ബുക്ക് പുറത്തിറക്കാന്‍ യുപിഎ സര്‍ക്കാരിനെ ഭയന്ന് പ്രസാധകര് ആരും തയ്യാറായിരുന്നില്ല.
ബുക്ക് പ്രസിദ്ധീകരിച്ച റോളി ബുക്സ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രിയ കപൂറാണ് ദ റെഡ് സാരി ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ വിവരം അറിയിച്ചത്. 2008ല്‍ സ്പാനിഷ് പതിപ്പ് പുറത്തിറങ്ങിയെങ്കിലും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി വക്കീല്‍ നോട്ടീസയച്ചതിനെ തുടര്‍ന്ന് മറ്റു ഭാഷകളിലേക്കുള്ള മൊഴിമാറ്റം എഴുത്തുകാരന് ജാവിയര്‍ മോറോയും സ്പാനിഷ് പ്രസാധകരായ പ്ലാനറ്റയും ഉപേക്ഷിച്ചു. സോണിയാഗാന്ധിയെപ്പറ്റി മോറോ എഴുതിയ മറ്റൊരു പുസ്തകമായ പാഷന് ഇന്ത്യ 17 ലോകഭാഷകളിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദ റെഡ് സാരിയിലെ വിവാദ വെളിപ്പെടുത്തലുകളാണ് സോണിയാഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും രോഷത്തിനു കാരണമായത്. സോണിയാകുടുംബത്തിലെ അകത്തളങ്ങളില്‍ നടന്ന സംഭവ വികാസങ്ങള്‍ പുറത്തുകൊണ്ടുവന്ന ജീവചരിത്രത്തെ ‘നാടകീകരിച്ച ജീവചരിത്രം’ എന്നാണ് മോറോ വിശേഷിപ്പിക്കുന്നത്.
വാക്യങ്ങളില്‍ നാടകീയതയുണ്ടെങ്കിലും യഥാര്‍ത്ഥ വസ്തുതകള്‍ തന്നെയാണ് പുസ്തകം വെളിപ്പെടുത്തുന്നതെന്നും മോറോ പറയുന്നു. സോണിയാഗാന്ധിയുടെ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലെഴുതിയ ബുക്കാണ് ദ റെഡ് സാരി.
രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടതോടെ ഭാരതം വിടാന്‍ സോണിയാഗാന്ധി തീരുമാനിച്ചിരുന്നതും ഇന്ദിരാഗാന്ധിയുടെ മരണ ശേഷം പ്രധാനമന്ത്രിപദം സ്വീകരിക്കുന്നതില്‍ നിന്നും രാജീവിനെ സോണിയ തടഞ്ഞതായും ബുക്ക് വ്യക്തമാക്കുന്നു. മകളോട് തിരികെ എത്താന്‍ ആവശ്യപ്പെടുന്ന സോണിയയുടെ അമ്മയുടെ പ്രസ്താവനകള്‍ വന്ന ഇറ്റാലിയന്‍ പത്രവാര്‍ത്തകളും മോറോ പ്രതിപാദിക്കുന്നു.
ഹിന്ദി പഠിക്കാന്‍ വിസമ്മതിച്ച സോണിയയുടെ ന്യായം എന്തിനാണ് വേലക്കാര്‍ ഉപയോഗിക്കുന്ന ഭാഷ പഠിക്കുന്നതെന്നായിരുന്നു എന്ന് മോറോ എഴുതുന്നു. മേനകാ ഗാന്ധിക്കെതിരെ സോണിയ സ്വീകരിച്ച നിലപാടുകളും ബുക്കിലുണ്ട്. പുതിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സോണിയാഗാന്ധിക്കെതിരായ ബുക്ക് പുറത്തിറങ്ങുന്നത് കോണ്‍ഗ്രസിനും സോണിയാകുടുംബത്തിനും വലിയ തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: