തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. ഓണക്കാലത്ത് വിപണിയിലിടപെടുന്നതിന്റെ ഭാഗമായി പഴം, പച്ചക്കറി സംഭരിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പുതുതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബുധനാഴ്ച രാവിലെ പൂജപ്പുര സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ഹോര്‍ട്ടികോര്‍പ് ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ അക്കൗണ്ട്സ് വിഭാഗത്തിലെ സുപ്രധാന രേഖകള്‍ കണ്ടെടുത്തു.
ഇവ സൂക്ഷ്മ പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ, ഹോര്‍ട്ടികോര്‍പ്പിലെ തിരിമറികളുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി കെ.പി. മോഹനന്, ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് ലാല്‍വര്‍ഗീസ് കല്പകവാടി എന്നിവര്‍ക്കെതിരെ പത്തനംതിട്ട കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാലിതിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ പരാതി വിജിലന്‍സ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
പുതിയ ഡയറക്ടര്‍ സുരേഷ്കുമാര്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. ചെയര്മാന് ലാല്‍ വര്‍ഗീസ് കല്പകവാടി എറണാകുളത്തായിരുന്നു. ഓഫീസില്‍ ധനകാര്യവകുപ്പിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ അവധിയിലായിരുന്നതിനാല്‍ ഏതൊക്കെ ഫയലാണ് വിജിലന്‍സ് കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ധാരണയില്ല. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കൃഷിവകുപ്പിനു കീഴിലെ കേരഫെഡിലും വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: