കുരുക്ഷേത്രയുദ്ധത്തില്‍ അര്ജ്ജുനന് സാരഥിയായി ശ്രീകൃഷ്ണനെ ലഭിച്ചു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ അമിത്ഷായ്ക്ക് കിരണ്‍ബേദിയെ കിട്ടി. തുല്യ അവസ്ഥ. അധര്‍മ്മത്തിനെതിരെ നിരന്തരം പൊരുതിയ പാരമ്പര്യമുണ്ട് കിരണ്‍ബേദിക്ക്.
നാലു പതിറ്റാണ്ടിന് മുന്‍പ് ആദ്യ ഐപിഎസുകാരിയായി സര്‍വീസില്‍ കയറിയ കിരണ്‍ബേദി കര്‍മ്മനിരതയായിരുന്നു. പെന്ഷന് പ്രായം എത്തുംമുന്‍പ് പിരിഞ്ഞ് പൊതുരംഗരത്തിറങ്ങിയ കിരണ്‍ബേദി എന്നും വാര്‍ത്തകളില്‍ ഇടം നേടി. ലോകമറിയുന്ന പോലീസ് ഉദേ്യാഗസ്ഥ, സാമൂഹ്യസേവനസന്നദ്ധ പ്രവര്‍ത്തക. അഴിമതിക്കെതിരായ സമരത്തിന്റെ മുന്‍നിരനായിക എന്നീ നിലകളിലെല്ലാം ശോഭിച്ച കിരണ്‍ബേദി ബിജെപിയില്‍ ചേര്‍ന്നു എന്നു കേട്ടപ്പോള്‍ പലരും നെറ്റിചുളിച്ചു.
പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ദുശാസനന് ആര്‍ത്തട്ടഹസിക്കുമ്പോള്‍ പാഞ്ചാലിക്ക് രക്ഷയായത് ശ്രീകൃഷ്ണനാണ്. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി നാടാകെ പ്രചാരണത്തിനിറങ്ങിയപ്പോള്‍ ബുദ്ധിജീവികളില്‍ പലര്‍ക്കും ദുശ്ശാസനന്റെ സ്വഭാവമായിരുന്നു. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അതേ മനസ്സും പ്രവര്‍ത്തിയും. അണ്ണാഹസാരെ കെട്ടിപ്പൊക്കിയ അഴിമതിവിരുദ്ധ പോരാട്ടത്തിന് ഒപ്പംചേര്‍ന്ന ചിലര്‍ ‘ആപ്പ്’ ഉണ്ടാക്കിയപ്പോള്‍ അക്കൂട്ടത്തില്‍ കിരണ്‍ ബേദി ഉണ്ടായില്ല.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള കേജരിവാളിന്റെ കുതന്ത്രത്തെ തുറന്നുകാട്ടിയ കിരണ്‍ബേദി ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്രമോദി അധികാരത്തിലെത്തണമെന്നാണാഗ്രഹിച്ചത്. ഫലം വരുന്നതിന് മുന്‍പ് തന്നെ നിറവും നിലപാടും വ്യക്തമാക്കിയ കിരണ്‍ബേദി ഒടുവില്‍ ഔദേ്യാഗികമായി ബിജെപിയില്‍ അംഗത്വവുമെടുത്തു. ”പ്രധാനമന്ത്രി നരേന്ദ്രമോദി ഏല്‍പ്പിച്ച ദൗത്യവുമായാണ് ഞാന്‍ പാര്‍ട്ടിയില്‍ അണിനിരക്കുന്ന”തെന്ന് കിരണ്‍ ബേദി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ മൊബൈല്‍ സന്ദേശത്തിലൂടെ പാര്‍ട്ടിയുടെ അംഗത്വം സ്വീകരിച്ച കിരണ്‍ ബേദി തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമിത് ഷായ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു കിരണ്‍ ബേദിയുടെ പാര്‍ട്ടി പ്രവേശനം.
”ദല്ഹിക്കാവശ്യം സ്ഥിരതയും സുതാര്യതയും അനുഭവസമ്പത്തുമുള്ള നേതൃത്വത്തെയാണ്. സുശക്തവും അഴിമതിരഹിതവും സ്ഥിരതയുമുള്ള സര്‍ക്കാരാണ് ദല്‍ഹിയുടെ പ്രധാന ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ നല്കുന്ന പ്രേരണയാണ് ബിജെപിയില്‍ ചേരാന്‍ കാരണം. സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് ഇതുവരെയും പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥ രാജ്യസ്നേഹിയായി ജീവിക്കുന്നയാളാണ് ഞാന്‍. കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രത്തെ സേവിച്ചതിന്റെ അനുഭവ പരിചയമുണ്ട്. ഇത്തരത്തിലൊരു അവസരം നല്കിയ ബിജെപി നേതൃത്വത്തോട് നന്ദി.” ബിജെപി അംഗമായശേഷം കിരണ്‍ബേദിയുടെ ഈ പ്രതികരണം ദല്‍ഹി നിവാസികളെ മാത്രമല്ല ശോഭനമായ ഭാവി ആഗ്രഹിക്കുന്നവരെയെല്ലാം സന്തോഷിപ്പിച്ചിരിക്കുകയാണ്.
ദല്‍ഹിയില്‍ കിരണ്‍ബേദി ബിജെപി അംഗത്വമെടുക്കുമ്പോള്തന്നെ പശ്ചിമബംഗാളില്‍നിന്ന് വന്ന മറ്റൊരു വാര്‍ത്തയാണ് ബിജെപി വിരുദ്ധരെ സ്തബ്ദരാക്കിയത്. മമതാ ബാനര്‍ജിയുടെ മന്ത്രിസഭയിലെ ഒരംഗം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതാണത്. മമതാ ബാനര്‍ജി ബിജെപിയെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. അതിന് ബദ്ധശത്രു എന്ന് ഇതുവരെയും കരുതിപ്പോന്ന മാര്‍ക്സിസ്റ്റുകാരുമായി ചേരാം. കോണ്‍ഗ്രസുമായി കൂടാം എന്നുവരെ തീരുമാനിച്ചുനില്ക്കവെയാണ് രാവണപക്ഷത്തുനിന്ന് വിഭീഷണന് ശ്രീരാമ സങ്കേതത്തിലെത്തിയപോലെ ബംഗാള്‍ മന്ത്രി മഞ്ജുല്‍ കൃഷ്ണ താക്കൂര്‍ ബിജെപിയിലെത്തിയത്.
തൃണമൂല്‍ നേതാവും താക്കൂറിന്റെ മകനുമായ സുബ്രതോ താക്കൂറും ബിജെപിയില്‍ ചേരുകയാണ്.
ദല്‍ഹിയിലും ബംഗാളിലും വസന്തത്തിന്റെ ഇടിമുഴക്കം അനുഭവപ്പെടുമ്പോള്‍ ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ എന്നു പറഞ്ഞിരിക്കാന്‍ കേരള മനസ്സ് അനുവദിക്കില്ലല്ലൊ. സമൂഹത്തില്‍ പേരുംപെരുമയുമുള്ള പ്രവര്‍ത്തനപരിചയമുള്ള ഒരുപാടാളുകള്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് നില്ക്കാന് തുടങ്ങി. ചിലര്‍ അതിനായി മാനസികമായി തയ്യാറാവുകയും ചെയ്തു.
നരേന്ദ്രമോദിയുടെ ഭരണത്തെ ഭാവാത്മകമായി കണ്ട് പ്രതികരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. അതില്‍ പ്രമുഖനാണ് സുരേഷ് ഗോപി. മലയാളസിനിമയിലെ കരുത്തിന്റെയും അഭിനയമികവിന്റെയും പര്യായമാണ് സുരേഷ്ഗോപി സാമൂഹ്യപ്രതിബദ്ധതയിലാകട്ടെ സുരേഷ്ഗോപിക്ക് തുലനംചെയ്യാന്‍ മറ്റൊരു നടന് ഇല്ലെന്നുതന്നെ പറയാം. വകതിരിവുള്ളവരെല്ലാം നരേന്ദ്രമോദിയിലും പുതിയ കേന്ദ്രസര്‍ക്കാരിലും നന്മ കാണുന്നുണ്ട്. അക്കൂട്ടത്തിലൊരാളായി സുരേഷ്ഗോപി മാറിയപ്പോള്‍ കോണ്‍ഗ്രസ് പത്രത്തിന് വല്ലാത്ത പുളിച്ചുതേട്ടല്‍. അതാണിന്നലെ മുഖപ്രസംഗമായി അവതരിച്ചത്.
‘സുരേഷ്ഗോപി കേരളത്തിലെ തൊഗാന്ധിയോ’ എന്നാണ് വീക്ഷണത്തിന്റെ സംശയം. ‘വിഴിഞ്ഞം തുറമുഖത്തിനായി ഹിന്ദുസമൂഹം ഉണരണ’ മെന്ന സുരേഷ്ഗോപിയുടെ ആഹ്വാനമാണ് കോണ്‍ഗ്രസ് പത്രത്തിന് അരിശം കയറ്റിയത്. ഹിന്ദു എന്നു പറയുന്നത് മദാമ്മ നയിക്കുന്ന പാര്‍ട്ടിക്ക് അലോസരമുണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കോണ്‍ഗ്രസ് നേതൃത്വം പണ്ട് ഹിന്ദ് സ്വരാജിനുവേണ്ടിയായിരുന്നു സമരമുഖത്തിറങ്ങിയത്. അതിനുവേണ്ടി വെള്ളക്കാരന്റെ തോക്കിനുമുന്നില്‍ വിരിമാര് കാട്ടി വെല്ലുവിളിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. രാമരാജ്യത്തിനായി ആഗ്രഹിക്കുകയും അതിനായി ആഹ്വാനം നടത്തുകയും ചെയ്ത ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ രാമനെന്ന് കേള്‍ക്കുമ്പോള്‍ വിറകൊള്ളുകയാണല്ലൊ.
വടികൊടുത്ത് യൂത്ത് കോണ്‍ഗ്രസുകാരില്‍നിന്നും അടിവാങ്ങിയശേഷം മാപ്പുപറഞ്ഞ് തടിതപ്പിയ നടനാണ് സുരേഷ്ഗോപിയെന്നൊക്കെ മുഖപ്രസംഗത്തിലെഴുതുന്നതിലെ മാന്യതയില്ലായ്മയും മര്യാദകേടും വീക്ഷണത്തിന് ഭൂഷണമായേക്കും. ശൂര്‍പ്പണഖമാരും രാവണന്മാരും ദുശ്ശാസനന്മാരും ആധിപത്യമുറപ്പിച്ച കോണ്‍ഗ്രസില്‍ നിന്നും മറ്റെന്ത് പ്രതീക്ഷിക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: