മതം വിശ്വാസസ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരുത്തമ ആദര്‍ശത്തിലേക്ക് നയിക്കുന്നതും ആയിരിക്കണമെന്ന് ശ്രീനാരായണ ഗുരുദേവന് ഉപദേശിച്ചത് ലോകത്തെ എല്ലാ വിഭാഗം ജനങ്ങളോടുമായിരുന്നു. അപ്പോള്‍ എല്ലാവരും അവരവരുടെ ധര്‍മത്തിലും വിശ്വാസത്തിലും ഉറച്ചുനിന്നാല്‍ നാട്ടില്‍ ഇന്നുകാണുന്ന അസ്വാരസ്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
ഉത്തമാദര്‍ശം കൊണ്ടുനടന്നാല്‍ അദ്ധ്വാനംകൂടാതെ ഉദരപൂരണം നടക്കുകയില്ലെന്ന് ബോധ്യമുള്ളവര്‍ വിദേശമതം വളരാന്‍ പ്രോത്സാഹനം നല്കി മതപരിവര്‍ത്തനത്തിന് കൂട്ടുനിന്നു. ചിലര്‍ ഭീഷണി മൂലവും മതപരിവര്‍ത്തനത്തിന് വശംവദരായി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണം നിലനിര്‍ത്താന്‍ വോട്ടുബാങ്ക് ലക്ഷ്യം വച്ച് മതപരിവര്‍ത്തനത്തെ പോഷിപ്പിക്കുന്നു. മതപരാവര്‍ത്തനത്തെ എതിര്‍ക്കുന്നു.
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പച്ചബോര്‍ഡ് സംസ്കാരത്തെ എതിര്‍ക്കാത്തവര്‍ കാവിവല്‍ക്കരണത്തിന്റെ പേരില്‍ സമരകാഹളം മുഴക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? സ്വാതന്ത്ര്യാനന്തരം ആറുപതിറ്റാണ്ടുകളായി ഹിന്ദുമതവിശ്വാസികളെ മറ്റുമതസ്ഥര്‍ മതം മാറ്റിയപ്പോള്‍ കണ്ടില്ലെന്നു നടിച്ച ഈശ്വരവിശ്വാസികളും അവിശ്വാസികളുമായ രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മടിശീലയുടെ കനം വര്‍ധിപ്പിക്കാനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ പറ്റുകില്ല. ഇതുവരെ മതംമാറ്റിക്കൊണ്ടിരുന്നത് ഭാരതത്തിന്റെ തനതുസംസ്കാരത്തെ വൈദേശിക മതങ്ങളിലേക്കായിരുന്നു. അതിനുവേണ്ടി വിദേശഫണ്ടും നമ്മുടെ രാജ്യത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ കുറെവിഹിതം രാഷ്ട്രീയക്കാരുടെ കരങ്ങളിലും എത്തുന്നുണ്ട്.
ഭാരതത്തില്‍ മറ്റുരാജ്യങ്ങളില്‍ ഒന്നും കാണാത്ത തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്ന വര്‍ധനവിന് പ്രധാന കാരണം കള്ളപ്പണത്തിന്റെ വര്‍ധിച്ച ലഭ്യതയാണ്. പൊന്നാനി, പേട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു ദിവസേന നടന്നുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനത്തെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് സാമാന്യജനങ്ങള്‍ക്ക് അറിയാം. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ഭീകരര്‍ പിടിക്കപ്പെടാതിരിക്കാന്‍ നിയമംകൊണ്ടുവന്നവരാണ് ഘര്‍വാപസിയെ എതിര്‍ക്കുന്നത്.
ഭാരതം വിഭജിക്കപ്പെട്ടപ്പോള്‍ ഇപ്പോഴത്തെ ഭാരതവും മുസ്ലിം രാഷ്ട്രമായി പാക്കിസ്ഥാനും ഉണ്ടായി. അങ്ങനെ വിഭജിച്ച ഭാരതത്തെ മതേതര രാഷ്ട്രമാക്കിമാറ്റിയത് ചിലരുടെ ഗൂഢാലോചനയുടെ ഫലമാണ്. ഒരു പ്രധാനമന്ത്രിയുടെ കുടുംബത്തിലെ പിന്തലമുറക്കാര് ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി ഇവയില്‍ ഏതില്‍ ഉള്‍ക്കൊള്ളും എന്ന് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന കാലഘട്ടത്തില്‍ മതേതരത്വത്തെ ഭാരത ഭരണഘടനയില്‍ ഉള്‍പ്പെടുത്തി ആ കുടുംബാംഗങ്ങളെ സംരക്ഷിച്ചു.
പിന്നീടിങ്ങോട്ടു വന്ന ഭരണകര്‍ത്താക്കള്‍ ഏകകക്ഷി ഭരണം മാറി കൂട്ടുകക്ഷി ഭരണം നിലനിര്‍ത്താന്‍ വോട്ടും തുട്ടും മോഹിച്ച് വിദേശമതങ്ങളെ വളര്‍ത്താന്‍ മത്സരിക്കുകയാണ് ചെയ്തത്. ഇവരാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നത്. കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!
എസ്.രാധാകൃഷ്ണപിള്ള
കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: