മൂന്നുമാസം കഴിഞ്ഞു, ട്രാന്‍സ്പോര്‍ട്ട് പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസ പെന്ഷന് ലഭിച്ചിട്ട്. അവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മാധ്യമങ്ങള്‍ എഡിറ്റോറിയലുകള്‍ എഴുതി. സെക്രട്ടറിയേറ്റിലും ട്രാന്‍സ്പോര്‍ട്ട് ഭവനിലും നിത്യദുര്വിധിയുടെ പര്യായംപോലെ പെന്‍ഷന്‍കാരുടെ പട്ടിണി മാര്‍ച്ചും സമരവും. കോടതി പെന്ഷന് നല്കാന് ഉത്തരവ് പുറപ്പെടുവിച്ചു. ആര്‍ടിസി മാനേജുമെന്റും സര്‍ക്കാരും പൊട്ടന് കളിക്കുന്നു. നിയമം ലംഘിക്കുന്നു.
ഒക്ടോബര്‍ ഒന്നിന് ഒരു വയോജന ദിനം കൂടി കടന്നുപോയി. നിയമം അനുശാസിക്കുംപോലെ, ആവശ്യമായ സംരക്ഷണവും സുരക്ഷയും സാമ്പത്തികസഹായവും ട്രാന്‍സ്പോര്‍ട്ട് പെന്‍ഷന്‍കാരായ വൃദ്ധജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ല. കോര്ട്ടലക്ഷ്യക്കേസില് കോടതിമുറിയില്‍ കയറിനിന്ന് ”പണമില്ല” എന്നു വിലപിക്കുന്ന എംഡി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 8400 കോടി രൂപ സര്‍ക്കാര്‍ ഇതിനകം കടമെടുത്തു. 1000 കോടി കൂടി വീണ്ടും കടമെടുക്കുന്നു. ട്രാന്‍സ്പോര്‍ട്ട് പെന്ഷന് മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജിന് പ്രതിമാസം 20 കോടി നല്കാന് എന്നിട്ടും പണമില്ലത്രെ!
തുച്ഛമായ പെന്ഷന് മൂന്നുമാസങ്ങള്‍ക്കുശേഷം ഗഡുക്കളായി ലഭിക്കുമ്പോള്‍, പ്രശാന്തി ലോണെടുത്തവര്‍ക്ക് റിക്കവറിക്കുപോലും പണം തികയുന്നില്ല.
ജീവനാംശമായ പെന്ഷന് ഇന്നല്ലെങ്കില്‍ നാളെ കൊടുത്തേ തീരൂ! അത് കൃത്യമായി ഒരുമിച്ച് കൊടുത്താലെന്ത്? പെന്ഷന് വൈകിയതുമൂലം ആത്മഹത്യചെയ്ത എത്രയെത്ര പേര്. പാലക്കാട്ട് മണി, തിരുവനന്തപുരത്ത് വാസു, പൊന്നാനിയില്‍ രാമകൃഷ്ണന്, ഒടുവിലിതാ കോഴിക്കോട് പെരെശനും….
വൈദ്യുതികമ്പിയില്‍ തട്ടി പിടഞ്ഞു മരിക്കുന്ന വാവലുകളല്ല പെന്‍ഷന്‍കാര്‍ എന്ന സത്യം ട്രാന്‍സ്പോര്‍ട്ട് മന്ത്രി തിരിച്ചറിയണം. പെന്ഷന് പ്രശ്നത്തില്‍ മൂന്നുമാസത്തിനകം ശാശ്വതപരിഹാരം ഉണ്ടാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറഞ്ഞിട്ട് ആറുമാസം കഴിഞ്ഞു. പ്രതിമാസം ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ പാഴ്വസ്തുപോലെ മുറിയുടെ മൂലയിലും വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട് കടത്തിണ്ണയിലും പെരുവഴിയിലും ജീവിതം (?) തുടരുന്ന ഹതഭാഗ്യരെ, ദയാവധം പോലെ മരണത്തിന്റെ വായിലേക്ക് തള്ളിവിടാതെ വെടിവെച്ച് കൊല്ലൂ!!
വട്ടപ്പാറ രവി
സംസ്ഥാന സെക്രട്ടറി കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: