ഹരിപ്പാട്: കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള ജില്ലയിലെ 62 നന്മ സ്റ്റോറുകള്‍ക്കും ആറ് ഗോഡൗണുകള്‍ക്കും ജനുവരി 17ന് പൂട്ട് വീഴും. ലക്ഷങ്ങള്‍ കോഴനല്കി ജോലിയില്‍ പ്രവേശിച്ച മുന്നൂറിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തി ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കണക്കുകള്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ ശേഖരിച്ചു തുടങ്ങിയതായി സൂചന.
തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ മന്ത്രിയുടെ ഓഫീസിന് മുന്നില്‍ സമരം നടത്താനുള്ള തയാറെടുപ്പിലാണെന്ന് അറിയുന്നു. ഒരുമാസം മുമ്പ് കണ്‍സ്യൂമര്‍ഫെഡ് എം.ഡി ഉള്‍പ്പെടെ പങ്കെടുത്ത ബോര്‍ഡ് യോഗത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നന്മാ സ്റ്റോറുകളും ഗോഡൗണുകളും അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ നിന്നുള്ള ഡയറക്ടര്‍ ബോര്‍ഡംഗത്തിന്റെ ഇടപെടല്‍മൂലം നടപടി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. 10,000 രൂപയില്‍ താഴെ പ്രതിദിനം ശരാശരി വില്പന ഇല്ലാത്ത നന്മ സ്റ്റോറുകള്‍ അടച്ചു പൂട്ടാനാണ് തീരുമാനം. ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ഹരിപ്പാടാണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയത്.
ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ചിലരില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്. പണവും തൊഴിലും നഷ്ടപ്പെടാന്‍ പോകുന്നവരില്‍ ചിലരാണ് തങ്ങള്‍ വഞ്ചിതരായ വിവരം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് അറിയുന്നു. എന്നാല്‍ ജില്ലയില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാക്കിങ് സെന്ററുകള്‍ നഷ്ടത്തിലാണന്ന് ജീവനക്കാര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇവിടങ്ങളില്‍ വീണ്ടും ജീവനക്കാരെ നിയമിക്കുകയായിുന്നു.
62 നന്മ സ്റ്റോറുകള്‍ക്ക് പുറമേ ഹരിപ്പാട് എഫ്സിഐ ഗോഡൗണ്‍, താമരക്കുളം എന്‍പിസി, തൃക്കുന്നപ്പുഴ, മണ്ണഞ്ചേരി, നെടുമുടി പാക്കിങ് ഗോഡൗണുകള്‍ക്കും ഇന്നു പൂട്ടു വീഴും. കൂടുതല്‍ ജീവനക്കാരുള്ളത് ഹരിപ്പാട് ഗോഡൗണിലാണ്. ഓഫീസ് ജീവനക്കാര്‍ ഇരുപത്തിമൂന്നും, പാക്കിങ് ജീവനക്കാര്‍ 33 പേരുമാണുള്ളത്. ഗോഡൗണിന് ഇന്ന് താഴു വീഴുന്നതോടെ ജീവനക്കാര്‍ ഭൂരിഭാഗവും പെരുവഴിയിലാകും. ഹരിപ്പാട് ഗോഡൗണിന് 1,40,000 രൂപ വാടകയും 25,000 രൂപ വൈ്യദുതി ചാര്‍ജുമാണ് പ്രതിമാസം കണ്‍സ്യൂമര്‍ ഫെഡ് നല്‍കേണ്ടി വരുന്നത്. ജീവനക്കാരുടെ ശമ്പളം കൂടിയാകുമ്പോള്‍ പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടത്തിലായിരുന്നു. ഇതിനിടെ കണ്‍സ്യൂമര്‍ ഫെഡിന്റെ കിഴിലുള്ള കോസ്മറ്റിക് സ്റ്റോറുകളും നിര്‍ത്തലാക്കാന്‍ ആലോചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: