പത്തനംതിട്ട “: വിമാനത്താവളത്തിന് വേണ്ടി നിയമവിരുദ്ധമായി മണ്ണിട്ടു നികത്തിയ ആറന്മുള ചാല്, കരിമാരം തോട്, വലിയ തോട്, കോഴിത്തോട് തുടങ്ങിയവ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
കോടതി വിധി നടപ്പാക്കാത്ത ജില്ലാ കളക്ടര്‍ക്കെതിരെ കോര്ട്ടലക്ഷ്യക്കുറ്റം ചുമത്തിക്കൊണ്ടുളള ഹൈക്കോടതിയുടെ കണ്ടെത്തല്‍ ജില്ലാഭരണകൂടത്തിനു സര്‍ക്കാരിനും ഏറ്റ കനത്ത തിരിച്ചടിയാണ്. ജനാധിപത്യബോധമില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള കനത്ത താക്കീത് കൂടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണമെന്ന് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
കെജിഎസ് ഗ്രൂപ്പ് തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് പരമോന്നത നീതിന്യായപീഠങ്ങള്‍ വരെ വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്കുന്ന ജില്ലാ കളക്ടറുടെ നടപടി ഭരണഘടനാ ലംഘനവും നിലവിലെ നിയമങ്ങളോടുളള വെല്ലുവിളിയുമാണ്.
പൊതുതോടുകളും, കുളങ്ങളും, റോഡുകളും കൈയേറി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ആരേയും ഒരു നിയമവും അനുവദിക്കുന്നില്ല. കമ്പനിയുടെ താല്പര്യങ്ങള് മാത്രം സംരക്ഷിക്കുന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ ജനങ്ങളെ വഞ്ചിക്കുകയും ദ്രോഹിക്കുകയുമാണ് ചെയ്യുന്നത്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി കമ്പനിക്ക് ഒത്താശകള്‍ ചെയ്തു കൊടുക്കുന്ന ഭരണകൂടം നീതിന്യായ പീഠത്തിന്റെ മുന്നില്‍ കുറ്റക്കാരാണ്.
ശിക്ഷ ഏറ്റു വാങ്ങുവാന്‍ എംഎല്‍എയും, എംപിയും, മന്ത്രിമാരും ഉണ്ടാവില്ലെന്ന് ജില്ലാഭരണകൂടം മനസ്സിലാക്കണം. പൊതുജനങ്ങളുടെ ആവലാതികള്‍ക്ക് നിയമപരമായ പരിഹാരം കാണേണ്ട കളക്ടറും ജില്ലാ ഭരണകൂടവും കമ്പനിയോടല്ല ജനങ്ങളോടാണ് പ്രതിബദ്ധത കാട്ടേണ്ടത്.
വിമാനത്താവളത്തിന് വേണ്ടി മന്ത്രിമാരുടെ നിയമവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെന്ന കാരണത്താല്‍ അഞ്ച് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പടെ 48 റവന്യു ഉദ്യോഗസ്ഥരെയാണ് പത്തനംതിട്ടയില്‍ നാളിതുവരെ സ്ഥലം മാറ്റിയത്. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുവാനുളള ഇച്ഛാശക്തി കളക്ടര്‍ കാട്ടണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: