തൃശൂര്‍: ”പാപികള്‍ക്ക് സ്വര്‍ഗരാജ്യം നല്കാന് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ വരും. ക്രിസ്ത്യന്‍ മതം സ്വീകരിച്ചില്ലെങ്കില്‍ നരകത്തിലെത്തുമെന്ന് പറയും. ഒരു ദിവസം ഞാന്‍ ചോദിച്ചു. എവിടെയാണ് സ്വര്‍ഗം? ബത്ലഹേമില്. റവറന്റ് മറുപടി നല്കി. നിങ്ങള്‍ക്ക് ബത്ലഹേമെങ്കില് എനിക്ക് നാഗാലാന്റാണ് സ്വര്‍ഗം. ഞാന്‍ തിരിച്ചടിച്ചു. എന്നാല്‍ അവര്‍ പിന്തിരിഞ്ഞില്ല. ചെകുത്താനെന്ന് വിളിച്ച് ആക്ഷേപിച്ചു. ഒടുവില്‍ വീട്ടില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് പറഞ്ഞു”. ക്രിസ്ത്യന്‍ തീവ്രവാദികള്‍ സമാന്തര ഭരണം നടത്തുന്ന നാഗാലാന്റിലെ മതപരിവര്‍ത്തന ഭീകരതയെക്കുറിച്ച് വിവരിക്കുമ്പോള്‍ അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ പോത്തിംഗ്ഡി ജെലിയാംഗ് ഇടക്കൊന്ന് നിര്‍ത്തി. ”ചിലയിടങ്ങളില്‍ ഇത് തോക്കിന് മുനയിലുമാകാം”.
മതേതര രാജ്യത്ത് സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ ഒരു ജനത നടത്തുന്ന ചെറുത്ത് നില്‍പ്പിന്റെ പാഠങ്ങളാണ് അദ്ദേഹം ‘ജന്മഭൂമി’യോട് പങ്കുവെച്ചത്. ”മതപരിവര്‍ത്തനം വഴി 90 ശതമാനം ക്രൈസ്തവരാണ് ഇന്ന് നാഗാലാന്റിലുള്ളത്. തീര്‍ത്തും ന്യൂനപക്ഷമായ ഹിന്ദുവിഭാഗത്തെ മതപരിവര്‍ത്തനത്തിന് നിരന്തരം വേട്ടയാടുകയാണ്. എല്ലാ ദിവസവും പാതിരിമാരെക്കൊണ്ടുള്ള ശല്യമാണ്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതം മാറ്റം. പരാതിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
ഭീകരസംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (എന്എസ്സിഎന്) നടപ്പിലാക്കുന്നതും ക്രിസ്ത്യന്‍ അജണ്ടയാണ്. നാഗാലാന്റ് ക്രൈസ്തവര്‍ക്ക് എന്നാണ് അവരുടെ ലെറ്റര്‍ പാഡില്‍ പോലും എഴുതിയിരിക്കുന്നത്. മതം മാറ്റപ്പെട്ടവര്‍ ഇപ്പോള്‍ തിരിച്ചുവരാന്‍ തയാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സംഘടനകളുടെ സമാന്തര ഭരണമാണ് നാഗാലാന്റില്‍ നടക്കുന്നത്. യുപിഎ സര്‍ക്കാര്‍ ക്രിസ്ത്യന്‍ മിഷണറിമാരിലൂടെയാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. സര്‍ക്കാര്‍ പണം ഉപയോഗിച്ച് സഭകള്‍ വളര്‍ന്നതല്ലാതെ ജനങ്ങള്‍ക്ക് ഉപകാരമുണ്ടായില്ല. നരേന്ദ്ര മോദിക്കെതിരെ പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചരണം.
ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് പള്ളികളില്‍ നിരാഹാരം സംഘടിപ്പിച്ചു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷടപ്പെടുമെന്നതായിരുന്നു ഭയം. എന്നാല്‍ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ മോദി സര്‍ക്കാര്‍ ജനങ്ങളെ തുല്യമായാണ് പരിഗണിക്കുന്നത്. നാഗക്കാര്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ‘ഭരണകൂട ഭീകരത’യാണെന്ന പ്രചരണവും അദ്ദേഹം തള്ളി. സൈനിക സാനിധ്യം ഭയപ്പെടുന്നവരും രാജ്യദ്രോഹികളാണ് ഇത്തരം പ്രചരണത്തിന് പിന്നില്‍. സൈന്യവും ജനങ്ങളുമായി നല്ല ബന്ധമാണുള്ളത്.
സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഭീകരവാദികളുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. അവര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ട് കഴിഞ്ഞു. ആയുധധാരികളായ ഇവരെ എതിര്‍ക്കാന്‍ സാധാരണക്കാര്‍ ഭയപ്പെടുന്നുവെന്നത് അവര്‍ക്ക് സഹായകമാകുന്നു.
കേന്ദ്രത്തിലെ ഭരണമാറ്റം നാഗാലാന്റിലും മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നു തന്നെയാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. വനവാസി വികാസ കേന്ദ്രം തൃശൂരില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി റാണി ഗൈദിന്ല്യൂ അനുസ്മരണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പോത്തിംഗ്ഡി ജെലിയാംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: