കോട്ടയം: സംസ്ഥാനത്തെ പൊതുമരാമത്ത് ജലവിഭവ ഓഫീസുകള്‍ ഫെബ്രുവരി 2 മുതല്‍ സ്തംഭിപ്പിക്കാന്‍ ഗവ. കരാറുകാര്‍ തയ്യാറെടുക്കുന്നു.
ബില്ലുകള്‍ കുടിശ്ശികയായിട്ട് ഒരു വര്‍ഷമായ പശ്ചാത്തലത്തിലാണിതെന്ന് കേരള ഗവ. കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2014 ജനുവരിയിലെ ബില്ലുകള്‍ ഇതുവരെ മാറിയിട്ടില്ല. വരുന്ന മെയ് മാസത്തിലെ ഈ ബില്ലുകള്‍ മാറാനാകൂ എന്നാണ് അനൗദ്യോഗികമായി അറിയുന്നത്. ഇതോടെ കുടിശ്ശിക കാലാവധി പതിനാറുമാസമാകും.
കടക്കെണിയില്‍പ്പെട്ട് മിക്ക കരാറുകാരും നട്ടംതിരിയുന്ന സ്ഥിതിയിലാണ്. ഇതിനാലാണ് ഓഫീസുകള്‍ സ്തംഭിപ്പിച്ച് ജയില്‍ നിറയ്ക്കല്‍ സമരത്തിന് മുതിരുന്നത്.
ഇപ്പോള്‍തന്നെ രണ്ടായിരത്തി അഞ്ഞൂറുകോടിയോളം രൂപ കരാറുകാര്‍ക്ക് ലഭിക്കാനുണ്ട്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റില്‍ പറഞ്ഞിരിക്കുന്നതടക്കം സംസ്ഥാനത്തെ പണികള്‍ കരാറുകാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഏകദേശം നാലായിരംകോടി രൂപയുടെ പ്രവൃത്തികളാണ് നിശ്ചലമായിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റജി ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: