തിരുവനന്തപുരം: നാഷണല്‍ ഗെയിംസിന്റ ഒരുക്കങ്ങളിലെ അപാകത മറച്ച് വച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രതിനിധികളെ പാട്ടിലാക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഗെയിംസ് സെക്രട്ടറിയേറ്റിന്റെയും ശ്രമം. ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രതിനിധികളെ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും പോലും മാറ്റി നിര്‍ത്താനുള്ള ശ്രമവും ഉണ്ടായി.
നാഷണല്‍ ഗെയിംസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഡോ. എസ്.എം ബാലി, ഗെയിംസ് ടെക്നിക്കല്‍ കണ്ടക്റ്റ് കമ്മിറ്റി ചെയര്മാന് കെ. മുരുകന്, കണ്‍വീനര്‍ എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കുമായി കേരളത്തിലെത്തിയത്. ജിംനാസ്റ്റിക് വേദിയായ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിലും അമ്പെയ്ത്ത് ഉപകരണങ്ങള്‍ എത്തിക്കാത്തതിലും കടുത്ത അതൃപ്തി ഐഒഎ സംഘം പ്രകടിപ്പിച്ചു. എന്നാല്‍ പ്രശ്നങ്ങള്‍ മറച്ച് വച്ച് പ്രഖ്യാപിച്ച ദിവസത്തില്‍ തന്നെ ഗെയിംസ് നടത്തണമെന്നാവശ്യപ്പെട്ട് ഐഒഎ സംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരിക്കുകയാണ് മന്ത്രിയും കൂട്ടരും.
ഗെയിംസിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാനം എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നുമാണ് മന്ത്രി ഐഒഎ പ്രതിനിധി സംഘത്തിന് നല്കിയ വിശദീകരണം. എന്നാല്‍ വിവിധ മത്സരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങാത്തത് സംബന്ധിച്ച് പ്രതിനിധി സംഘത്തിന്റെ ആശങ്കള്‍ക്ക് എല്ലാം ഗെയിംസിന് മുമ്പായി സജ്ജീകരിക്കുമെന്നാണ് മന്ത്രി നല്കിയ മറുപടി. 50 ശതമാനം ഉപകരണങ്ങള്‍ മാത്രമേ നിലവില്‍ എത്തിയിട്ടുള്ളു. ഗെയിംസ് പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവസാന നിമിഷവും ഉപകരണങ്ങള്‍ വാങ്ങാത്തത് അഴിമതിക്ക് കളമൊരുക്കാനാണെന്ന് ആരോപണമുണ്ട്.
സ്റ്റേഡിയങ്ങളുടെ നിലവാരം സംബന്ധിച്ചും പ്രതിനിധി സംഘം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗെയിംസ് നടത്തിപ്പ് സംബന്ധിച്ചുള്ള വിവിധ വിഷയങ്ങള്‍ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും വേണ്ടിയുള്ള സൗകര്യങ്ങള്‍ വിലയിരുത്തി.
ഇന്നും പരിശോധന തുടരും. ഏതൊക്കെ വേദികളില്‍ പരിശോധന നടത്തണം എന്നു തീരുമാനിക്കേണ്ടത് പ്രതിനിധി സംഘത്തിലെ അംഗങ്ങളാണ്. കാര്യവട്ടം സ്റ്റേഡിയം, കൊല്ലം ഹോക്കി സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് എന്നിവിടങ്ങളിലായിരിക്കും പരിശോധന നടക്കുന്നത് എന്ന സൂചനയുണ്ട്. മറ്റു സ്റ്റേഡിയങ്ങളെല്ലാം മുമ്പേ തന്നെ പൂര്‍ത്തീകരിച്ചിട്ടുള്ളതും, ചിലയിടത്ത് ജിടിസിസി അംഗങ്ങള്‍ സന്ദര്ശിച്ചിട്ടുള്ളതുമാണ.
സ്റ്റേഡിയത്തിന് വരുത്തേണ്ട മാറ്റങ്ങള്‍ 15 ദിവസത്തിനകം ക്രമീകരിക്കുമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്. എന്നാല്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിര്‍മ്മാണങ്ങളുടെ ഗുണനിലവാരവും തുടര്‍ പരിശോധനയും നടത്താനാകില്ല. ഇതും പ്രതിനിധി സംഘം പരിശോധിക്കുന്നുണ്ട്.
ടീമുകളുടെ അക്രഡിറ്റേഷന്, താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയവയ്ക്കായി കേരളം ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സംഘം നിരീക്ഷിച്ചു. ടീമുകളുടെ രജിസ്ട്രേഷന്, ഗെയിംസ് നടത്തിപ്പ് എന്നിവസംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുമായും ഫെഡറേഷന് ഭാരവാഹികളുമായും ഐഒഎ പ്രതിനിധി സംഘം ഇന്ന് ചര്‍ച്ച നടത്തും.
ഗെയിംസ് സംബന്ധിച്ച് ഇന്നു വൈകുന്നേരം ഒളിമ്പിക് അസോസിയേഷന് പ്രതിനിധികളുടെ അന്തിമ പ്രഖ്യാപനം ഉണ്ടാവുക. അപാകതകള്‍ ഏറെയുണ്ടെങ്കിലും മൃദുസമീപനം സ്വീകരിക്കാനും നിശ്ചയിച്ച തീയതിയില്‍ തന്നെ ഗെയിംസ് പ്രഖ്യാപിക്കാനും ഒളിമ്പിക് അസോസിയേഷന് പ്രതിനിധികള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: