സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോടിന്റെ മണ്ണിലേക്ക് വീണ്ടുമെത്തുമ്പോള്‍ സാംസ്കാരിക കേരളം ഏറെ പ്രതീക്ഷകളാണ് വച്ചുപുലര്‍ത്തുന്നത്. കാരണം സവിശേഷമായ സാംസ്കാരിക കലാപാരമ്പര്യം കോഴിക്കോട് കാത്തു സൂക്ഷിക്കുന്നുണ്ട്. എം.ടി.വാസുദേവന്‍നായരെ പോലെയുള്ള വിഖ്യാത സാഹിത്യപ്രതിഭകള്‍ ജീവിക്കുന്ന പുണ്യഭൂമിയാണ് കോഴിക്കോട്. തെക്കന്‍ കേരളത്തില്‍ നിന്ന് എത്തി, ദേശകാലങ്ങളിലൂടെയുള്ള സഞ്ചാരത്തിനു ശേഷം സാഹിത്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ പൊന്നുവിളയിച്ച വൈക്കംമുഹമ്മദ് ബഷീറിനെ പോലുള്ളവരെ അടുത്തറിഞ്ഞ ഭൂമിയാണ് കോഴിക്കോട്.
ഗസലും ഹിന്ദുസ്ഥാനി സംഗീതവും കര്‍ണ്ണാടക സംഗിതവും സിനിമാപാട്ടുകളും കഥകളും കവിതകളും നോവലുകളും തിരക്കഥകളും നാടകവും എന്നുവേണ്ട, എല്ലാം കോഴിക്കോട്ട് ഉണ്ട്. കലാസാംസ്കാരിക, നാടക, സിനിമാ പ്രസ്ഥാനങ്ങള്‍ക്ക് വളരെയധികം സ്വാഭാവികമായ വേരോട്ടമുള്ള കോഴിക്കോട്ടേക്ക് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്കൂള്‍ കലോത്സവം വീണ്ടുമെത്തുന്നതില്‍ സന്തോഷിക്കുന്നത് മലയാളി ഒന്നടങ്കമാണ്.
കുഞ്ഞുങ്ങളുടെ കലാപ്രകടനങ്ങള്‍ കണ്ട് മനസ്സുനിറഞ്ഞ് സന്തോഷിക്കാന്‍, അവരെ അനുഗ്രഹിക്കാന്‍ കോഴിക്കോട്ടുകാര്‍ക്ക് ഒട്ടും മടിയില്ല. 21 വരെ നീളുന്ന കലാമാമാങ്കത്തിന് സജീവമാകുന്ന വിവിധ വേദികളില്‍ കോഴിക്കോടന്‍ ജനതയുടെ സാന്നിധ്യം ഉറപ്പാണ്. അതില്‍ കച്ചവടക്കാരുണ്ടാകും, മരപ്പണിക്കാരുണ്ടാകും. കല്ലായിപ്പുഴയിലെ മീന്പിടുത്തക്കാരുണ്ടാകും. ലോറിപ്പണിക്കാരും പഴക്കച്ചവടക്കാരുമുണ്ടാകും. സാധാരണക്കാരുടെ കലാമേളയാകും കോഴിക്കോട്ട് നടക്കുകയെന്നതില്‍ സംശയം വേണ്ട.
കലോത്സവം തുടങ്ങുന്നതിനു മുന്നേ തന്നെ വിവാദങ്ങളും ആരംഭിച്ചുകഴിഞ്ഞിരുന്നു. ആദ്യം വേദിയെ കുറിച്ചായിരുന്നു വാഗ്വാദം. ഇനിയും വിവാദങ്ങളുണ്ടാകാം. വിധികര്‍ത്താക്കളെ കുറിച്ചും വിധി പറച്ചിലിനെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചുമൊക്കെ ആക്ഷേപങ്ങളുണ്ടാകാം. പക്ഷേ അതൊന്നും കലോത്സവത്തിന്റെ വര്‍ണ്ണപ്പൊലിമയുടെ മാറ്റുകുറയ്ക്കില്ല. പത്തരമാറ്റിന്റെ തങ്കംപോലെ അത് തിളങ്ങി നില്ക്കും.
1957ലാണ് സ്കൂള്‍ കലോത്സവം ആരംഭിച്ചത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.സി.എസ്.വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന് തമ്പുരാനും, ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നതാണ് ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി. വെങ്കടേശ്വരയ്യര്‍ അന്ന് ദല്‍ഹിയില്‍ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ കാഴ്ചക്കാരനായിരുന്നു. ഈ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് കേരളത്തിലെയും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടായത്. ജനുവരി 24 മുതല്‍ 26 വരെ എറണാകുളം എസ്ആര്‍വി ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ യുവജനോത്സവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത്.
1975ല്‍ കോഴിക്കോട് നടന്ന കലോത്സവത്തോടെയാണ് സ്കൂള്‍ കലോത്സവം സജീവമായത്. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയവ മത്സര ഇനങ്ങളായി ചേര്‍ത്തത് ഈ വര്‍ഷമായിരുന്നു. കലോത്സവത്തിനു മുന്‍പു നടക്കുന്ന ഘോഷയാത്ര ആരംഭിച്ചതും 1975ലാണ്. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയന്റുകള്‍ നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആണ്‍കുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നല്കുന്ന പതിവ് സ്കൂള്‍ കലോത്സവ ചരിത്രത്തിലെ സുവര്‍ണ്ണ ഏടാണ്. പ്രതിഭാ, തിലക പട്ടങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചതോടെ കലോത്സവത്തിന്റെ പ്രതിഭ മങ്ങിയെന്നകാര്യത്തില് സംശയം വേണ്ട.
1986ല്‍ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതാരംഭിച്ചത്. കവി ചെമ്മനം ചാക്കോയാണ് പ്രതിഭ എന്ന പേരു നിര്‍ദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. 2006ലെ കലോത്സവം മുതലാണ് തിലക,പ്രതിഭാ പട്ടങ്ങള്‍ നല്കുന്ന പതിവ് ഉപേക്ഷിച്ചത്. കലോത്സവത്തില്‍ ആരോഗ്യകരമല്ലാത്ത മത്സരം കൂടുന്നു എന്ന ആരോപണത്തിന്റെ പേരിലായിരുന്നു അത്. 2005ല്‍ തിലകം നേടിയ ആതിര ആര്. നാഥാണ് അവസാനത്തെ തിലക പട്ടമണിഞ്ഞത്. ആ വര്‍ഷം പ്രതിഭാപട്ടം നല്‍കിയതുമില്ല. ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വര്‍ണ്ണക്കപ്പ് നല്കുന്ന പതിവ് 1986മുതല്‍ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന് നായരാണ് 117.5 പവന് തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് പണിതത്.
സംസ്ഥാന സ്കൂള്‍ കലോത്സവം ഇല്ലാത്തൊരു കാലത്തെ കുറിച്ച് നമുക്കിപ്പോള്‍ ചിന്തിക്കാനെ കഴിയുന്നില്ല. സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കാനും വ്യക്തിഗത നേട്ടങ്ങള്‍ക്കുവേണ്ടിയും മത്സരസ്വഭാവത്തോടെ വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷിതാക്കളും രംഗത്തു വന്നതോടെയാണ് കലോത്സവത്തിനിത്രയും വാര്‍ത്താ പ്രാധാന്യം വന്നത്. ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നെങ്കിലും മത്സരസ്വഭാവത്തിനും ജയിക്കുന്നതിനായി കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ക്കും മാറ്റം വന്നിട്ടില്ല. ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നിട്ടും സ്വര്‍ണ്ണക്കപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണവും അതുതന്നെയാണ്.
സ്കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായി ലക്ഷക്കണക്കിനു കുട്ടികളാണ് ഓരോ വര്‍ഷവും യുവജനോത്സവ വേദികളിലൂടെ തങ്ങളുടെ കലാ-സാഹിത്യ വൈഭവം മാറ്റുരച്ചു പരീക്ഷിക്കുന്നത്. കുട്ടികളുടെ കലാ-സാഹിത്യ വൈഭവം പരീക്ഷിക്കപ്പെടാനുള്ള വേദിയെന്നതിനേക്കാളുപരി കേരളത്തിന്റെ സാംസ്കാരിക ഭാവങ്ങളെ ഉത്തേജനം നല്കി തൊട്ടുണര്‍ത്തുക കൂടിയാണ് കലോത്സവങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന കര്‍ത്തവ്യം.
മലയാളി മറന്നുപോയ പലതരം കലാരൂപങ്ങള്‍, നമ്മുടെ സാംസ്കാരിക ഭൂമികയില്‍ നിന്ന് അന്യംനിന്നുപോയ വിവിധങ്ങളായ കലാസൃഷ്ടികള്‍, ഇവയ്ക്കെല്ലാം പുനര്‍ജനിക്കാനുള്ള വേദിയാണ് കലോത്സവങ്ങള്‍. 54 വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലകലാമേള എന്നൊരു ചെറിയ ആശയത്തില്‍ തുടങ്ങി അരനൂറ്റാണ്ടിലൂടെ വളര്‍ന്ന് ഇന്നു കാണുന്ന മഹോത്സവത്തിലെത്തി നില്ക്കുമ്പോള് കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് സ്കൂള്‍ കോലോത്സവം നല്കിയ തിളക്കം എത്രയോ വലുതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. നിരവധി കവികള്‍, കഥാകൃത്തുക്കള്‍, ഗായകര്‍, അഭിനേതാക്കള്‍, നര്‍ത്തകീനര്‍ത്തകന്മാര്‍, ചിത്രകാരന്മാര്….എത്രയെത്ര പ്രതിഭകളാണ് മലയാള മണ്ണില്‍ കലോത്സവവേദികളിലൂടെ പിറവിയെടുത്തത്.
രക്ഷിതാക്കളുടെയും പരിശീലകരുടെയും ആവശ്യത്തില്‍ കവിഞ്ഞുള്ള ഇടപെടലുകളാണ് പലപ്പോഴും കലോത്സവങ്ങളുടെ താളപ്പിഴയ്ക്ക് കാരണമാകുന്നത്. അപ്പീലുകളും കോടതിയിടപെടലുകളും സ്കൂള്‍ കലോത്സവത്തിന്റെ മോശം കാഴ്ചകളാണ്. അതിലുപരി ചിലപ്പോഴെങ്കിലും ഉണ്ടാകുന്ന തര്‍ക്കങ്ങളും പക്ഷപാതപരമായ നിലപാടുകളും ഉത്സവത്തിന്റെ നിറം കെടുത്തുന്നതാകുന്നു. ഉപജില്ലാ കലോത്സവം മുതല്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നു.
പണത്തിന്റെ സ്വാധീനവും വലിയതോതില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുന്‍പ് ഒന്നാം സ്ഥാനത്തിനുവേണ്ടിയായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ എ ഗ്രേഡിനുവേണ്ടി ചെയ്യുന്നു. പണം നല്കി വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതും പക്ഷപാതപരമായി പെരുമാറുന്ന വിധികര്‍ത്താക്കള്‍ കഴിവുള്ളവരെ തഴയുന്നതും പതിവാകുന്നു. തന്റെ കുട്ടിക്ക് എ ഗ്രേഡു നല്‍കാത്തതിന് രക്ഷിതാവും പരിശീലകനും കൂടി വിധികര്‍ത്താവിനെ കൈകാര്യം ചെയ്യുന്ന സംഭവങ്ങളും യുവജനോത്സവ വേദികളിലെ പതിവു കാഴ്ചകളാണ്. ഇത്തരക്കാരുടെ ലക്ഷ്യം കലാപരവും സാംസ്കാരികവുമായ ഉന്നതിയല്ല.
പകരം കലോത്സവത്തില്‍ വിജയിയായാല്‍ പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കും അതുവഴി ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യവും മാത്രമാണ്. കലോത്സവത്തില്‍ കൂടുതല്തിളങ്ങുന്ന കുട്ടിയ്ക്ക്(പെണ്‍കുട്ടിയ്ക്കാണ് മുന്‍തൂക്കം) സിനിമയിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുങ്ങുമെന്നൊരു ചിന്തയും ഇത്തരം’പ്രകടന’ങ്ങള്‍ക്കു പിന്നിലുണ്ട്. കലോത്സവങ്ങളില്‍ നിന്ന് നിരവധി സിനിമാ താരങ്ങളുണ്ടായിട്ടുള്ളതാണ് ഇവര്‍ക്കു പ്രതീക്ഷ നല്‍കുന്നത്. കലോത്സവ വേദികളില്‍ ഇഷ്ടനായികയെ തേടി പ്രമുഖ സിനിമാ സംവിധായകര്‍ കൂടി എത്താന്‍ തുടങ്ങിയത് ഇവരുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകി.
സ്കൂള്‍ കലോത്സവത്തെ ഇത്രകണ്ട് ജനകീയമാക്കുന്നതില്‍ വാര്‍ത്താ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ടെലിവിഷന്‍ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങള്‍ കലോത്സവങ്ങളെ മഹോത്സവങ്ങളാക്കി. ടി.വി ചാനലുകള്‍ വളരെ കൂടുതല്‍ ഉണ്ടായതോടെ വാര്‍ത്തകള്‍ നല്കുന്നതില് മത്സരമായി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ വാര്‍ത്തകളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചാനലുകള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലും പ്രക്ഷേപണത്തിലും എത്രത്തോളം മുന്നോട്ടു പോയെന്നത് നമ്മെ അത്ഭുതപ്പെടുത്തും.കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ മത്സര ബുദ്ധിയാണ് ചാനലുകാര് വാര്‍ത്ത നല്കുന്നതില് കാട്ടുന്നത്.
21-ാം തീയതിവരെ ഇനി കലോത്സവ കാഴ്ചകളാണ്. കോഴിക്കോടിന്റെ നഗരവീഥികളില്‍ ഒരാഴ്ചക്കാലം കലയുടെ നിറഞ്ഞാട്ടം. വിവാദങ്ങളെല്ലാം മാറ്റിവച്ച് നമുക്ക് കലോത്സവത്തെ വരവേല്‍ക്കാം. സാംസ്കാരികമായ ഉന്നതിയും ആഹ്ലാദകരമായ അന്തരീക്ഷവുമാണ് ഓരോ കലോത്സവവും സമ്മാനിക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും സംഘര്‍ഷത്തിനും തര്‍ക്കത്തിനും വാഗ്വാദത്തിനുമുള്ള വേദിയാക്കി അവയെ മാറ്റുന്നുണ്ട്. അപ്പോഴെല്ലാം ഇല്ലാതാകുന്നത് കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയാണെന്ന തിരിച്ചറിവുണ്ടാകണം. രക്ഷിതാവും പരിശിലകനും മാധ്യമപ്രവര്‍ത്തകനും ആ ബോധത്തോടെവേണം പെരുമാറേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: