കേരളത്തിലെ ഇരുത്തംവന്ന നേതാക്കളിലൊരാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ഇന്ന് ഉമ്മന്‍ചാണ്ടിക്ക് ഇരിക്കപൊറുതി ഇല്ലാതായിരിക്കുകയാണ്. അതാകട്ടെ എല്ലാം സ്വയംകൃതാനാര്ത്ഥവും. സോളാര്‍, പാമോയില്‍ കേസുകള്‍ അദ്ദേഹത്തെ പിന്തുടര്ന്നുകൊണ്ടേയിരിക്കുന്നു. എത്രതന്നെ കഴുകിനോക്കിയാലും പാമോയിലിന്റെ വഴുവഴുപ്പില്നിന്നും മുക്തിനേടാന്‍ ഉമ്മന്ചാണ്ടിക്കാവുന്നില്ല. അതിനുപുറമേയിതാ അതേ കേസില്‍പെട്ട ഉദ്യോഗസ്ഥനെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനിച്ചിരിക്കുന്നു.
ആരോപണവിധേയനായ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്നുള്ള ഭരണം എങ്ങിനെയായിരിക്കുമെന്നാണ് ഇനി പ്രബുദ്ധകേരളം കാണാനിരിക്കുന്നത്. കൊട്ടിഘോഷിക്കുന്ന കേരളമാതൃകയില് ഇതുകൂടി കൂട്ടികെട്ടിയാല്‍ സംഗതി ഗംഭീരമായി.
അതല്ല പ്രതി പട്ടികയില്‍ നിലനില്‍ക്കുന്ന ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു എന്നു കേള്‍ക്കേണ്ടിവരുമോ? കുറച്ചുനാളായി കേട്ടുകൊണ്ടിരിക്കുന്നത് അങ്ങിനെയാണല്ലോ. മുന്‍പിന്‍ ആലോചനയില്ലാതെ ഒന്നു പ്രഖ്യാപിക്കും പിന്നീടത് പിന്‍വലിക്കും. പിന്‍വലിക്കും മുന്‍പ് സര്‍ക്കാര്‍ വേണ്ടത്ര പഴി കേട്ടിരിക്കും. ഭരണത്തിലിരിക്കുന്നവരുടെ മുഖഛായയും പ്രതിഛായയുമെല്ലാം കരി ഓയിലില്‍ മുങ്ങിയ കേശവേന്ദ്രകുമാറിനെപോലെയായിമാറിയിരിക്കും.
എഞ്ചിനിയറിംഗ് പൊതുപ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ മിനിമം മാര്‍ക്ക് എടുത്തുകളഞ്ഞ നടപടി തീരുമാനിച്ചതാണ് ഒടുവിലത്തെ സംഭവം. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള മാനദണ്ഡം മുന്‍വര്‍ഷത്തേതുപോലെ തുടരാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കത്തിപടര്‍ന്ന വിവാദത്തിനൊടുവിലാണ് ഇങ്ങനെയൊരു തീരുമാനം. മിനിമം മാര്‍ക്ക് സമ്പ്രദായം ഒഴിവാക്കിയതടക്കം പുതുതായി വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ മന്ത്രിസഭായോഗത്തിലും എതിര്‍പ്പുയര്‍ന്നിരുന്നു.
എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് പത്തുമാര്‍ക്ക് നേടുന്നവര്‍ മാത്രമെ റാങ്ക് പട്ടികയില്‍ ഇടംനേടുകയുള്ളൂ എന്നാണ് ഭേദഗതി ചെയ്തുകൊണ്ടുള്ള തീരുമാനം. എഞ്ചിനിയറിങ് പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് പത്തുമാര്‍ക്ക് നേടിയിരിക്കണമെന്ന സുപ്രധാന നിബന്ധനയാണ് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചത്. അതത് പ്രവേശന പരീക്ഷകളുടെ രണ്ടു പേപ്പറുകളും എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തുകയും യോഗ്യതാ പരീക്ഷയില്‍ നിശ്ചിതമാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശന പരീക്ഷയില്‍ പൂജ്യമോ അതില്‍ത്താഴെ നെഗറ്റീവ് മാര്‍ക്കോ ലഭിച്ചാലും റാങ്ക് പട്ടികയില്‍ ഇടം ലഭിക്കുമെന്നതായിരുന്നു വ്യവസ്ഥ. മിനിമം പത്ത് മാര്‍ക്കെങ്കിലുമില്ലാത്തവരെ പ്രവേശന റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന വ്യവസ്ഥ എടുത്തുകളയാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മന്ത്രിസഭയെടുത്ത തീരുമാനം തുഗ്ലക്കിനെയാണ് ഓര്‍മ്മപ്പെടുത്തിയത്.
ഏതാനും ദിവസം മുന്‍പാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ ദേഹത്ത് കെഎസ്യുക്കാര് കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ നിശ്ചയിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നത്. ഹയര്‍സെക്കന്ററി ഡയറക്ടറായിരിക്കെ കേശവേന്ദ്രകുമാര്‍ എന്ന മിടുക്കനായ ഐഎഎസുകാരനെ ഒരു പ്രകോപനവുമില്ലാതെയായിരുന്നു കരിഓയലില്‍ കുളിപ്പിച്ചത്. കേരളമാകെ ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്ന സംഭവമായിരുന്നു അത്. വളരെ താഴ്ന്ന നിലയില്‍നിന്ന് കഠിനാദ്ധ്വാനം ചെയ്ത് കൂലിപ്പണിചെയ്തു പഠിച്ച് രാജ്യത്ത് 45-ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഈ യുവ ഉദ്യോഗസ്ഥന്റെ അഭിമാനം കരിപുരണ്ടതാക്കിയ പ്രതികള്‍ ആരായാലും അവര്‍ മാപ്പര്‍ഹിക്കുന്നതല്ല.
ആ സംഭവത്തിലെ ഏഴുപ്രതികളില്‍ ആറുപേരെയും ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ശുപാര്‍ശയോടെ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. അത് ശക്തമായ പ്രതിഷേധത്തിന് വഴിവച്ചപ്പോള്‍ ‘സര്‍ക്കാരിന് അധികാരമുള്ള കാര്യമേ ചെയ്തുള്ളൂ’ എന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി അക്ഷരാര്‍ത്ഥത്തില്‍ പരിഹാസ്യനാവുകയായിരുന്നു.
കേള്‍ക്കേണ്ട ആക്ഷേപങ്ങളെല്ലാം കേട്ടശേഷം ഒടുവിലത്തെ തീരുമാനം കേസ് തുടരാന്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയതാണ്. കേശവേന്ദ്രകുമാറിന്റെ മാത്രമല്ല ഐഎഎസ് അസോസിയേഷന്റെയും പൊതുസമൂഹത്തിന്റെയും സംഘടിത ശബ്ദത്തിന് മുന്നില്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ കീഴടങ്ങി എന്നുതന്നെ പറയാം. മദ്യനയത്തിന്റെ കാര്യത്തിലും ബാര്‍ വിഷയത്തിലുമെല്ലാം സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നല്ലൊ. ഇത്രമാത്രം പരിഹാസ്യമായ നയങ്ങളും പിടിപ്പുകെട്ട ഭരണവും കേരളത്തിന് ഭാരവും ശാപമാണെന്ന് പറയേണ്ടിയിരിക്കുന്നു. അഭിമാനം എന്ന നാലക്ഷരം യുഡിഎഫിന്റെ നിഘണ്ടുവിലുണ്ടെങ്കില്‍ എത്രയുംവേഗം ഭരണം മതിയാക്കുന്നതാണ് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: