തിരുവനന്തപുരം: റബറിന് ന്യായവില ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി 19ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച് ഇറക്കുമതി നിയന്ത്രിക്കുക, റബര്‍ അധിഷ്ഠിത ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ ആരംഭിക്കുക, റബറൈസ്ഡ് റോഡ് നിര്‍മാണം നടപ്പാക്കുക, റബറിന് വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും.
റബര്‍ കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേനെ മുഖ്യമന്ത്രി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ലെന്ന് സംയുക്ത കര്‍ഷക സമിതി കണ്‍വീനര്‍ കെ.സി. വിക്രമന്, ചെയര്മാന് അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ ആരോപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ റബറിന് ഏറ്റവും വലിയ വിലയിടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. റബര്‍ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ സര്‍ക്കാരിന് കിട്ടേണ്ട തുക ടയര്‍ മുതലാളിമാര്‍ക്ക് സൗജന്യമായി നല്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: