തിരുവനന്തപുരം: തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ ഗുവാഹത്തി- തിരുവനന്തപുരം എക്സ്പ്രസിന്റെ ലഗേജ് കോച്ച് കത്തി നശിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നു. സംഭവം അന്വേഷിക്കാന്‍ റെയില്‍വേ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണം പാതിവഴിയില്‍. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയില്‍വേ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് അന്വേഷണം നടത്തുന്നുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച നടപടികളും ആരംഭിച്ചിട്ടില്ല.
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഡിപ്പോ എഞ്ചിനീയര്‍, അസിസ്്ററന്റ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ എന്നിവരടങ്ങുന്ന സമിതിയാണ് നിലവില്‍ സംഭവത്തെക്കുറിച്ച് വകുപ്പു തല അന്വേഷണം നടത്തുന്നത്.
ഇവരുടെ അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര റെയില്‍വേ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ അന്വേഷണം ആരംഭിക്കുക. ഷണ്ടിംഗിനായി നിര്‍ത്തിയിട്ടിരുന്ന ബോഗിയില്‍ പട്ടാപ്പകല്‍ ഉണ്ടായ അസാധാരണമായ തീപിടുത്തമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ഷണ്ടിംഗിനായി നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ സാധാരണ ഗതിയില്‍ ബാറ്ററി ഘടിപ്പിക്കാറില്ല.
ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായാലും വയര്‍ കത്തി തീപിടിക്കാത്ത വിധത്തില്‍ പ്രത്യേക സീലിംഗാണ് കോച്ചിനുള്ളിലുള്ളത്. ഈ സാഹചര്യത്തില്‍ ഷോര്‍ട്ട് സര്ക്ക്യൂട്ടിനുള്ള സാധ്യതയും വിരളമാണ്. തീപിടിത്തം ഉണ്ടായ വേളയില്‍ ബോഗിയുടെ വാതില്‍ തുറന്നു കിടക്കുന്ന അവസ്ഥയിലായതിനാല്‍ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്. ലഗേജ് ബോഗിയായതിനാലും ഷണ്ടിംഗിനായി നിര്ത്തിയിട്ടിരിക്കുന്നതിനാലും ഇക്കാര്യത്തില്‍ ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. വകുപ്പു തല സമിതിയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ തുടര്‍ നടപടികള്‍ സാധ്യമാകൂ എന്നതിനാല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് റെയില്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: