പാലക്കാട്: ചന്ദ്രനഗറിലെ വിദേശ ഭക്ഷണാലകള്ക്കു നേരെയുണ്ടായ മാവോയിസ്റ്റ് അക്രമവുമായി ബന്ധപ്പെട്ട്, കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ബുധനാഴ്ച പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ കേസ് പരിഗണിക്കവേ ജഡ്ജി കെ പി ജ്യോതീന്ദ്രനാഥാണ് കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിച്ചത്.
പ്രതികള്‍ സിപിഐ മാവോയിസ്റ്റ് എന്ന നിരോധിത സംഘടനയില്‍ പെട്ടവരാണെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ സി ജി ഹരിദാസ് പറഞ്ഞു. തുടര്‍ന്ന് സംഘടന നിരോധിക്കപ്പെടതാണെന്നതിനും പ്രതികള്‍ സംഘടനയില്‍ പെട്ടവരാണെന്നും തെളിയിക്കുന്ന രേഖകളുണ്ടോയെന്ന് ജഡ്ജി ചോദിച്ചു. ഇവരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റുകളുടെ ലഘുലേഘ കണ്ടെടുത്തതായും സംഘടന നിരോധിക്കപ്പെട്ടതാണെന്നും വിവരങ്ങള്‍ കേസ് ഡയറിയിലുണ്ടെന്നും അഭിഭാഷകന് അറിയിച്ചു. തുടര്‍ന്നാണ് മുഴുവന്‍ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
അതിനിടെ, പ്രതികളെ കോടതിയില്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് 20 ലേക്ക് മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷ ഉള്‍പ്പടെ 20 ന് പരിഗണിക്കും. പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്.
അതിനിടെ, കാസര്‍കോട് ഹോസ്ദുര്‍ഗിലും നീലേശ്വരത്തുംമാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ച സംഭവങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു പ്രേമന് കോടതിയില്‍ ഹാജരായി. അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതി അനുമതിയും നല്കി. ഡിസംബര്‍ 22നാണ് ചന്ദ്രനഗര്‍ ദേശീയപാതയ്ക്കരികിലുള്ള കെഎഫ്സി, മെക്ഡൊണാള്‍ഡ് എന്നീ റസ്റ്റോറന്റുകള്‍ അടിച്ചുതകര്‍ത്തത്.
സംഭവത്തില്‍ കാസര്‍കോട് ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകര്‍ (24), തെക്കേ തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കുമ്പാട്ട് അരുണ്‍ ബാലന് (21) എന്നിവരാണ് പിടിയിലായത്. പ്രതിഭാഗത്തിനുവേണ്ടി ശ്രീപ്രകാശ്, എസ് വിനോദും പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി ജി ഹരിദാസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: