തൃശൂര്‍: അന്താരാഷ്ട്ര നാടകവേദിയില്‍ ഇന്ന് നാല് നാടകങ്ങള്‍. മരണം, ജീവിത മൂല്യങ്ങള്‍, അനശ്വരത എന്നീ ചിന്തകളെ പിന്‍പറ്റിയുള്ള ലെബനനില്‍ നിന്നുള്ള സൗകാക് തീയറ്റര്‍ കമ്പനിയുടെ ‘ഡെത്ത് കംസ് ത്രൂ ദ ഐസ്’ ആണ് ആദ്യം അരങ്ങിലെത്തുക. രണ്ട് അംഗങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് നാടകം മുന്നോട്ട് നീങ്ങുന്നത്. വ്യക്തികളുടെ അനശ്വരതയെ മഹത്വവല്ക്കരിക്കുമ്പോള് കൂട്ടമരണങ്ങള്‍ നിസാരവത്കരിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ നാടകം അന്വേഷിക്കുന്നു. മാധ്യമങ്ങളിലെ മരണചിത്രങ്ങള്‍ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും നാടകം ചര്‍ച്ച ചെയ്യുന്നു. വൈകിട്ട് 3ന് ടെന്റ് തീയറ്ററിലാണ് അവതരണം.
ഗുരുവിന്റെ ശാപം മൂലം കളകളി വേദിയില്‍ നിന്നും നിഷ്കാസിതനായ കലാകാരന്റെ ജീവിതത്തിലെ ദുരന്തങ്ങളെ അവതരിപ്പിക്കുകയാണ് കളിയഛനിലൂടെ. പി.കുഞ്ഞിരാമന് നായരുടെ കവിതയായ കളിയഛന്റെ ഏകാംഗ അവതരണം വൈകിട്ട് 4ന് നാട്യഗൃഹത്തിലാണ് നടക്കുക. കഥകളി കലാകാരനായ പീശപ്പള്ളി രാജീവിന്റെ അവതരണം ആസ്വാദനത്തിന്റെ പുതിയതലം തുറക്കുന്നു. ഏകാംഗ അവതരണത്തിന്റെ ഘടനയില്‍ കഥകളിയുടെ ആംഗികാഭിനവും സങ്കേതങ്ങളും മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ശ്രീരാമന് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘എബൗട്ട് റാം’ വൈകിട്ട് 5.30ന് കെ.ടി.മുഹമ്മദ് തീയറ്ററില്‍ അരങ്ങേറും. ആനിമേഷന്‍, നൃത്തം, പാവകളി തുടങ്ങിയവയുടെ സഹായത്തോടെയാണ് അവതരണം. പാവനാടകത്തെ ജനകീയമാക്കാന്‍ പ്രവര്‍ത്തിക്കുന്ന കത്കഥ പപ്പറ്റ് ആര്‍ട്ട് ട്രസ്റ്റാണ് നാടകം അരങ്ങിലെത്തിക്കുന്നത്.
സ്വിസ് നോവലിസ്റ്റ് മാക്സ് ഫ്രിഷിന്റെ നാടകമാണ് അന്‍ഡോറ. സാഹചര്യം മൂലം ജൂതനായി ജീവിക്കേണ്ടി വരുന്ന ബാലന് ജൂത വിരോധികളാല്‍ വധിക്കപ്പെടുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. മുരളി തീയറ്ററില്‍ വൈകിട്ട് ഏഴിനാണ് അവതരണം. രാവിലെ 10നുള്ള റേഡിയോ നാടകം വിതക്കുന്നവന്റെ ഉപമ പറയുന്നത് ഒരുകൂട്ടം ജയില്‍പ്പുള്ളികളുടെ ജീവിതമാണ്. നിലവിലുള്ള സാമൂഹിക പരിസരം വ്യക്തമാക്കുന്നതിനൊപ്പം വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധവും നാടകം ചര്‍ച്ച ചെയ്യുന്നു. 11.30ന് നാടക ചര്‍ച്ചയും 12.30ന് നാടക പ്രതിഭകളുമായി മുഖാമുഖവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: