കോഴിക്കോട്: നഗരത്തിന് ആഘോഷത്തിന്റെ നാളുകള്‍ സമ്മാനിച്ചുകൊണ്ട് അമ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തിയതോടെയാണ് മേളയ്ക്ക് തുടക്കമായത്.
മേളയുടെ ഔപചാരിക ഉദ്ഘാടനം പ്രധാന വേദിയായ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. രാവിലെ പത്തിന് ബി ഇ എം ഹയര്‍സെക്കന്ററി സ്കൂളില്‍ രജിസ്ട്രേഷന് തുടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് ബീച്ചില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. 50 സ്കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികള്‍ അണിനിരക്കും.
കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. എ ഡി ജിപി: എന്‍. ശങ്കര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുഖ്യവേദിയായ മോഹനത്തില്‍ (മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട്) എത്തിച്ചേരും.
അമ്പത്തഞ്ച് സംഗീതാധ്യാപകര്‍ ചേര്‍ന്നവതരിപ്പിക്കുന്ന സ്വാഗത ഗാനാലാപനവും ദൃശ്യാവിഷ്ക്കാരവും ഉണ്ടായിരിക്കും. ഗാനഗന്ധര്വന് ഡോ.കെ. ജെ. യേശുദാസ് മുഖ്യാതിഥിയാകും. ഉദ്ഘാടനസമ്മേളനത്തിനു ശേഷം ഒന്നാംവേദിയില്‍ മോഹിനിയാട്ട മത്സരം നടക്കും.
17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനുവരി 15 മുതല്‍ 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: