തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനധികൃതമായി ബിഷപ്പ് കെ.പി. യോഹന്നാനു മറിച്ചുവിറ്റ എസ്റ്റേറ്റില്‍ സ്ഥലപരിശോധന നടത്താന്‍ ഉത്തരവ്. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍പ്പെട്ട 2259.59 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റിലാണ് ഹാരിസണ്‍ സ്പെഷ്യല്‍ ഓഫീസറും എറണാകുളം കളക്ടറുമായ എം.ജി. രാജമാണിക്യം 17ന് പരിശോധന നടത്തുക. ഇതിനായി 1957ലെ കേരള ഭൂ സംരക്ഷണ നിയമത്തിലെ റൂള്‍ ആറ് പ്രകാരം ബിഷപ്പ് യോഹന്നാന് നോട്ടീസ് നല്കി. ഹാരിസണ്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തി മറിച്ചുവിറ്റ ഭൂമികള്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുടെ മുന്നോടിയായാണ് സ്ഥലപരിശോധന.
വിവാദ 1600/1923 നമ്പര്‍ ഉടമ്പടിയില്‍ ഉള്‍പ്പെടെ ചെറുവള്ളി എസ്റ്റേറ്റ് 2005ല്‍ 63 കോടി രൂപയ്ക്കാണ് ഹാരിസണ്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഏഷ്യയുടെ പേരില്‍ യോഹന്നാന് മറിച്ചുവിറ്റത്. 1923ല്‍ മലയാളം പ്ലാന്റേഷന് (യുകെ)യുടെ പേരില്‍ ജോണ്‍ മാക്കി എന്ന ഇംഗ്ലീഷുകാരന് ഉണ്ടാക്കിയ വ്യാജ ഉടമ്പടിയാണ് 1600/1923 എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ടിലെ ജോണ്സിക്കിന്സണ് ആന്റ് കമ്പനിയുടെ വാട്ടര്‍മാര്‍ക്കുള്ള പേപ്പറിലാണ് ഉടമ്പടി തയ്യാറാക്കിയതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രാജഭരണകാലത്ത് യഥാര്‍ത്ഥ കരാറുകള്‍ക്ക് ഉപയോഗിച്ചിരുന്ന ശംഖ് മുദ്രയുള്ള വാട്ടര്മാര്ക്കല്ല കരാറിലുള്ളതെന്നും അതിനാല്‍ 1600/1923 നമ്പര്‍ കരാര്‍ ഉടമ്പടി സാധ്യതയില്ലെന്നുമാണ് വിജിലന്‍സ് വ്യക്തമാക്കിയത്. ഈ കരാര്‍ ഉടമ്പടി പ്രകാരം ഭൂമി പോക്കുവരവ് ചെയ്തു നല്കിയ സബ് രജിസ്ട്രാര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുകയും ചെയ്തിരുന്നു.
1600/1923 കരാര്‍ ഉടമ്പടിയില്പ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റാണ് യോഹന്നാന് വാങ്ങിയിട്ടുള്ളതെങ്കിലും വില്‍പ്പന ആധാരത്തില്‍ ഈ ഉടമ്പടിക്കു കീഴില്‍ വരുന്ന സര്‍വ്വേ നമ്പരുകള്‍ ഉപയോഗിച്ചില്ല. യോഹന്നാന്റെ വക്കീല്‍ വിജിലന്‍സിനു നല്കിയ മൊഴിയില്‍ യോഹന്നാനു കൈമാറിയ ഭൂമി 1600/1923 നമ്പര്‍ ഉടമ്പടിയില്പ്പെടുന്നില്ലെന്നാണ്. എന്നാല്‍ 1600/1923ല്‍ വരുന്ന ഭൂമിയാണ് യോഹന്നാന്റെ കൈവശമുള്ളതെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ആധാരം ചമച്ചാണ് ഭൂമി കൈമാറ്റം നടത്തിയെന്ന് വ്യക്തമാകുകയും ചെയ്തു.
ഹാരിസണ്‍ അനധികൃതമായി കൈയടക്കിയ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. തുടര്‍ന്ന് 22,600 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനുശേഷം ഹാരിസണ്‍ അനധികൃമായി മറിച്ചുവിറ്റ ഭൂമികള്‍ സ്ഥലപരിശോധന നല്കി ഏറ്റെടുക്കുന്നതിന് മുന്നോടിയാണ് നോട്ടീസ് നല്‍കിയത്.
കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട് വില്ലേജുകളിലായി 10.005 ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ മറിച്ചുവിറ്റത്. ഇടുക്കിയില്‍ കൊക്കയാര്‍ വില്ലേജില്‍ എന്‍.കെ. മുഹമ്മദലിയുടെ ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള 1666 ഏക്കര്‍ വരുന്ന ബോയ്സ് എസ്റ്റേറ്റ് ഇടുക്കി ശാന്തമ്പാറ വില്ലേജിലെ പെനിസുലാര്‍ പ്ലാന്റേഷന്റെ കൈവശമുള്ള 600 ഏക്കര്‍ ഗൂഡമ്പാറ എസ്റ്റേറ്റ്, പെനിസുലാര്‍ പ്ലാന്റേഷന്റെ സഹോദരസ്ഥാപനമായ ട്രാവന്‍കൂര്‍ റബ്ബര്‍ ടീ എസ്റ്റേറ്റിലെ കൈവശമുള്ള കൊല്ലം അമ്പനാട്ടിലെ 2699.97 ഏക്കര്‍ തെന്മലയില് റിസോര്‍ട്ട് കൈവശം വച്ചിരിക്കുന്ന 707 ഏക്കര്‍ ഭൂമി എന്നിവയുടെ സ്ഥലപരിശോധനക്ക് ഉടന്‍ നോട്ടീസ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: