കോഴിക്കോട്: വാക്കുകള്‍കൊണ്ട് സാഹിത്യസദ്യകളൊരുക്കിയ കഥാകാരന്റെ കൈവിരല്‍ത്തുമ്പുകളില്‍ നാവില്‍ കൊതിയേറ്റുന്ന വിഭവങ്ങളൊരുക്കുന്ന സദ്യയുടെ തമ്പുരാന് ഒന്നു തൊട്ടു. അതൊരു അസുലഭ മുഹൂര്‍ത്തമായിരുന്നു. ജീവിതത്തിന്റെ നാനാ രസങ്ങള്‍ വിരിയിച്ച ഇതിഹാസ സാഹിത്യകാരന് എം ടിയും രസനയുടെ വിവിധ മുകുളങ്ങള്‍ വിരിയിച്ച പഴയിടം മോഹനന് നമ്പൂതിരിയും തമ്മില്‍ കണ്ട നിമിഷം. കഥക്കൂട്ടവും കറിക്കൂട്ടുകളുമില്ലാതെ മൗനം ലയിപ്പിച്ച് ഇരുവരും ചിരിച്ചു. ഒരു നിമിഷം പോലും പുഞ്ചിരിക്കാതെയാവില്ലെന്ന് പറയുന്ന പഴയിടം ചിരിയില്‍ ഭൂലോക പിശുക്കനെന്നു പറയാറുള്ള എം. ടി. വാസുദേവന്‍ നായരുടെ നറുപുഞ്ചിരി നിറയെ ആസ്വദിച്ചു മടങ്ങി.
രണ്ടാമൂഴത്തിന്റെ രചയിതാവിനെ നേരില്‍ കാണണമെന്ന ആഗ്രഹം പൂര്‍ത്തിയായ സന്തോഷത്തിലാണ് സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണപ്പുരയുടെ ചുമതലക്കാരന് പഴയിടം മോഹനന് നമ്പൂതിരി. പഴയിടത്തിന് കോഴിക്കോട്ടെ ദൗത്യം പത്താമൂഴം. എന്നാല്‍, ഫോട്ടോഗ്രാഫര്‍മാരും പത്രക്കാരും വിവരമറിഞ്ഞ് എത്താനൊരുമ്പെട്ടപ്പോള് പഴയിടം സ്നേഹപൂര്‍വം അവരെ നിരുത്സാഹപ്പെടുത്തി. ”ഇല്ല, ഇത് എന്റെ സ്വകാര്യ രസാനുഭൂതിയായിത്തന്നെ നില്ക്കട്ടെ. ആ വലിയ മനുഷ്യന്റെ മുമ്പില്‍ ക്യാമറക്കണ്ണുകളുമായി എത്താനല്ല അടുത്ത് നിന്ന് ആ വിരലിലൊന്നു തൊടാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്,” പുഞ്ചിരി മായാതെ പഴയിടം പറയുന്നു. കൂടല്ലൂര്ക്കാരനെ കണ്ട് ഒരു കാര്യം കൂടി പറഞ്ഞു, കോട്ടയം കുറിച്ചിത്താനം സ്വദേശിയായ പാചകക്കാരന്. ”ഉല്‍സവം കഴിയും മുമ്പ് എന്റെ വെപ്പുപുരയിലൊന്നുവരണം.” വരാമെന്ന് ഗൗരവം വിടാതെ സമ്മതിച്ചെന്ന് പറയുമ്പോഴും പഴയിടം ചിരിക്കുകയാണ്. ആ ചിരിയാണ് ഗൗരവത്തിന്റെ ഹിമാലയന്‍ കൊടുമുടിയെ പുഞ്ചിരിപ്പിച്ചിട്ടുണ്ടാവുക.
ഒരു സംശയം ബാക്കിയായി. പണ്ട് പണ്ട്, വിരാടരാജധാനിയില്‍ പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് വലലനെന്ന പാചകക്കാരനായിരുന്നു ഭീമന്. ആ ഭീമനെക്കുറിച്ചോ അവിടത്തെ അടുക്കള രഹസ്യളെക്കുറിച്ചോ രണ്ടാമൂഴക്കാരനില്നിന്ന് വിജ്ഞാതനായ പഴയിടം എന്തെങ്കിലും ചോദിച്ചറിഞ്ഞിട്ടുണ്ടാവുമോ? അതൊരു രഹസ്യം, വരും ദിവസങ്ങളില്‍ യുവജനോത്സവത്തിന്റെ പാചകപ്പുരയില്നിന്നറിയാം!!
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: