തൃശൂര്‍: ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ക്രിസ്ത്യന്‍ ഭീകരവാദമാണെന്ന് അഖില ഭാരതീയ ശ്രദ്ധ ജാഗരണ്‍ പ്രമുഖ് പി.പി.രമേഷ് ബാബു. വനവാസി കല്യാണ്‍ ആശ്രമം തൃശൂരില്‍ സംഘടിപ്പിച്ച നാഗാലാന്റിലെ സ്വാതന്ത്ര്യസമര സേനാനി റാണി മാ ഗൈദിന്ല്യൂ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ അജണ്ടയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടപ്പിലാക്കുന്നത്. ഭാരതത്തിനും ചൈനയ്ക്കുമിടയില്‍ പ്രത്യേക മത രാജ്യം അവര്‍ സ്വപ്നം കാണുന്നു. ക്രൈസ്തവ രാജ്യത്തിന് വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
റാണി മാ ഗൈദിന്ല്യൂ ജന്മശതാബ്ദി ആഘോഷം റിട്ട.ജില്ലാ ജഡ്ജ് കെ.കെ. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തിനും ഗോത്രവര്‍ഗ്ഗ ഉന്നമനത്തിനും ജീവിതം സമര്‍പ്പിച്ച റാണി ഗൈദിന്ല്യൂവിന് ചരിത്രപുസ്തകങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നാഗാലാന്റിലെ അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ പോത്തിംഗ്ഡി ജെലിയാംഗ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് അഡ്വ.സി.കെ.സജിനാരായണന്‍, ക്ഷേത്രീയ സഹസംഘടനാ കാര്യദര്‍ശി കെ.കെ.സത്യന്, സംസ്ഥാന സംഘടനാ കാര്യദര്‍ശി ടി.എസ്.നാരായണന് എന്നിവര്‍ സംസാരിച്ചു. പി.കെ.വത്സന് സ്വാഗതവും സി.വി.പ്രേംകുമാര്‍ നന്ദിയും പറഞ്ഞു. നാഗാലാന്റ് കലാകാരന്മാരുടെ കലാപരിപാടിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: