കോഴിക്കോട്: സൂര്യന്റെ ഉത്തരായണത്തിലേക്കുള്ള പ്രവേശനത്തെ സ്വാഗതം ചെയ്ത് കോഴിക്കോട്ട് നടന്ന മകരസംക്രാന്തി യജ്ഞത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കാശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വണ്ടിപ്പേട്ട ബിലാത്തിക്കുളം റോഡിലെ പ്രത്യേകം സജ്ജമാക്കിയ കുമാരിഭട്ടനഗറിലാണ് മകരസംക്രാന്തി യജ്ഞം നടന്നത്.
രാവിലെ 7 ന് വേദപാഠശാലയിലെ ബ്രഹ്മചാരിമാരുടെ നേതൃത്വത്തില്‍ വേദ മന്ത്രഘോഷത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് ശുക്ലയജുര്‍വേദീയമായ രാഷ്ട്രഗീതത്തിന്റെ അകമ്പടിയോടെ ധ്വജാരോഹണം നടന്നു. ആഗ്നേയമന്ത്രം ഉരുക്കഴിച്ചു. കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ പി.ടി.വിപിന്‍ദാസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനംചെയ്തു. എന്‍.കെ. രാജന് വൈദിക്, ഇ. ഷിനോജ് വൈദിക്, ബ്രഹ്മചാരിമാരായ ശ്രേയസ്സ് ആര്യ, അജിന് ആര്യ എന്നിവര്‍ നേതൃത്വം നല്കി.സ്ഥലപുണ്യാഹം, പരിക്രമണം, ഉപലേഖനം, ഉദ്ദരണം അഭ്യൂഷണാദികള് സഹിതമുള്ള ശുദ്ധീകരണക്രിയകള്‍ യാജൂഷ വിധിയെ അടിസ്ഥാനമാക്കി നിര്‍വ്വഹിക്കപ്പെട്ടു.
നാലുവേദങ്ങളിലെയും സ്വസ്തി ശാന്തി മന്ത്രങ്ങളും പ്രയോഗിക്കപ്പെട്ട യജ്ഞത്തിന് അഗ്ന്യാധാനം നടത്തിയത് തൈത്തിരീയ വിധി പ്രകാരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: