കൊച്ചി: സംസ്ഥാനത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതുതായി ഒട്ടേറെ സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിനു പന്നില്‍ ദുരൂഹത. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമാണ് ഇത്തരം സംഘങ്ങളുടെ മറവില്‍ നടക്കുന്നതെന്ന്ും സൂചനയുണ്ട് . വകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ തണലില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇത്തരം കടലാസ് സംഘങ്ങള്‍ അധികവും തട്ടിക്കൂട്ടുന്നത്.
ഭരണത്തിന്റെ മറവില്‍ ലക്ഷങ്ങളും കോടികളും നിക്ഷേപം സംഘടിപ്പിക്കുന്ന ഈ സംഘങ്ങള്‍ പിന്നീട് നിര്‍ജ്ജീവമാവുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് ഇത്തരത്തില്‍ ആയിരത്തിലേറെ കടലാസുസംഘങ്ങള് പ്രവര്‍ത്തനമാരംഭിച്ചതായാണ് കണക്ക്. ബ്ലേഡ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി വന്നതും ഇത്തരക്കാരെ പുതിയ മാര്ഗംതേടാന് പ്രേരിപ്പിച്ചിട്ടുണ്ട്.
സഹകരണ ചട്ടങ്ങളെ പോലും മറികടന്നാണ് പലസംഘങ്ങളും പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.അര്‍ഹതയില്ലാത്ത സംഘങ്ങള്‍ക്കും രജിസ്ത്രേഷന് നല്കാന് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് സഹകരണ രജിസ്ത്രാര്‍ ഓഫീസിലെ ജീവനക്കാര്‍ പറയുന്നു.
ഒരേ പ്രദേശത്തുതന്നെ കോണ്‍ഗ്രസ് എ ഗ്രൂപ്പും ഐഗ്രൂപ്പും വ്യത്യസ്ത സംഘങ്ങള്‍ സ്ഥാപിക്കുന്നുമുണ്ട്. സംസ്ഥാനത്ത്ിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലാണ് കൂണുകള്‍പോലെ പുതിയ സംഘങ്ങള്‍ മുളച്ചുപൊന്തുന്നത്.
സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും വായ്പാ അനുപാതത്തില്‍ സഹകരണമേഖല ഓരോ വര്‍ഷവും പിന്നോട്ടാണ്. കാര്‍ഷികമേഖലയില്‍ കഴിഞ്ഞവര്‍ഷം അനുവദിക്കപ്പെട്ട 9000 കോടിയില്‍ സഹകരണ മേഖലയുടെ സംഭാവന 800 കോടിയില്‍ താഴെ മാത്രമാണ്. അതായത് പത്തുശതമാനത്തില്‍ താഴെ മാത്രം. വിദ്യാഭ്യാസ വായ്പ പോലുള്ളവയും സഹകരണ സംഘങ്ങള്‍ നല്‍കുന്നില്ല.
കോടികളുടെ നിക്ഷേപം സ്വീകരിച്ചതായി കാണിക്കുന്ന ചില സഹകരണ സംഘങ്ങള്‍പോലും പിന്നീട് ഈ പണം വിനിമയം ചെയ്യുന്നതായി കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ കളളപ്പണം സൂക്ഷിക്കാനുള്ള സുരക്ഷിത താവളമായാണ് ഇത്തരം ചില സംഘങ്ങളെങ്കിലും പ്രവര്‍ത്തിക്കുന്നതെന്ന് രജിസ്ത്രാര്‍ ഓഫീസിലെ ചില ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. സഹകരണ നിക്ഷേപത്തിന്മേല് കാര്യമായ പരിശോധനക്കും മറ്റും സംവിധാനമില്ലാത്തതിനാല്‍ ഇത്തരക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമാണിത്.
സംസ്ഥാനത്ത് മുന്‍പും കള്ളപ്പണ മാഫിയ സഹകരണ മേഖലയെ ദുരുപയോഗം ചെയ്യാറുണ്ടെങ്കിലും സി.എന്‍ ബാലകൃഷ്ണന് വകുപ്പ് മന്ത്രിയായ ശേഷമാണ് കൂണുകള്‍ പോലെ പുതിയ സംഘങ്ങള്‍ മുളച്ചുപൊന്തിയത്. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണ വിധേയമാക്കണമെന്ന് സഹകരണ മേഖലയില്‍ നിന്നുതന്നെ ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: