കൊച്ചി: സിപിഎം എറണാകുളം ജില്ലാസമ്മേളനത്തില്‍ നേതാക്കളുടെ ഭൂമാഫിയ ബന്ധം ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചു. ജില്ലാ സെക്രട്ടറി സി.എം.ദിനേശ്മണി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് നേതാക്കളുടെ ഭൂമാഫിയ ബന്ധം വ്യക്തമാക്കിയത്. വിഎസ് പക്ഷനേതാക്കളെ ഉദ്ദേശിച്ചാണ് ദിനേശ്മണി ഭൂമാഫിയ ബന്ധം അവതരിപ്പിച്ചതെന്ന് വ്യക്തം. നെടുമ്പാശ്ശേരിയില്‍ 150 ഏക്കര്‍ നെല്‍വയല്‍ ഒരു സ്വകാര്യ കമ്പനിക്ക് നികത്താന്‍ കൂട്ടുനിന്നെന്ന ആരോപണത്തില്‍ വിഎസ് പക്ഷത്തെ ഒരു പ്രമുഖ നേതാവ് പാര്‍ട്ടി അന്വേഷണം നേരിടുന്നുണ്ട്. ദിനേശ്മണി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിഎസ് പക്ഷത്തിനെതിരെ രൂക്ഷപരമാര്ശമാണ് നടത്തിയത്.
സിപിഎം നേതൃത്വത്തിലുള്ള എപി വര്‍ക്കി മിഷന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിമര്‍ശനമുണ്ടായി. വിഎസ് പക്ഷമാണ് ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പറവൂരില്‍ കഴിഞ്ഞ ജില്ലാസമ്മേളനത്തിലും എപിവര്ക്കി ആശുപത്രി നടത്തിപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. നേതാക്കളുടെ പണപ്പിരിവിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്. ജില്ലയില്‍ സിപിഎമ്മിലേക്ക് പുതിയതായി ആളുകള്ചേരുന്നില്ലെന്നും, പാര്‍ട്ടിയിലെ വിഭാഗീയത പ്രവര്‍ത്തനത്തിന് തടസ്സമായെന്നും ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറിയേറ്റിന് കൂട്ടുത്തരവാദിത്വം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ഉച്ചതിരിഞ്ഞ് നടന്ന പ്രതിനിധി ചര്‍ച്ചയില്‍ വിഎസ് പിണറായി പക്ഷം ച്ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി. ജില്ലാസമിതിയംഗങ്ങള്‍ ഉള്‍പ്പെടെ 375 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പിണറായി പക്ഷത്തിന് മേല്‍കൈയുള്ള സമ്മേളനത്തില്‍ സമവായത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി ദിനേശ്മണിയെ മാറ്റി സംസ്ഥാന സമിതിയംഗം സി.എന്‍.മോഹനനെ സെക്രട്ടറിസ്ഥാനത്തേക്ക് കൊണ്ടുവരുവാനാണ് പിണറായി പക്ഷത്തിന്റെ നീക്കം. മത്സരം ഒഴിവാക്കുന്നതിന് വേണ്ടി 44 അംഗജില്ലാകമ്മറ്റിയില് വി.എസ്.പക്ഷത്തെ പ്രമുഖരെ നിലനിര്‍ത്താനും പിണറായി പക്ഷം തയ്യാറാകും. എന്നാല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് പക്ഷം കെ.ചന്ദ്രന്‍പിള്ളയെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. 20 ഏരിയ കമ്മറ്റികളില്‍ 9 എണ്ണം കൈപിടിയിലായത് വിഎസ് പക്ഷത്തിന് ആത്മവിശ്വാസമേകിയിട്ടുണ്ട്്. തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്നലെ രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
പ്രവര്‍ത്തിക്കുന്നവര്‍, പ്രവര്‍ത്തിക്കാത്തവര്‍ എന്ന രണ്ടുതരക്കാര്‍ പാര്‍ട്ടിയില്‍ പാടില്ലെന്നു പിണറായി വിജയന് പറഞ്ഞു. പ്രവര്‍ത്തിക്കുന്നവര്‍ക്കേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ പ്രവര്‍ത്തകര്‍ കാത്തു സൂക്ഷിക്കണം. സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്ന ദുഃശീലങ്ങള്‍ക്ക് അടിപ്പെടുന്ന അവസ്ഥ പാര്‍ട്ടി അംഗങ്ങളില്‍ അനുവദിക്കില്ല, അതിനോടു വിട്ടുവീഴ്ചയുമില്ല. ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: