ബെംഗളൂരു: ഭാരതത്തിന്റെ ചൊവ്വ പര്യവേഷണമായ മംഗള്യാന്, ചാന്ദ്രയാന്‍ എന്നിവയുടെയെല്ലാം വിജയശില്‍പ്പികളില്‍ പ്രധാനിയാണ് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കിരണ്‍ കുമാര്‍ ആളൂര്‍ സീലിന്. ഈ രണ്ട് ദൗത്യങ്ങള്‍ക്കും നിര്‍ണ്ണായകമായ ഉപകരണങ്ങളുടെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും പ്രധാനപങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു.
52ല്‍ കര്‍ണ്ണാടകത്തില്‍ ജനനം. 71ല്‍ ബെംഗളൂരുവിലെ നാഷണല്‍ കോളേജില്‍നിന്ന് ബിഎസ്സി ഫിസിക്സില്‍ ഓണേഴ്സ്. ഇവിടെനിന്നുതന്നെ 73ല്‍ ഇലക്ട്രോണിക്സില് ബിരുദാനന്തര ബിരുദം. പിന്നെ ബെംഗളൂരു ഐഐടിയില്‍ പഠനം. 75ല്‍ ഫിസിക്കല്‍ എന്‍ജീനീയറിംഗില്‍ എംടെക്.75ല്‍ അഹമ്മദാബാദിലെ സ്പേസ് ആപഌക്കേഷന്‍ സെന്ററില്‍ പ്രവേശിച്ചു.
ശൂന്യാകാശത്ത് ഉപയോഗിക്കേണ്ട ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇമേജിംഗ് ഇന്‍സ്ട്രമെന്റ്സ് നിര്‍മ്മാണമായിരുന്നു ജോലി. പല അന്താരാഷ്ട്ര വേദികളിലും ഐഎസ്ആര്‍ഒയെ പ്രതിനിധീകരിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെപ്പറ്റിയുള്ള ഐഎസ്ആര്‍ഒ സമിതി അധ്യക്ഷനാണ്. ഭാസ്ക്കര ഉപഗ്രഹം മുതലുള്ള സകല ഉപഗ്രഹവികസനങ്ങളിലും കിരണ്‍കുമാറിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇമേജ് സെന്‍സറുകള്‍ വികസിപ്പിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. ഭാരതത്തിന്റെ ആദ്യ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം ഭാസ്ക്കരയില് (1979) ഉപയോഗിച്ചത് ഈ സെന്‍സറുകളാണ്. ഇന്‍സാറ്റ് 3 ഡിയുടെ ഇമേജിംഗ് ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതും അദ്ദേഹം തന്നെ. ചന്ദ്രന്റെ പ്രതലത്തിന്റെ ഫോട്ടോയെടുക്കാനുള്ള കാമറയും മറ്റും വികസിപ്പിച്ചതും കിരണ്‍കുമാറാണ്.
മംഗള്യാനിനുവേണ്ട അഞ്ച് ഉപകരണങ്ങളില്‍ മൂന്നെണ്ണവും വികസിപ്പിച്ചത് കിരണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ്.
കഴിഞ്ഞവര്‍ഷം(2014) രാജ്യം പദ്മശ്രീ നല്കി ആദരിച്ചിരുന്നു. ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് അവാര്‍ഡ്, വാസ്വിക് അവാര്‍ഡ്, ആസ്ട്രോനോട്ടിക്കല്‍ സൊസൈറ്റിയുടെ അവാര്‍ഡ്, ഐഎസ്ആര്‍ഒയുടെ വ്യക്തിഗത നേട്ടങ്ങള്‍ക്കുള്ള പുരസ്ക്കാരം, ഭാസ്ക്കര അവാര്‍ഡ്, നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയേഴ്സിന്റെ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഇതുവരെ അഹമ്മദാബാദ് സ്പേസ് ആപഌക്കേഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു. ഡോ. കെ രാധാകൃഷ്ണന് ഡിസംബര്‍ 31ന് വിരമിച്ച ഒഴിവിലാണ് കിരണ്‍ കുമാറിന്റെ നിയമനം. കീഴ്വഴക്കപ്രകാരം സ്പേസ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറിയും സ്പേസ് കമ്മീഷണന് ചെയര്‍മാനും 62കാരനായ കിരണ്‍കുമാര്‍ തന്നെയാകും. മൂന്നു വര്ഷത്തേക്കാണ്നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: