കൊച്ചി: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 5000 ഗ്രാമീണ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് 250 മെഗാവാട്ട് വൈദ്യുതി പുതുതായി ഉത്പാദിപ്പിക്കാനുള്ള സംയുക്ത സംരംഭത്തിന് സണ്‍ എഡിസണും ഒമ്നിഗ്രിഡ് മൈക്രോ പവര്‍ കമ്പനിയും തുടക്കമിട്ടു.
പവര്‍ ഗ്രിഡുകളുടെ പിന്തുണയില്ലാത്ത സ്ഥലങ്ങളില്‍ പുനരുപയോഗ സാധ്യതയുള്ള സ്രോതസുകളെ അടിസ്ഥാനമാക്കി ചെറുകിട ഊര്ജ്ജോല്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഒമ്നിഗ്രിഡ് മൈക്രോ പവര്‍ കമ്പനി.
ഒ എം സി യുടെ സാങ്കേതിക മികവ്, വാര്‍ത്താവിനിമയ ശേഷി എന്നിവയും സണ്‍ എഡിസന്റെ പദ്ധതി നിര്‍വഹണ വൈദഗ്ധ്യം, സാമ്പത്തിക മേല്‍നോട്ടം എന്നിവയും കൂടിച്ചേരുമ്പോള്‍ ഈ സംയുക്ത സംരംഭം അത്ഭുതകരമായ ഫലങ്ങള്‍ കൊയ്യുമെന്ന് കമ്പനി മേധാവികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഊര്‍ജ്ജക്ഷാമം നേരിടുന്ന ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് പദ്ധതി അനുഗ്രഹമാകും.
വൈബ്രന്റ് ഗുജറാത്ത് മേളയോടനുബന്ധിച്ച് അഹമ്മദാബാദില്‍ സണ്‍ എഡിസണ് പ്രസിഡന്റും സി ഇ ഓയുമായ അഹമ്മദ് ചാതിലയും ഒ എം സി ചെയര്മാന് സുശീല്‍ ജിവാര്കയും ധാരണാപത്രത്തില്‍ ഒപ്പിട്ടു. രാജ്യത്ത് 60 മിനി ഗ്രിഡുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്നും എല്ലായിടത്തും എപ്പോഴും വൈദ്യുതി ലഭ്യമാക്കണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഇതു സഹായകമാകുമെന്നും സണ്‍ എഡിസണ് ഏഷ്യ-പസഫിക് ഓപ്പറേഷന്‍സ് പ്രസിഡന്റ് പശുപതി ഗോപാലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: